മലയോര ഹൈവേനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ധാരണ
കോതമംഗലം: വനം വകുപ്പിന്റെ തടസവാദങ്ങളെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടന്ന മലയോര ഹൈവേയില്‍ നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാന്‍ ധാരണയായി. വനം വകുപ്പ് മന്ത്രി കെ രാജുവിന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
യോഗത്തില്‍ ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ്, കോതമംഗലം എം.എല്‍.എ ആന്റണി ജോണ്‍, ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍ എന്നിവര്‍ക്കു പുറമെ പി.ഡബ്ല്യു.ഡി, വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുംപങ്കെടുത്തു.
2015 സെപ്റ്റംബര്‍ മാസത്തിലാണ് മലയോര ഹൈവേയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വനംവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവച്ചത്. മൂന്ന് മീറ്റര്‍ വീതിയില്‍ മലയോരപാതയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്താനായിരുന്നു വനം വകുപ്പിന്റെ അനുമതിയുണ്ടായിരുന്നത്. പാതയില്‍ ആറു കലുങ്കുകള്‍ നിര്‍മ്മിക്കാനും അനുമതിയുണ്ടായിരുന്നു. എന്നാല്‍ നിര്‍മാണ പ്രവൃത്തികള്‍ നടന്നു വരവെ മൂന്നു മീറ്ററിലധികം വീതിയിലാണ് കലുങ്ക് നിര്‍മ്മാണ ജോലികള്‍ പി.ഡബ്ല്യു.ഡി വകുപ്പ് നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി വനംവകുപ്പ് നിര്‍മാണ പ്രവൃത്തികള്‍ തടഞ്ഞു.ഇതോടെ ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ്ജ് വനം വകുപ്പിന്റെ നേര്യമംഗലം റേഞ്ച് ഓഫിസിനു മുന്നില്‍ നിരാഹാര സമരം ഉള്‍പ്പെടെ സമര പരിപാടികളുമായി രംഗത്ത് വന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് മലയോര ഹൈവേ പുനര്‍നിര്‍മിക്കാന്‍ അനുമതിയുണ്ടായത്. ആനക്കയം മുതല്‍ പെരുമ്പന്‍ കുത്ത് വരെ റോഡ് നിര്‍മിക്കാനായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ കേന്ദ്ര വനം, പരിസ്ഥിതി നിയമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പ് അധികൃതര്‍ അന്ന് നിര്‍മാണ ജോലികള്‍ തടഞ്ഞത്. തുടര്‍ന്ന് മുടങ്ങിക്കിടന്ന പ്രവൃത്തികള്‍ തുടരാനാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്. യോഗ തീരുമാനപ്രകാരം ആവറുകുട്ടി മുതല്‍ പെരുമ്പല്‍ കുത്ത് വരെയുള്ള റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ജോയ്‌സ് ജോര്‍ജ്ജ് എം.പിയും ആന്റണി ജോണ്‍ എം.എല്‍.എയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ വനത്തിനുളളില്‍ പാറ പൊട്ടിക്കുന്നതിനും, മരംമുറിക്കുന്നതിനും, ടാര്‍ മിക്‌സ് ചെയ്യുന്നതിനുമുള്ള നിബന്ധനകള്‍ തുടരും
മലയോരപാതയില്‍ ആറാം മൈല്‍ മുതല്‍ മാമലകണ്ടം വരെയുള്ള 27 കിലോമീറ്റര്‍ ദൂരം വനത്തിനുളളിലൂടെയുളള ഭാഗത്ത് 2009ല്‍ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായതാണ്. ബാക്കിയുള്ള 12 കിലോമീറ്റര്‍ ദൂരമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. 1980 ന് മുന്‍പ് വനത്തിനുള്ളിലൂടെ നിലവിലുള്ള റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്യുന്നത് തടസ്സപ്പെടുത്തരുതെന്നും, ദേശീയപാത 49 ല്‍ അധികൃതര്‍ നടത്തുന്ന നിര്‍മ്മാണ ജോലികള്‍ക്കും തടസമുണ്ടാക്കരുതെന്നും വനംവകുപ്പിന് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എം.പിയും എം.എല്‍.എയും അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിമും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."