HOME
DETAILS
MAL
അടുത്ത സീസണില്‍ സപ്ലൈകോ നെല്ല് സംഭരണം സുഗമമാക്കും
backup
August 28 2021 | 03:08 AM
കൊച്ചി: സപ്ലൈകോയുടെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ക്ക് സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ റൈസ് മില്‍ ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ പരിഹാരം. അടുത്ത സീസണില്‍ നെല്ല് സംഭരണം സുഗമമായി നടത്താന്‍ ധാരണയായി.
കടവന്ത്രയിലെ സപ്ലൈകോ ഓഫിസില്‍ നടന്ന ചര്‍ച്ചയില്‍ മില്ലുടമകളുടെ എല്ലാ പ്രശ്‌നങ്ങളും സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. നെല്ല് സംസ്‌കരണ, സംഭരണ കൂലിയിനത്തില്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ തുക തൊട്ടടുത്ത പ്രവൃത്തിദിവസം നല്‍കും. 2018ലെ പ്രളയകാലത്ത് തടഞ്ഞുവച്ച പ്രോസസിങ് ചാര്‍ജില്‍ 4.96 കോടി രൂപ ഒരാഴ്ചയ്ക്കകം നല്‍കും.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കു ശേഷവും മില്ലുടമകള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടായതിനാല്‍ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് തീപിടിത്തം, വെള്ളപ്പൊക്കം തുടങ്ങിയവയുണ്ടാകുന്ന സാഹചര്യത്തില്‍ സംഭരിച്ച നെല്ലിന് കരാറുകാരും സപ്ലൈകോയും തുല്യ ഉത്തരവാദികളായിരിക്കണമെന്ന ആവശ്യത്തിന് അംഗീകാരം നല്‍കി. നെല്ല് സംഭരണ കരാറിലെ ക്ലോസ് 4 ഇത്തരത്തില്‍ മാറ്റി നിശ്ചയിക്കും. നിലവില്‍ ഇത് മില്ലുടമകളുടെ മാത്രം ഉത്തരവാദിത്വമാണ്. അടുത്ത കരാര്‍ മുതല്‍ പുതിയ ക്ലോസ് നിലവില്‍വരും.
മില്ലുടമകള്‍ക്ക് അരി നിറയ്ക്കാനുള്ള ചാക്ക് സപ്ലൈകോ നല്‍കും. നെല്ലിന്റെ കയറ്റിറക്കു കൂലി ക്വിന്റലിന് 12 രൂപ സപ്ലൈകോ നേരിട്ട് കര്‍ഷകര്‍ക്ക് നല്‍കും. കൊവിഡ് സാഹചര്യത്തില്‍ തൊഴിലാളികളുടെ കുറവ് പരിഗണിച്ച് നെല്ല് സംസ്‌കരിച്ച് തിരികെ നല്‍കേണ്ട തിയതി നവംബര്‍ വരെ നീട്ടും. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്.
മറ്റു പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി ഉടന്‍ തീരുമാനമുണ്ടാക്കും. ഈ സാഹചര്യത്തില്‍ മറ്റു സമരങ്ങളിനിന്ന് മില്ലുടമകള്‍ പിന്മാറിയതായും മന്ത്രി അറിയിച്ചു. കേരള റൈസ് മില്ലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കര്‍ണന്‍, സെക്രട്ടറി വര്‍ക്കി പീറ്റര്‍, വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍, സപ്ലൈകോ സി.എം.ഡി പി.എം അലി അസ്ഗര്‍ പാഷ, ജനറല്‍ മാനേജര്‍ ടി.പി സലിം കുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."