യുദ്ധങ്ങളിലെ ഇരകള്‍
പി. ഇസ്മായില്‍ വയനാട്
ഓരോ യുദ്ധവും ദുരിതങ്ങളുടെ പേമാരിയാണ് മാനവരാശിക്ക് ബാക്കിവയ്ക്കാറുള്ളത്. കൂട്ടമരണങ്ങള്‍, കൂട്ടപ്പലായനങ്ങള്‍, ജനിതക രോഗവ്യാപനം, അനാഥത്വം, അംഗവൈകല്യം, ഭക്ഷ്യക്ഷാമം, സമ്പത്തിന്റെയും ജീവനോപാധികളുടെയും കൂട്ടനാശം, അഭയാര്‍ഥി ക്യാംപുകള്‍ തുടങ്ങി ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്ത നൂറുകൂട്ടം പ്രശ്‌നങ്ങളാണ് യുദ്ധാനന്തരം തല പൊക്കാറുള്ളത്. ചിലരുടെ മനസ്സില്‍ വെറുപ്പായും അസൂയയായും അത്യാര്‍ത്തിയായും രൂപം കൊള്ളാറുള്ള ദുഷ്ടചിന്തകളില്‍ നിന്നാണ് യുദ്ധങ്ങളും കലാപങ്ങളും ആരംഭിക്കാറുള്ളത്. കുറച്ചാളുകളെ മാത്രം ബാധിക്കുന്ന പ്രശ്‌നത്തില്‍ തുടങ്ങുന്ന യുദ്ധങ്ങളും ഏറ്റുമുട്ടലുകളും അവസാനിക്കുമ്പോള്‍ അനേക ലക്ഷം ആളുകളാണ് ഇരകളായി തീരാറുള്ളത്.
ലോക ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ യുദ്ധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അമേരിക്കയാണ്. രാഷ്ട്രം സ്ഥാപിതമായതിന്റെ 245 വര്‍ഷത്തെ ചരിത്രത്തില്‍ 20 വര്‍ഷം മാറ്റിനിര്‍ത്തിയാല്‍ ശേഷിക്കുന്ന വര്‍ഷങ്ങളിലെല്ലാം അമേരിക്ക യുദ്ധത്തിലായിരുന്നു. ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയുടെ വാട്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്ലിക് അഫേഴ്‌സിന്റെ പഠനത്തില്‍ അമേരിക്ക കൊന്നുതള്ളിയവരുടെ കണക്കുകളെ പറ്റി പ്രതിപാദ്യമുണ്ട്. അഫ്ഗാന്‍, സിറിയ, യമന്‍, ഇറാഖ് തുടങ്ങിയ അനേകം രാഷ്ട്രങ്ങളില്‍ അടിച്ചേല്‍പിച്ച യുദ്ധങ്ങളില്‍ 8,01,000 മനുഷ്യ ജീവനുകളാണ് അമേരിക്ക കശാപ്പ് ചെയ്തത്. യുദ്ധവുമായി പുലബന്ധം പോലുമില്ലാത്ത 3,35,745 ഓളം വരുന്ന സാധാരണ ജനങ്ങള്‍ക്ക് വരെ ജീവഹാനി നേരിട്ടു. ഭക്ഷണവും വെള്ളവും ലഭ്യമാവാതെയും യുദ്ധാനുബന്ധ രോഗങ്ങള്‍ ബാധിച്ച് മരിച്ചവരുടെയും കണക്കെടുപ്പില്‍ മരണ സംഖ്യ 31 ലക്ഷം കവിയുമെന്നാണ് അനുമാനിക്കപെടുന്നത്.
1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിലും നാഗസാക്കിയിലും ലിറ്റില്‍ ബോയ്, ഫാറ്റ്മാന്‍ എന്നീ പേരുകളിലറിയപ്പെട്ട അണുബോംബുകള്‍ വര്‍ഷിക്കുമ്പോള്‍ ഉയര്‍ന്നുപൊങ്ങിയ തീനാളങ്ങള്‍ക്കൊപ്പം മലിന മനസ്സില്‍ നിന്ന് ഉരുവം കൊണ്ട താക്കീതിന്റെ സ്വരവും കേട്ടിരുന്നു. ഞങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭൂമിയില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത നാശത്തിന്റെ പെരുമഴ കാണാന്‍ തയാറായിക്കോളൂ എന്ന ഭീഷണി മുഴക്കിയത് അമേരിക്കന്‍ പ്രസിഡന്റ് ഹാരി ട്രൂമാനായിരുന്നു. അത് ജപ്പാനുള്ള മുന്നറിയിപ്പ് മാത്രമായിരുന്നില്ല. തങ്ങളുടെ ചൊല്‍പ്പടിക്ക് വഴങ്ങാത്ത രാജ്യങ്ങളോടും ജനതയോടുമുള്ള ഗര്‍വിന്റെ കൈനീട്ടം കൂടിയായിരുന്നു. വിയറ്റ്‌നാം, ഇറാഖ്, സിറിയ, യമന്‍, അഫ്ഗാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നടത്തിയ യുദ്ധങ്ങളില്‍ പ്രസിഡന്റുമാരായ ലിന്‍ഡണ്‍ ബി. ജോണ്‍സണും റീഗണും ജോര്‍ജ് ബുഷും ബില്‍ ക്ലിന്റനും ട്രംപുമെല്ലാം ഹാരിട്രൂമാന്റെ ശൈലിയാണ് കടം കൊണ്ടത്.
യുദ്ധത്തിലെ ഇരകളില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. ബുള്ളറ്റുകളും ബയണറ്റുകളും മാത്രമല്ല നുണബോംബുകളും ബലാത്സംഗങ്ങളും യുദ്ധങ്ങളില്‍ ആയുധങ്ങളായി മാറുകയാണ്. ലക്ഷക്കണക്കിന് സ്ത്രീകളാണ് പട്ടാളക്കാരുടെ കാമദാഹത്തിന്റെ യാതന പേറി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിതം തള്ളി നീക്കുന്നത്. ബോസ്‌നിയന്‍ വംശഹത്യയില്‍ 20000 ത്തിലേറെ സ്ത്രീകളാണ് ബലാത്സംഗത്തിനിരയായത്. പീഡനമേല്‍ക്കേണ്ടി വന്ന 20 ഓളം സ്ത്രീകളുമായി അലക്‌സാണ്ടര്‍ സ്റ്റിഗ എന്ന മനശ്ശാസ്ത്രജ്ഞന്‍ നേരിട്ടു സംസാരിച്ചതിനു ശേഷം എഴുതിയ മാസ്‌റേപ്പ് എന്ന ഗ്രന്ഥത്തിലെ വിവരണങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഭയം, മാനസിക തകര്‍ച്ച, ശാരീരിക വേദന എന്നിവ മൂലം നിരവധി സ്ത്രീകള്‍ ജീവച്ഛവങ്ങളായി മാറുന്നുവെന്നാണ് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെട്ടത്.
താലിബാന്റെ മടങ്ങിവരവില്‍ അഫ്ഗാനിലും കുട്ടികളും സ്ത്രീകളും ഇരകളായി മാറുന്ന വാര്‍ത്തകളാണ് കാണുന്നതും കേള്‍ക്കുന്നതും. താലിബാന്റെ വരവറിയിക്കലില്‍ കാബൂളിലെ സയ്യിദുല്‍ ശുഹദാ സ്‌കൂളിന് മുന്നിലെ കാര്‍ സ്‌ഫോടനത്തില്‍ 69 വിദ്യാര്‍ഥിനികളാണ് കൊല്ലപ്പെട്ടത്. ഒരു മാസത്തിനുള്ളില്‍ നടന്ന ബോംബ് സ്‌ഫോടനങ്ങളില്‍ നൂറിലേറെ കുട്ടികളാണ് ഇതിനകം കരിക്കട്ടകളായി മാറിയത്. താലിബാന്‍ വരുന്നു, ഞങ്ങളെ സഹായിക്കൂ എന്ന് നിലവിളിച്ച് കൈക്കുഞ്ഞുങ്ങളെ മുള്ളുവേലിക്ക് പുറത്ത് നില്‍ക്കുന്ന അമേരിക്കന്‍, ബ്രട്ടീഷ് പട്ടാളക്കാര്‍ക്ക് എറിഞ്ഞുകൊടുക്കുന്ന അമ്മമാരുടെ കാഴ്ച ആരുടെയും കരളലയിപ്പിക്കുന്നതാണ്. താലിബാന്‍ സേനക്കാരെ ഭയപ്പെട്ട് പലായനം ചെയ്യുന്നവരുടെ കൂട്ടത്തിലും നിരവധി സ്ത്രീകളെയും കുട്ടികളെയും കാണാന്‍ കഴിയും. പോഷകാഹാരക്കുറവ് മൂലം ഒരു കോടിയിലേറെ കുട്ടികളുടെ ജീവന്‍ അപകടത്തിലാണെന്നും ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യവിതരണ ഏജന്‍സിയുടെ കണക്കും പുറത്തു വന്നിരിക്കുകയാണ്. താലിബാനെ പ്രതിരോധിക്കുന്നതിനായി പാഞ്ച്ശീര്‍ താഴ്‌വരയില്‍ തോക്കേന്തി നില്‍ക്കുന്ന കുട്ടികളുടെ ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ആഭ്യന്തര യുദ്ധങ്ങള്‍ കാരണം കഴിഞ്ഞ ദശകത്തില്‍ രണ്ട് കോടി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതായിട്ടാണ് യൂണിസെഫ് കണക്കാക്കിയിട്ടുള്ളത്. അഫ്ഗാന്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഇറാഖ്, മാലി, നൈജീരിയ, സിറിയ, യെമന്‍, തെക്കന്‍ സുദാന്‍ തുടങ്ങിയ നാടുകളില്‍ എഴുത്തും വായനയുമറിയാത്ത ഒരു തലമുറ വളര്‍ന്നുവരുന്നുവെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും ഗൗരവതരമാണ്. ലോകതലത്തില്‍ 2017 മുതല്‍ 420 മില്യന്‍ കുട്ടികള്‍ ജീവിക്കുന്നത് യുദ്ധ മേഖലയിലാണ്. ഓരോ വര്‍ഷവും യുദ്ധങ്ങളില്‍ ഒരു ലക്ഷം കുട്ടികളാണ് കൊല്ലപ്പെടുന്നത്. പട്ടിണിയും യുദ്ധത്തില്‍ പരുക്കേറ്റവര്‍ക്ക് കിട്ടേണ്ട മതിയായ ചികിത്സയുടെയും അഭാവമാണ് മരണ നിരക്ക് കൂട്ടുന്നത്. മാനസിക വിഭ്രാന്തി മൂലമുള്ള സൈനികരുടെ ആത്മഹത്യയും ലോകം നേരിടുന്ന പുതിയ വെല്ലുവിളിയാണ്. യുദ്ധത്തില്‍ മരണപെട്ടതിനേക്കാളും കൂടുതല്‍ സൈനികരെ സ്വയംഹത്യയിലൂടെയാണ് അമേരിക്കക്ക് നഷ്ടമായത്.
സൈനിക ശേഷി വര്‍ധിപ്പിക്കുന്നതിനായി ഓരോ രാഷ്ട്രവും പ്രതിവര്‍ഷം കോടികളാണ് നീക്കിവയ്ക്കാറുള്ളത്. മിലിട്ടറി ബജറ്റ്, കര, വ്യോമ, നാവിക സൈനികരുടെ എണ്ണം, ശമ്പളം, യുദ്ധോപകരണങ്ങള്‍ എന്നിവക്ക് വേണ്ടിയാണ് പണം ചെലവഴിക്കുന്നത്. 730 ലേറെ ബില്യന്‍ ഡോളറാണ് അമേരിക്ക ഓരോ വര്‍ഷവും മാറ്റിവയ്ക്കാറുള്ളത്. ചൈന, റഷ്യ ,സഊദി അറേബ്യ തുടങ്ങിയ നാടുകളും ഭീമമായ തുക പ്രതിരോധ മേഖലയില്‍ ചെലവഴിക്കാറുണ്ട്. ഇന്ത്യയുടെ പ്രതിരോധ ചെലവും ഓരോ വര്‍ഷവും 3.1 ശതമാനം എന്ന നിലയില്‍ വര്‍ധിച്ചിട്ടുണ്ട്. 4.6 ലക്ഷം കോടിയാണ് പ്രതിരോധത്തിനായി കഴിഞ്ഞ വര്‍ഷം ബജറ്റില്‍ പ്രഖ്യാപിച്ചത്. ദാരിദ്ര്യ നിര്‍മാര്‍ജനം, വിദ്യാഭ്യാസ നിലവാരം വര്‍ധിപ്പിക്കല്‍, ആഗോള താപനത്തെ ഫലപ്രദമായി നേരിടല്‍, ഗതാഗത വികസനം, ആരോഗ്യ പരിരക്ഷ, പോഷകാഹാരക്കുറവ്, വരള്‍ച്ച തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി ചെലവഴിക്കേണ്ട തുകയാണ് യുദ്ധത്തിന്റെ പേരില്‍ തുലക്കുന്നത്.
യുദ്ധ വ്യാപാരികള്‍ക്കും അതിന്റെ ഏജന്റുമാര്‍ക്കും ഭരണ പരാജയം മൂടിവയ്ക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഭരണാധികാരികള്‍ക്കുമല്ലാതെ യുദ്ധങ്ങള്‍ മാനവരാശിക്ക് ഒരു തരത്തിലും ഗുണകരമല്ല. അഫ്ഗാനില്‍ രക്ഷക വേഷമണിഞ്ഞെത്തിയ അങ്കിള്‍ സാമിന്റെ കാര്‍മികത്വത്തില്‍ 75 ലക്ഷം കോടി രൂപ ചെലവഴിച്ച് നടത്തിയ 20 വര്‍ഷത്തെ യുദ്ധത്തിലും അഫ്ഗാനൊപ്പം അമേരിക്കക്കും നഷ്ടങ്ങളുടെ കണക്കുകളാണ് പറയാനുള്ളത്. 2440 ലേറെ അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയുണ്ടായി. നിരവധി പേര്‍ക്ക് അംഗവൈകല്യവും ഏറ്റുവാങ്ങേണ്ടി വന്നു. അഫ്ഗാനിലെ സാധാരണക്കാര്‍ ഉള്‍പ്പെടെ 120000 ത്തോളം പേരാണ് മണ്ണോട് ചേര്‍ന്നത്. ജനിച്ച നാട്ടില്‍ 2.7 ലക്ഷം പേര്‍ അഭയാര്‍ഥികളായും മാറി. 20 വര്‍ഷത്തിനു ശേഷം ഒരു രാഷ്ട്രം തന്നെ അനാഥമായതിനെ തുടര്‍ന്ന് നാടും വീടും സമ്പാദ്യവും ഉപേക്ഷിച്ച് രക്ഷയുടെ തുരുത്ത് തേടി ജനങ്ങള്‍ കൂട്ടപ്പലായനം നടത്തുമ്പോഴും യുദ്ധത്തില്‍ ലാഭം കൊയ്തവര്‍ പ്രതിരോധ കമ്പനികളാണ്. റെയ്തിയോണ്‍, ബോയിങ്, ലോക്ക്ഹീഡ് മാര്‍ട്ടിന്‍, നോര്‍ത്ത് റോപ്പ് ഗ്രുമ്മന്‍, ജനറല്‍ ഡൈനാമിക്‌സ് തുടങ്ങിയ കമ്പനികളാണ് ലാഭക്കൊയ്ത്തു നടത്തിയത്.
ഹിരോഷിമ, നാഗസാക്കി ബോംബിങ്ങില്‍ രക്ഷപ്പെട്ട 136700 പേര്‍ ഇന്നും ജീവിച്ചിരിപ്പുണ്ടെന്നാണ് ജപ്പാനിലെ ആരോഗ്യമന്ത്രാലയം ഈയിടെ വെളിപ്പെടുത്തിയത്. അവരില്‍ പലരും യുദ്ധം നടക്കുമ്പോള്‍ പിഞ്ചുകുട്ടികളായിരുന്നു. മാനവരാശി എല്ലാ തരം യുദ്ധങ്ങളില്‍ നിന്നും പിന്തിരിയണമെന്നാണ് ഇക്കഴിഞ്ഞ ഹിരോഷിമ, നാഗസാക്കി ദിനത്തിലും അവര്‍ ലോകത്തോട് ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടത്. ഉറക്കെ സംസാരിക്കാനോ മനസറിഞ്ഞ് ചിരിക്കാനോ സ്‌കൂളില്‍ പോവാനോ കൂട്ടുകാരുമൊത്തു കളിക്കാനോ ഉല്ലാസ യാത്രകളില്‍ പങ്കാളികളാകാനോ അച്ഛനമ്മമാരുടെ താരാട്ടും തലോടലും അനുഭവിക്കാനോ കഴിയാത്ത ആന്‍ ഫ്രാങ്കിനെയും സഡാക്കിയെയും ഐലന്‍ കുര്‍ദിമാരെയും ഷര്‍ബാത്ത് ഗുലയെയും മലാല യൂസഫിനെയും പോലുള്ള ഹതഭാഗ്യരെ സൃഷ്ടിക്കുന്ന യുദ്ധക്കൊതിക്കെതിരായി ഇനിയും ലോകം ഉണരേണ്ടതുണ്ട്. അരുതേ എന്ന് ഉറക്കെ പറയേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."