പച്ചക്കറി സൂക്ഷിക്കാന്‍ സൗകര്യമില്ലാതെ ഹോര്‍ട്ടികോര്‍പ് പ്രതിസന്ധിയില്‍
കോഴിക്കോട്: വേങ്ങേരി കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ വ്യാഴാഴ്ച ലേലത്തിനെത്തിയത് 11.7 ടണ്‍ പച്ചക്കറി. മാര്‍ക്കറ്റില്‍ ലേലം തുടങ്ങിയതിനു ശേഷം ആദ്യമായിട്ടായിരുന്നു ഇത്രയധികം പച്ചക്കറിയെത്തിയത്. ഇതില്‍ ഏഴു ടണ്ണോളം വാങ്ങിയത് ഹോര്‍ട്ടികോര്‍പാണ്. എന്നാല്‍ ഇത്രയധികം പച്ചക്കറി സൂക്ഷിച്ചുവയ്ക്കാന്‍ സൗകര്യമില്ലാതെ ഹോര്‍ട്ടികോര്‍പ് ജീവനക്കാര്‍ പ്രയാസപ്പെടുകയാണ്.
മാര്‍ക്കറ്റില്‍ രണ്ട് മുറികള്‍ മാത്രമാണ് ഹോര്‍ട്ടികോര്‍പിനുള്ളത്. ഇതില്‍ ഇത്രയധികം പച്ചക്കറികള്‍ സംഭരിച്ചു വയ്ക്കുകയെന്നത് പ്രയാസകരമാണ്. അതുകൊണ്ടു തന്നെ പച്ചക്കറികള്‍ ലേലപ്പുരയില്‍ ഉള്‍പ്പെടെ സൂക്ഷിച്ചുവച്ചിരിക്കുകായാണ്. സാധാരണ തിങ്കള്‍, വ്യാഴം ദിവസങ്ങളിലായിരുന്നു ലേലം നടന്നിരുന്നത്.
എന്നാല്‍ ഓണം അടുത്തെത്തിയ സാഹചര്യത്തില്‍ ശനിയാഴ്ച കൂടി ലേലമുണ്ടാകും. അതുകൊണ്ട് പച്ചക്കറികള്‍ ഇന്നുതന്നെ മാറ്റിക്കൊടുക്കേണ്ട സ്ഥിതിയുമുണ്ട്. സൂക്ഷിക്കാന്‍ സൗകര്യമില്ലാത്തതുകൊണ്ട് പച്ചക്കറികള്‍ കേടായിപ്പോകുന്ന സ്ഥിതിയുണ്ടെന്നും ജീവനക്കാര്‍ പറയുന്നു. വിപണന കേന്ദ്രത്തില്‍ ഹോര്‍ട്ടികോര്‍പിന് ബില്‍ഡിങ് നിര്‍മിക്കാന്‍ സ്ഥലം ചോദിച്ച് മാര്‍ക്കറ്റ് അതോറിറ്റി സെക്രട്ടറിയ്ക്ക് കത്തു നല്‍കിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ നടപടിയൊന്നും ഉണ്ടായിട്ടില്ല. സ്ഥലം കിട്ടിയാല്‍ ഹോര്‍ട്ടികോര്‍പ് ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിര്‍മിക്കാനായിരുന്നു തീരുമാനം. എന്നാല്‍ സ്ഥലം ലഭ്യമാകാത്തതുകൊണ്ട് വളരെ പ്രയാസപ്പെട്ടാണ് ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ ദിവസം മലപ്പുറത്തെ വണ്ടൂര്‍ കൃഷി ഭവന്‍ പരിധിയില്‍ നിന്നാണ് കൂടുതല്‍ പച്ചക്കറിയുമെത്തിയത്. അവിടെ വില്‍പന സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. ആവശ്യത്തിന് അനുസരിച്ച് പച്ചക്കറി ലേലത്തില്‍ നല്‍കുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്. രാവിലെ 11 മുതലാണ് ലേലം ആരംഭിക്കുക. അതിന് മുന്‍പായി കര്‍ഷകര്‍ എത്തിച്ച പച്ചക്കറികള്‍ ഇനം തിരിച്ചും ഗ്രേഡ് ചെയ്തും തൂക്കം രേഖപ്പെടുത്തി ലേല ഹാളില്‍ വയ്ക്കും. തന്റെ ഉല്‍പന്നത്തിനു മതിയായ വില ലഭിച്ചുവന്ന് കര്‍ഷകന് ഉറപ്പായാല്‍ മാത്രമെ ലേല സംഖ്യ ഉറപ്പിക്കുകയുള്ളൂ. ലേലത്തിലെടുക്കുന്ന സാധനങ്ങള്‍ക്ക് അപ്പപ്പോള്‍ തന്നെ വിലയും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."