ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം പണ്ഡിത മാതൃക
ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം പണ്ഡിത മാതൃക
മുജ്തബ ഫൈസി ആനക്കര
'ഗവണ്‍മെന്റിനോട് ചില കാര്യങ്ങള്‍ ഉണര്‍ത്താനുണ്ട്. ഇവിടെ ഇസ്‌ലാമികമായ വല്ല കാര്യത്തിലും നിങ്ങള്‍ കൈയിടുമ്പോള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ അഭിപ്രായം ആരായണം. എല്ലാ ഭരണകൂടവും അത് ശരിക്ക് മനസിലാക്കണം. കേരളത്തെ സംബന്ധിച്ചിടത്തോളം ചേരമാന്‍ പെരുമാളുടെയും അതുപോലുള്ള പെരുമാക്കന്മാരുടെയും ഭരണകാലമുണ്ടായിരുന്നു. അതേസമയത്ത് സാമൂതിരി മഹാരാജാക്കന്മാരും ഭരിച്ചിരുന്നു. അന്നിവിടെ സാമുദായിക സൗഹാര്‍ദം നിലനിന്നിരുന്നു. യാതൊരുവിധ വര്‍ഗീയതക്കും സ്ഥാനമുണ്ടായിരുന്നുമില്ല. ആ അവസ്ഥ ഇവിടെ നിലനില്‍ക്കണം. ഒരു വര്‍ഗീയതയും പാടില്ല. ഇതിന് നാം ഉണര്‍ന്ന് ചിന്തിക്കണം. സാമുദായിക സൗഹാര്‍ദം അഥവാ ഹിന്ദുമുസ്‌ലിം മൈത്രി നിലനില്‍ക്കണമെങ്കില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നിലനില്‍ക്കണം. അഹ്ലുസുന്നത്തി വല്‍ ജമാഅത്തിനെക്കൊണ്ട് മാത്രമേ സാമുദായിക മൈത്രി ഈ രാജ്യത്ത് നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. വര്‍ഗീയത ഈ രാജ്യത്ത് ആപത്താണെന്ന് നാം മനസിലാക്കണം. പഞ്ചാബിലും മറ്റു സ്ഥലങ്ങളിലും നടമാടുന്ന അക്രമങ്ങള്‍ക്ക് കാരണം വര്‍ഗീയതയല്ലാതെ വേറൊന്നുമല്ല. ഇത്തരം വര്‍ഗീയത ഇന്ത്യക്കുതന്നെ ആപത്തല്ലേ? ഇതില്‍നിന്ന് രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കാന്‍ അഹ്ലുസുന്നത്തി വല്‍ ജമാഅത്ത് നിലനിര്‍ത്തല്‍ എല്ലാ ജനങ്ങളുടെയും ഉത്തരവാദിത്വമാണ്. കാരണം അത് ഒരു പാര്‍ട്ടിയല്ല. മുസ്‌ലിം സമുദായത്തിലെ വിഭാഗീയ ചിന്താഗതിയുമല്ല. ഇസ്‌ലാമിന്റെ യഥാര്‍ഥ രൂപമാണ്'. സമസ്തയുടെ അറുപതാം വാര്‍ഷിക സമ്മേളനത്തില്‍ ശംസുല്‍ ഉലമ നടത്തിയ പ്രഭാഷണത്തിന്റെ ഭാഗമാണിത്. ഇത് കേവലമൊരു പ്രഭാഷണമല്ല. കേരളത്തിന്റെ ചരിത്രവും പാരമ്പര്യവും ബഹുസ്വര സമൂഹത്തിന്റെ സമവാക്യങ്ങളും കൃത്യമായി വിശകലനം ചെയ്തുകൊണ്ട് ഒരു സമുദായ നേതാവ് നടത്തുന്ന സൂക്ഷ്മ പ്രസ്താവനയാണ്. സമസ്തയും അതിന്റെ നേതാക്കളും ഒരു മതേതര രാജ്യത്തിരുന്ന്, മതബോധങ്ങളെ മൂല്യമുള്ളതാക്കി മാറ്റിയത് എങ്ങനെയാണെന്നതിന്റെ മികച്ച ഉദാഹരണമാണിത്.
ലോകചരിത്രത്തില്‍, മതേതര രാഷ്ട്രീയഭൂമികയില്‍ സ്വാധീനം ലഭിക്കാറുള്ളത് ഇസ്‌ലാമിലെ പുരോഗമനവാദികളായ പണ്ഡിതന്മാര്‍ക്കാണ്. ആ പതിവ് പ്രതീക്ഷിച്ചുതന്നെയാണ് കേരളത്തിലെ ബിദഈ കക്ഷികള്‍ രംഗപ്രവേശനം നടത്തിയതും. പക്ഷേ സാമൂഹികവും രാഷ്ട്രീയവുമായ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും പാരമ്പര്യ മുസ്‌ലിംകളെ മുഖ്യധാരയായി നിലനിര്‍ത്താന്‍ സാധ്യമായത് സമസ്ത സ്വീകരിച്ച സവിശേഷ മെക്കാനിസത്തിലൂടെയായിരുന്നു.
ആധുനിക ലോകവീക്ഷണത്തോട് നിരന്തരം കലഹിച്ചുകൊണ്ടിരിക്കേണ്ട വീക്ഷണമാണ് പാരമ്പര്യ മുസ്‌ലിംകളുടേത്. ആധുനികതയോട് സമരസപ്പെടുന്ന സാമൂഹിക മാറ്റങ്ങളുടെ സ്വാഭാവിക പ്രതിഭാസത്തില്‍ ഒലിച്ചുപോകാതെ അവരുടെ വിശ്വാസവും കര്‍മവും സംരക്ഷിക്കപ്പെടുക എന്നത് ഏറെ ശ്രമകരമായ ദൗത്യമായിരുന്നു. അത് വളരെ വിജയകരമായി നടപ്പാക്കുകയായിരുന്നു സമസ്ത.
ഇസ്‌ലാമിക ഖിലാഫത്ത് തകര്‍ന്നതിനുശേഷം ഒരു പ്രദേശത്തെ മുസ് ലിംകളെ സ്ഥിരതയോടെ ഒരേ നേതൃത്വത്തിന് കീഴില്‍ അണിനിരത്താന്‍ ലോകത്ത് മിക്ക മുസ്‌ലിം പ്രദേശങ്ങളിലും സാധ്യമായിട്ടില്ല. പക്ഷേ കേരളത്തില്‍ കഴിഞ്ഞ നൂറു വര്‍ഷമായി മുഖ്യധാരാ മുസ്‌ലിം സമൂഹം ഒരേ നേതൃത്വത്തിന്റെ പിറകില്‍ ഉറച്ചു നില്‍ക്കുന്നത് ചരിത്രത്തിലെ സവിശേഷതയാണ്. കേവല ആള്‍ക്കൂട്ട സംഘടനാ സ്വഭാവംകൊണ്ട് നേടിയെടുക്കാന്‍ കഴിയുന്നതല്ല ഈ അംഗീകാരം. വിശ്വാസികള്‍ അനുഭവിച്ച സുരക്ഷിതത്വത്തിന് അവര്‍ പകരം നല്‍കിയ സമ്മാനമാണിത്.
വിശ്വാസികള്‍ നിരന്തരം പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നത് ആത്മീയ തണലുകളാണ്. സാമുദായിക പ്രതിസന്ധികളില്‍ മുന്നില്‍നിന്ന് സംരക്ഷണം നല്‍കുന്ന പണ്ഡിത കവചങ്ങളെയാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ കേരളത്തിലെ മുസ്‌ലിം സമൂഹത്തിന് ഈ സുരക്ഷിതത്വം അനുഭവിക്കാന്‍ സമസ്തയിലൂടെ അവസരം ലഭിച്ചിരുന്നു. സമസ്തയുടെ അജയ്യതയ്ക്ക് കൈത്താങ്ങായി മാറിയ രണ്ട് നാമങ്ങളാണ് 'ശംസുല്‍ ഉലമയുംഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ കണ്ണിയത്ത് ഉസ്താദും അഹ്മദ് മുസ്‌ലിയാര്‍'.
കണ്ണിയത്ത് ഉസ്താദ് തികഞ്ഞ ആത്മീയജീവിതം നയിച്ചിരുന്ന മഹാപണ്ഡിതനായിരുന്നു. സമസ്തയുടെ പ്രസിഡന്റ് എന്ന കേരളത്തിലെ ഏറ്റവും പ്രിവിലേജുള്ള പണ്ഡിത പദവിയിലിരിക്കുമ്പോഴും നാട്ടിലെ വളരെ സാധാരണക്കാരായ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും അവരുടെ സ്വകാര്യ സന്തോഷങ്ങളില്‍ ആത്മീയ നേതൃത്വം നല്‍കാനും അദ്ദേഹത്തിന് തടസമുണ്ടായിരുന്നില്ല. ഉയര്‍ന്ന പണ്ഡിത ജീവിതത്തിനും സാധാരണക്കാരന്റെ ജീവിതത്തിനും ഇടയിലുള്ള അകലം കുറയ്ക്കുന്ന ആ അപൂര്‍വ പ്രബോധനശൈലി ഒരുപക്ഷേ കേരളത്തിന്റെ മാത്രം പ്രത്യേകതയാവും. ഇത്തരം ചേര്‍ത്തുവയ്പ്പുകളാണ് തങ്ങളുടെ ആത്മീയ പ്രശ്‌നങ്ങളുടെ പരിഹാരമെന്ന് മുസ് ലിം സമൂഹം അനുഭവത്തിലൂടെ തിരിച്ചറിയുകയായിരുന്നു.കണ്ണിയത്ത് ഉസ്താദിനെപ്പോലെയുള്ള ആത്മീയ ജീവിതത്തിന്റെ മാതൃകകള്‍ ശാന്തമായ സമീപനത്തിലൂടെ ആത്മീയപ്രബോധനം നടത്തിയപ്പോള്‍ ആ ആത്മീയതക്കപ്പുറം ധൈഷണികവും സക്രിയവുമായ നേതൃ ഇടപെടലുകളാണ് ശംസുല്‍ ഉലമയെ വ്യത്യസ്തമാക്കിയത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആദര്‍ശരാഷ്ട്രീയസാംസ്‌കാരിക രംഗങ്ങളില്‍ ഇന്നും സ്വീകരിച്ചുപോരുന്ന നിലപാടുകളുടെയെല്ലാം അടിത്തറ ഒരുക്കിയത് ദീര്‍ഘമായ നാലു പതിറ്റാണ്ട് സമസ്തയുടെ അമരത്തിരുന്ന ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ ആയിരുന്നു. സമസ്തയെ ജനകീയവല്‍ക്കരിക്കുന്നതിലും സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും അവഗണിക്കാന്‍ കഴിയാത്ത സംഘടിത ശക്തിയായി സംഘടനയെ മാറ്റുന്നതിലും ശംസുല്‍ ഉലമ നിര്‍വഹിച്ച നയപരമായ ഇടപെടലുകള്‍ അവരുടെ അസാമാന്യ നേതൃപാടവത്തിന്റെ അടയാളങ്ങളാണ്. മതേതര രാജ്യത്ത്, യാതൊരു അധികാര വ്യവഹാരങ്ങളുടെയും ഭാഗമാകാതെ തന്നെ തീര്‍ത്തും പാരമ്പര്യവാദികളെന്ന് വിലയിരുത്തപ്പെടുന്ന സമസ്തയെപ്പോലുള്ള പണ്ഡിത കൂട്ടായ്മയെ പൊതുരംഗത്തുള്ളവര്‍പോലും ആദരവോടെ പരിഗണിക്കുന്ന പതിവുകള്‍ രൂപപ്പെട്ടുവന്നത് ശംസുല്‍ ഉലമയുടെ കാലഘട്ടത്തിലായിരുന്നു. വിലപേശലുകളില്‍ വഴങ്ങാത്ത, ഭൗതികതയുടെ ചങ്ങലകളില്‍ ബന്ധിതമല്ലാത്ത ആദര്‍ശ നിലപാടുകളുടെ പേരായിരുന്നു ശംസുല്‍ ഉലമ. എല്ലാവര്‍ക്കും ആ പണ്ഡിത ജീവിതത്തില്‍ പാഠങ്ങളും മാതൃകകളുമുണ്ടായിരുന്നു.
അഹ്ലുസ്സുന്നത്തി വല്‍ ജമാഅയുടെ ആദര്‍ശത്തിന്റെ വേരുകളില്‍ ചെറുവിള്ളലുകള്‍ വീഴ്ത്താന്‍പോലും അദ്ദേഹം സമ്മതിച്ചിരുന്നില്ല. മുസ് ലിം സമൂഹം നേരിടുന്ന രാഷ്ട്രീയപ്രതിസന്ധികളില്‍ പ്രതികരിക്കുമ്പോള്‍ പോലും സുന്നത്ത് ജമാഅത്തിനെ നിരന്തരം പരാമര്‍ശിച്ചുകൊണ്ടേയിരുന്നു. പൊതുബോധത്തിന്റെ താല്‍പര്യങ്ങള്‍ക്കപ്പുറം തങ്ങളുടെ താല്‍പര്യങ്ങളെ പൊതുബോധമാക്കി മാറ്റുകയായിരുന്നു ശംസുല്‍ ഉലമ. മതമൈത്രിയെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചുമൊക്കെ നിരന്തരം സംസാരിച്ചിരുന്ന ശംസുല്‍ ഉലമ മതേതര താല്‍പര്യങ്ങള്‍ക്കനുസരിച്ച് സുന്നത്ത് ജമാഅത്തിനെ ബോധപൂര്‍വം മറച്ചുവയ്ക്കുകയായിരുന്നില്ല, മറിച്ച് പാരമ്പര്യ മുസ്‌ലിം കള്‍ പിന്തുടരുന്ന അഹ്ലുസ്സുന്നത്തി വല്‍ ജമാഅയുടെ ആശയധാരക്ക് മാത്രമാണ് ഇന്ത്യയുടെ ബഹുസ്വര സമൂഹത്തില്‍ സത്യസന്ധമായി മുസ്‌ലിം സമൂഹത്തെ പ്രതിനിധീകരിക്കാന്‍ കഴിയുകയുള്ളൂ എന്ന് നിരന്തരം ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു. മറ്റു പല അവാന്തരകക്ഷികള്‍ക്കും വിപ്ലവ താല്‍പര്യങ്ങളും രാഷ്ട്രീയ നേട്ടങ്ങളും ഹിഡന്‍ അജന്‍ഡകളായിട്ടുണ്ട് എന്ന് ഓര്‍മപ്പെടുത്തുകയും ചെയ്തു. ഈ മുന്നറിയിപ്പുകളെ അതതു കാലഘട്ടത്തിലെ സര്‍ക്കാരും രാഷ്ട്രീയ കക്ഷികളും ഗൗരവത്തില്‍ മുഖവിലയ്‌ക്കെടുത്തിട്ടുണ്ട് എന്നുതന്നെ വേണം കരുതാന്‍. കാരണം, കാപട്യമില്ലാത്ത രാഷ്ട്രീയ നിലപാടുകളായിരുന്നു സമസ്തയുടേത്. അതിന്റെ അടിത്തറയെക്കുറിച്ച് കൃത്യമായ ബോധവല്‍ക്കരണവും ശംസുല്‍ ഉലമ നടത്തിയിട്ടുണ്ട്.
രാഷ്ട്രീയം എന്ന ആശയം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. അത് ക്ഷേമരാഷ്ട്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഓരോ പൗരനോടും നേരിട്ട് ബന്ധപ്പെടുന്ന വിശാലാര്‍ഥത്തിലുള്ള കാഴ്ചപ്പാടാണ്. അതിനകത്ത് സത്യസന്ധമായി ഇടപെടലുകള്‍ നടത്താന്‍ കഴിയുന്ന വിഭാഗമാണ് ഭൗതിക ചങ്ങലകളില്ലാത്ത പണ്ഡിതന്മാര്‍. അധികാരം, ഭൗതിക പദവികള്‍ തുടങ്ങിയവയൊന്നും താല്‍പര്യമില്ലാത്ത പണ്ഡിത നേതൃത്വങ്ങളെ സമുദായം സ്ഥിരതയോടെ പിന്തുടരും. അതിനാല്‍ തങ്ങള്‍ക്ക് അവഗണിക്കാന്‍ പറ്റാത്ത വിഭാഗമായി സമസ്തയെ ഓരോ കാലഘട്ടത്തിലെയും ഭരണകൂടങ്ങള്‍ പരിഗണിച്ചിരുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ക്കപ്പുറത്തെ കൃത്യമായ രാഷ്ട്രനിര്‍മാണ സന്ദേശങ്ങളെ നിരന്തരം തന്റെ പ്രഭാഷണങ്ങളിലൂടെ ശംസുല്‍ ഉലമ സൂചിപ്പിക്കുകയും ചെയ്തിരുന്നു.
മുസ്‌ലിം സമൂഹം ഏതൊക്കെ തരത്തിലുള്ള ഭൗതിക പ്രതിസന്ധികള്‍ നേരിട്ടാലും പാരമ്പര്യ മുസ്‌ലിം വിശ്വാസികള്‍ ആദര്‍ശത്തില്‍ ഒരിഞ്ചു വിട്ടുവീഴ്ച വരുത്തരുതെന്ന് ശംസുല്‍ ഉലമയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നുണ്ട്. ബിദഈ കക്ഷികളില്‍ നിന്ന് സമുദായത്തെ അകറ്റിനിര്‍ത്തിയത് ശംസുല്‍ ഉലമ വികസിപ്പിച്ചെടുത്ത പ്രതിരോധ മുറകളുടെ പിന്‍ബലത്തിലാണ്. ഭൗതിക പ്രതിസന്ധികളുടെ മറവില്‍ പാരമ്പര്യ മുസ്‌ലിംകളിലേക്ക് പാലം വെട്ടാന്‍ ശ്രമിച്ചിരുന്ന പുത്തന്‍വാദികളെ തുറന്നുകാട്ടിയിരുന്നു അദ്ദേഹം.
ഇത്തരം നേതാക്കള്‍ക്ക് പിറവി നല്‍കുന്നതില്‍ കാലത്തിനു പൊതുവേ പിശുക്കാണ്. പക്ഷേ ലഭിച്ചാല്‍ മനോഹരമായി വിനിയോഗിക്കുക എന്നതാണ് സമുദായത്തിന്റെ ഉത്തരവാദിത്വം. ശംസുല്‍ ഉലമയുടെയും കണ്ണിയത്ത് ഉസ്താദിന്റെയും നേതൃപാടവത്തെ കേരള മുസ് ലിംകള്‍ വിജയകരമായി വിനിയോഗിച്ചിരുന്നു. ചരിത്രത്തില്‍ ശംസുല്‍ ഉലമയും കണ്ണിയത്ത് ഉസ്താദും അടക്കമുള്ളവരും അവരെ അഭിമാനപൂര്‍വം നെഞ്ചിലേറ്റിയ നിരുപാധികം പിന്തുടര്‍ന്ന പൂര്‍വിക തലമുറയും നമുക്ക് മാതൃകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."