ഇന്ത്യയുടെ ഫലസ്തീൻ നയം അട്ടിമറിക്കപ്പെടുമ്പോൾ
അബ്ദുല്ല വാവൂർ
സ്വാതന്ത്ര്യം നേടിയ കാലം മുതൽ ഒരുമാറ്റവും കൂടാതെ ഇന്ത്യ അവലംബിച്ച വിദേശനയം അട്ടിമറിക്കുകയാണ് മോദി ഭരണകൂടം. ഗസ്സക്കുമേൽ ഇസ്റാഇൗൽ നടത്തുന്ന മനുഷ്യത്വരഹിതമായ ആക്രമണങ്ങളെ അപലപിക്കുന്നതിനു പകരം എൻ.ഡി.എ സർക്കാർ ചെയ്തത് ഇസ്റാഇൗലിന് പരസ്യമായ പിന്തുണ പ്രഖ്യാപിക്കുകയാണ്. ഫലസ്തീനിൽ ജൂതന്മാരെ അധിനിവേശം നടത്താൻ എല്ലാ പിന്തുണയും നേതൃത്വവും വഹിച്ചിരുന്ന പല രാജ്യങ്ങളും ഇപ്പോഴത്തെ ഇസ്റാഇൗൽ നടപടികളെ പൂർണമായും അംഗീകരിക്കുന്നില്ല. അവിടെയാണ് നാളിതുവരെ ഫലസ്തീനികൾക്കൊപ്പം നിന്ന ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ കാതലായ ചുവടുമാറ്റം.
രണ്ടാംലോക മഹായുദ്ധാനന്തരം ഫലസ്തീനിൽ പുണ്യഭൂമിയുടെ പേരിൽ ജൂത കുടിയേറ്റം വൻ ശക്തികൾ പ്രോത്സാഹിപ്പിച്ചപ്പോൾ തന്നെ മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്‌റുവും ഇന്ത്യൻ നാഷനൽ കോൺഗ്രസും ഫലസ്തീനിൽ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിന് എതിരായിരുന്നു. മഹാത്മാ ഗാന്ധിയുടെ ജീവചരിത്രകാരൻ ഡി.ജി ടെണ്ടുൽക്കർ ഗാന്ധിജി പറഞ്ഞതായി ഇവ്വിധം ഉദ്ധരിക്കുന്നു; 'ഫ്രാൻസ് ഫ്രഞ്ചുകാരുടേതും ഇംഗ്ലണ്ട് ഇംഗ്ളീഷുകാരുടേതുമാണെന്നപോലെ ഫലസ്തീൻ അറബികളുടേതാണ്'. നെഹ്‌റുവാകട്ടെ കൊളോണിയൽ ആധിപത്യത്തിന്റെ ഒരു ഉയർന്ന രൂപമായാണ് ഈ പ്രശ്നത്തെ കാണാൻ ശ്രമിച്ചത്.
അറബ് ദേശീയതയുടെ മേൽ ജൂതദേശീയതയെ അടിച്ചേൽപ്പിക്കുകയാണെന്ന് നെഹ്‌റു അഭിപ്രായപ്പെട്ടു. 1947-48 കാലയളവിൽ ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ പ്രശ്നം ചർച്ചക്ക് വന്നപ്പോൾ ഇന്ത്യ ഫലസ്തീനൊപ്പമാണ് നിന്നത്. ഐക്യരാഷ്ട്രസഭയുടെ ഫലസ്തീൻ സംബന്ധിച്ച പ്രത്യേക കമ്മിറ്റിയിൽ ഇന്ത്യ അംഗമായിരുന്നു. ഫലസ്തീൻ വിഭജിക്കണമെന്ന കമ്മിറ്റിയിലെ ഭൂരിപക്ഷ അഭിപ്രായത്തോട് ഇന്ത്യ വിയോജിച്ചു. അക്കാലത്ത് ഫലസ്തീൻ വിഷയങ്ങളിൽ മൗലാന അബുൽകലാം ആസാദിന്റെ ഇടപെടലുകളും ഇന്ത്യയുടെ നയരൂപീകരണത്തിൽ സ്വാധീനിച്ചിട്ടുണ്ട്.
1948 നവംബറിൽ യു.എൻ ജനറൽ അസംബ്ലിയിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്. ആ പ്രസംഗത്തിൽ നെഹ്‌റു പറഞ്ഞു-'ഞങ്ങൾ ഏഷ്യയിലെ കൊളോണിയലിസത്തിന്റെയും സാമ്രാജ്യത്വ അധിനിവേശത്തിന്റെയും പ്രയാസങ്ങൾ അനുഭവിച്ചവരാണ്. അതിനാൽ മറ്റു കോളനി രാജ്യങ്ങൾക്കും സ്വാതന്ത്ര്യം ലഭിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം അനിവാര്യതയായി കണക്കാക്കുന്നു'. ഈയൊരു കാഴ്ചപ്പാടിലാണ് നെഹ്‌റു ഫലസ്തീൻ പ്രശ്നത്തെ സമീപിച്ചത്(ബി.ആർ നന്ദ, ഇന്ത്യൻ ഫോറിൻ പോളിസി).
ഫലസ്തീൻ വിഭജനത്തെ ഐക്യരാഷ്ട്രസഭയിൽ ആദ്യം എതിർത്ത എട്ട് അറബ് ഇതര രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. 1949ൽ ഇസ്റാഇൗലിന്റെ യു.എൻ അംഗത്വത്തെ ഇന്ത്യ എതിർത്തത് ഫലസ്തീനികളെ ജന്മനാട്ടിൽ നിന്ന് ആട്ടിപ്പായിച്ചുണ്ടാക്കിയ ഇസ്റാഇൗലിനെ അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു. ചേരി ചേരാ രാഷ്ട്രങ്ങളുടെ ബാന്തൂങ് സമ്മേളനത്തിൽ ഫലസ്തീൻ പ്രശ്നം നെഹ്‌റു അവതരിപ്പിക്കുന്നുണ്ട്. നെഹ്‌റുവിനു ശേഷം ഇന്ദിരാഗാന്ധിയും ഫലസ്തീനികളെ ചേർത്തുപിടിച്ചു. യാസർ അറഫാത്തിന്റെ നേതൃത്വത്തിൽ പി.എൽ.ഒ എന്ന സംഘടന രൂപീകരിച്ചപ്പോൾ അതിനെ ഫലസ്തീനികളുടെ ആധികാരിക സംഘമായി അംഗീകരിച്ച ആദ്യ രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയായിരുന്നു.
1974നവംബർ 13ന് യാസർ അറഫാത്ത് യു.എൻ ജനറൽ അസംബ്ലിയിൽ ചെയ്ത ചരിത്രപ്രസിദ്ധ പ്രസംഗത്തിൽ (ഒലീവ് ചില്ലയും തോക്കും പ്രസംഗം എന്നാണ് ഇത് അറിയപ്പെടുന്നത്) ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് നന്ദി പറയുന്നുണ്ട്. നിരവധി തവണ അദ്ദേഹം ഇന്ത്യയിൽ വന്നു. ഫലസ്തീൻ എംബസി ഇന്ത്യയിൽ തുറന്നു. രാജീവ് ഗാന്ധിയുടെയും വി.പി സിങ്ങിന്റെയും കാലത്തും ഫലസ്തീനികളോട് ആഭിമുഖ്യം പുലർത്തി. മുസ്‌ലിം ലീഗ് നേതാവും മുൻ വിദേശകാര്യ സഹമന്ത്രിയുമായിരുന്ന ഇ. അഹമ്മദ് ഫലസ്തീൻ ജനതക്ക് സഹായവുമായി 2004, 2007, 2011, 2013 വർഷങ്ങളിലായി നാല് തവണ അവിടെ ഔദ്യോഗിക സന്ദർശനം നടത്തി.
വിദ്യാഭ്യാസ, ശാസ്ത്ര, സാമ്പത്തിക, സാംസ്കാരിക മേഖലയിൽ ഇന്ത്യയുടെ വലിയ സഹായം ഇക്കാലയളവിൽ ഫലസ്തീന് ലഭിച്ചു. ഇ. അഹമ്മദിന്റെ നല്ലൊരു സുഹൃത്ത് കൂടിയായിരുന്നു യാസർ അറഫാത്ത്.
പല സന്ദർഭങ്ങളിലായി ഇന്ത്യ മില്യൺ കണക്കിന് ഡോളർ ഫലസ്തീന് സഹായമായി നൽകി. ഇപ്പോൾ ഇസ്റാഇൗൽ ബോംബിട്ട് തകർത്ത ഗസ്സയിലെ അൽ അസ്ഹർ സർവകലാശാലയിൽ കെട്ടിടം പണിയാൻ ഇന്ത്യ സഹായം നൽകിയിരുന്നു. നെഹ്‌റുവിന്റെ സ്മാരകമായി ഒരു ലൈബ്രറി അവിടെ പണിതുനൽകി. റാമല്ലയിലെ അൽഖുദ്സ് സർവകലാശാലയിൽ ഇന്ത്യ-ഫലസ്തീൻ സെന്റർ ഓഫ് എക്സലൻസ് പ്രവർത്തിക്കുന്നു. ഇന്ത്യയിൽ ഉന്നതപഠനത്തിന് വരുന്ന ഫലസ്തീൻ കുട്ടികൾക്ക് സ്കോളർഷിപ്പും നൽകുന്നുണ്ട്. ഫലസ്തീനുമായുള്ള ഈ പാരസ്പര്യത്തിനാണ് ഇന്ത്യ ഭരിക്കുന്ന എൻ.ഡി.എ സർക്കാർ അവസാനമിട്ടിരിക്കുന്നത്.
വാജ്‌പേയി പ്രധാനമന്ത്രിയായ സമയത്ത് ഏരിയൽ ഷാരോൺ എന്ന ഇസ്റാഇൗൽ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിച്ചു. ആദ്യമായി ഇന്ത്യയിൽ വരുന്ന ഇസ്റാഇൗൽ പ്രധാനമന്ത്രിയാണ് അദ്ദേഹം. രാജ്യമൊട്ടാകെ പ്രതിഷേധം ഉയർന്നെങ്കിലും ഭരണകൂടം കാര്യമാക്കിയില്ല. ആഭ്യന്തരമന്ത്രി എൽ.കെ അദ്വാനി ഇസ്റാഇൗലും സന്ദർശിച്ചു. മൻമോഹൻ സിങ്ങിന്റെ കാലത്ത് ഫലസ്തീനുമായി ഇന്ത്യ കൂടുതൽ അടുക്കുകയും സഹായങ്ങൾ എത്തിക്കുകയും ചെയ്തു.
2014ൽ നരേന്ദ്രമോദി അധികാരത്തിൽ വന്നതോടെയാണ് ഇന്ത്യ ഉയർത്തിപ്പിടിച്ച ഫലസ്തീൻ നയം തകർക്കപ്പെട്ടു. 2018 ഫെബ്രുവരി 10ന് മോദി ഇസ്റാഇൗൽ സന്ദർശിച്ചു. ഇസ്റാഇൗൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. ഐക്യരാഷ്ട്രസഭയടക്കമുള്ള അന്താരാഷ്ട്ര വേദികൾ ഇസ്റാഇൗലിന് അനുകൂല നിലപാട് മോദി ഭരണകൂടം തുടർന്നു. ഇന്ന് ഇസ്റാഇൗലിന്റെ ഏറ്റവും വലിയ ആയുധ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഇസ്റാഇൗൽ അവരുടെ ആയുധ വ്യാപാരത്തിന്റെ 42 ശതമാനവും നമ്മുടെ രാജ്യവുമായാണ് നടത്തുന്നത്.
സയണിസ്റ്റ് ആശയസംഹിത പിന്തുടരുന്ന ഇസ്റാഇൗലും ഫാസിസ്റ്റ് ആശയങ്ങൾ പിന്തുടരുന്ന ബി.ജെ.പിയും ആഗോളതലത്തിൽ വർഗീയ പ്രത്യയശാസ്ത്ര പിൻബലം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷങ്ങളുടെ ഉന്മൂലനമാണ് ഇരുകൂട്ടരുടെയും ലക്ഷ്യം. ഇന്ത്യക്ക് ഫലസ്തീൻ ഭീകരതയെ എതിർക്കലാണത്രെ ലക്ഷ്യം! അതിനാണ് അവർ ഇസ്റാഇൗലിന് പിന്തുണ നൽകുന്നത്!
Content Highlights:When India's Palestine policy is subverted
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."