HOME
DETAILS
MAL
വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി മുരളീധരന്‍
backup
August 26 2021 | 03:08 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മലബാര്‍ സമരവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. സി.പി.എം, നിയമസഭാ സ്പീക്കര്‍, വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ എന്നിവര്‍ക്കെതിരേയാണ് മന്ത്രി വര്‍ഗീയ പരാമര്‍ശം നടത്തിയിരിക്കുന്നത്. സി.പി.എമ്മും സ്പീക്കര്‍ എം.ബി രാജേഷും ഐ.എസ് തീവ്രവാദ സംഘടനയുടെ വക്താക്കളാണെന്നാണ് കേന്ദ്രമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരിക്കുന്നത്. ചരിത്രത്തെ വളച്ചൊടിച്ച് സാമുദായിക ധ്രുവീകരണമുണ്ടാക്കാനാണ് സ്പീക്കര്‍ ശ്രമിക്കുന്നത്. നാലു വോട്ടിനു വേണ്ടി സ്പീക്കറും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ചെയ്യുന്നത് സമൂഹത്തോടുള്ള അപരാധമാണെന്നും അദ്ദേഹം പറയുന്നു.
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വര്‍ഗീയവാദിയാണെന്നും മന്ത്രി ആരോപിക്കുന്നു. വാരിയന്‍കുന്നത്തിനെ ഭഗത് സിങ്ങിനോട് താരതമ്യം ചെയ്ത സ്പീക്കര്‍ എം.ബി രാജേഷിന്റെ നടപടിയെ വിമര്‍ശിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍. ഏറനാട്ടില്‍ മാപ്പിള രാജ്യമുണ്ടാക്കാന്‍ ശ്രമിച്ചയാളാണ് വാരിയന്‍കുന്നത്ത്. സ്വന്തം നാട്ടിലെ നിരപരാധികളായ ഹിന്ദുക്കളെ അദ്ദേഹം അരിഞ്ഞുതള്ളി. ബ്രിട്ടീഷുകാര്‍ കൊന്ന കള്ളനും കൊലപാതകിയുമാണ് വാരിയന്‍കുന്നത്ത് എന്നുമൊക്കെയാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. പാര്‍ലമെന്റില്‍ ഭഗത് സിങ്ങിന്റെ പ്രതിമ സ്ഥാപിച്ചത് സി.പി.എം മുന്‍കൈയെടുത്താണെങ്കില്‍ നാളെ വാരിയന്‍കുന്നന്റെ പ്രതിമ പാര്‍ലമെന്റിലോ കേരള നിയമസഭയിലോ സ്ഥാപിക്കാനുള്ള ശ്രമമാണോ നടക്കുന്നതെന്നും മുരളീധരന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."