വിനോദ് കുമാറിന്റെ കൊലപാതകം മന:സാക്ഷിയെ നടുക്കുന്നതെന്ന് കോടതി
മഞ്ചേരി: എല്ലാ കൊലപാതകങ്ങളും അത്യന്തം ക്രൂരമാണെങ്കിലും ഇതു മനസാക്ഷിയെ നടുക്കിയെന്നു ജില്ലാ സെഷന്‍സ് കോടതി. വളാഞ്ചേരി ഗ്യാസ് ഏജന്‍സി ഉടമ വൃന്ദാവനം വിനോദ്കുമാര്‍ കൊല്ലപ്പെട്ട കേസിലെ വിധിയിലാണ് ജില്ലാ സെഷന്‍സ് കോടതിയുടെ പ്രത്യേക നിരീക്ഷണം. രണ്ടാം പ്രതി പണത്തിനു വേണ്ടിയാണ് ഈ കൊടും പാതകത്തില്‍ പങ്കാളിയായത്. അതേസമയം ഭര്‍ത്താവിനെ ക്രൂരമായി കൊല്ലുന്നതിനു തുനിഞ്ഞ ഒന്നാം പ്രതി ജസീന്ത ജോര്‍ജിന്റെ നടപടി മനസാക്ഷിയെ നടുക്കിയിരിക്കുകയാണ്.
മനസാക്ഷിയെ നടുക്കിയ ഈകൊലപാതകത്തിനു തുനിഞ്ഞവര്‍ സമൂഹത്തിനു ഭീഷണിയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഒന്നാം പ്രതിയുടെ കാര്യത്തില്‍ ഇണ തുണയെ കൊന്ന കൊലപാതകമാണിത്. 99 മുറിവുകളാണ് പ്രതികള്‍ വിനോദിന്റെ ദേഹത്തിലേല്‍പ്പിച്ചിരുന്നത്. ഇതില്‍ എട്ടെണ്ണം വെട്ട് തടുക്കുമ്പോള്‍ സംഭവിച്ചതാണ്. രണ്ടാം പ്രതിയാവട്ടെ 180 കിലോമീറ്റര്‍ സഞ്ചരിച്ചാണ് കൊടുംകൃത്യം ചെയ്യാനുള്ള ഉറപ്പോടെ വന്നത്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ഈ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിക്കണമെന്നും പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
76 സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ 52പേരേയും വിസ്തരിച്ചു. രണ്ടുപേര്‍ വിചാരണക്കിടെ കൂറുമാറി. 76 രേഖകളും 32 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും കൃത്യമായി നിരത്തിയതാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ദൃക്‌സാക്ഷികളില്ലായിരുന്ന കേസ് അതുകൊണ്ട് തന്നെ ഏറെ നിര്‍ണായകമായിരുന്നു. 150 പേജുള്ളതായിരുന്നു വിധിന്യായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."