ചരക്ക് വാഹന കയറ്റിറക്ക് കൂലി ഇനി ലോറി ഉടമകള്‍ നല്‍കില്ല
എന്‍.സി ഷെരീഫ്
മഞ്ചേരി:സംസ്ഥാനത്ത് ചരക്ക് വാഹന വാടകയില്‍ ചരക്ക് കയറ്റി ഇറക്ക് കൂലി ഉള്‍പെടുത്തേണ്ടതില്ലെന്ന തീരുമാനവുമായി ലോറി ഉടമകളുടെ കൂട്ടായ്മ. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ആള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസും ആള്‍ ഇന്ത്യ കോണ്‍ ഫ്രഷന്‍ ഓഫ് ഇടസ് ഓണേഴ്‌സ് അസോസിയേഷനും നേരത്തെ ഈ തീരുമാനം എടുത്തിരുന്നു. കേരളത്തില്‍ ഇതിന്റെ തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കയറ്റ് ഇറക്ക് കൂലി ചരക്ക് ഉടമകള്‍ തന്നെ വഹിക്കുക, ചരക്ക് വാഹന ഉടമകള്‍ക്ക് ചരക്കിന്റെ വാഹന വാടക മാത്രം നല്‍കുക എന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് പ്രചാരണ പരിപാടികള്‍ നടന്നുവരികയാണ്.
തീരുമാനം സംസ്ഥാനത്തും നടപ്പാക്കാനുള്ള ശ്രമത്തിലാണ് ലോറി ഉടമകള്‍. ഇതിന്റെ ആദ്യപടിയെന്നോണം മലപ്പുറം ജില്ലയില്‍ ഇന്ന് മുതല്‍ ചരക്ക് വാഹന വാടകയില്‍ കയറ്റ് ഇറക്ക് കൂലി ഉള്‍പ്പെടുത്തില്ല. മുന്‍കാലങ്ങളില്‍ ചരക്ക് ലോറി മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ലോറി ജീവനക്കാര്‍ ലോറികളില്‍ വേഗത്തില്‍ ചരക്കുകള്‍ കയറ്റി ഇറക്കി തരുന്നതിന് വേണ്ടി കയറ്റിയിറക്ക് തൊഴിലാളികള്‍ക്ക് ചായ പൈസ, അട്ടി കൂലി, മറി കൂലി തുടങ്ങിയ പേരുകളില്‍ ചെറിയ തോതില്‍ പണം നല്‍കിയിരുന്നു.
പരസ്പര സഹകരണത്തിന്റെ ഭാഗമായായിരുന്നു ഇത്. എന്നാല്‍ ഇന്ന് ഇത് അവകാശമാണെന്ന നിലയില്‍ നിര്‍ബന്ധപൂര്‍വ്വം വലിയ സംഖ്യകള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയതോടെയാണ് ലോറി ഉടമകള്‍ പ്രതിസന്ധിയിലായത്. ചരക്ക് കയറ്റിയിറക്ക് കൂലിയും അതുമായി ബന്ധപ്പെട്ട മറ്റു ചിലവുകളും വഹിക്കേണ്ട ബാധ്യത നിയമപ്രകാരം ചരക്കുടമകള്‍ക്കാണെന്ന് ലോറി ഉടമകള്‍ പറഞ്ഞു. കയറ്റിയിറക്ക് കൂലി ചരക്ക് ഉടമകള്‍ നേരിട്ട് നല്‍കുന്ന രീതി നടപ്പിലാക്കുന്നതോടെ ലോറി വാടകയില്‍ കുറവ് വരും. ഇതിന് പുറമെ കയറ്റിയിറക്ക് തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനവും ലഭ്യമാകും. ചരക്കുകളുടെ കയറ്റിയിറക്കുമായി ബന്ധപ്പെട്ട എല്ലാ ചിലവുകളും ചരക്ക് ഉടമകള്‍ നേരിട്ട് നല്‍കുന്ന രീതി പൂര്‍ണമായി നടപ്പിലാക്കാനാണ് തീരുമാനം. ഇതിനായി ജില്ലാതലത്തില്‍ ലോറി ഉടമ സംഘടനകളുടെ സംയുക്തമായി യോഗവും ചേരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."