സിൽവർലൈൻ ഉപേക്ഷിച്ചിട്ടില്ല: കെ റെയിൽ കേന്ദ്രാനുമതി ലഭിച്ചാൽ തുടർനടപടികൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം • കാസർകോട് – തിരുവനന്തപുരം സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും റെയിൽവേ ബോർഡിന്റെ അന്തിമാനുമതി കിട്ടുന്ന മുറയ്ക്ക് തുടർനടപടികളിലേക്ക് കടക്കുമെന്നും കെ റെയിൽ.
കെ റെയിലുമായി ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥരെ പിൻവലിക്കാൻ കഴിഞ്ഞ ദിവസം സർക്കാർ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ പദ്ധതി സർക്കാർ ഉപേക്ഷിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. രണ്ടാം പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർലൈൻ ഉപേക്ഷിക്കുകയാണെന്ന റിപ്പോർട്ടുകൾ സർക്കാരിന് കനത്ത തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കെ റെയിൽ രംഗത്തെത്തിയത്.
2020 സെപ്റ്റംബർ ഒമ്പതിനാണ് സിൽവർലൈൻ ഡി.പി.ആർ റെയിൽവേ ബോർഡിന് സമർപ്പിച്ചത്. ഡി.പി.ആർ പരിശോധിച്ച് ബോർഡ് ഉന്നയിച്ച സംശയങ്ങൾക്കെല്ലാം മറുപടി നൽകിയിരുന്നുവെന്നും അതിനു പിന്നാലെ ആവശ്യപ്പെട്ട വിശദാംശങ്ങളും ദക്ഷിണ റെയിൽവേ അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ടെന്നും കെ റെയിൽ വ്യക്തമാക്കുന്നു.
സിൽവർലൈൻ അലൈൻമെന്റിൽ വരുന്ന റെയിൽവേ ഭൂമിയുടേയും നിലവിലുള്ള റെയിൽവേ കെട്ടിടങ്ങളുടേയും റെയിൽവേ ക്രോസുകളുടേയും വിശദമായ രൂപരേഖ സമർപ്പിക്കാൻ റെയിൽവേ ബോർഡ് കെ റെയിലിനോട് ആവശ്യപ്പെട്ടിരുന്നു.
ഈ വിവരങ്ങളാണ് ഒടുവിൽ ദക്ഷിണ റെയിൽവേ അധികൃതർക്ക് കൈമാറിയത്. പദ്ധതി കടന്നു പോകുന്ന ഒമ്പത് ജില്ലകളിൽ റെയിൽവേയുടെ ഭൂമി സിൽവർലൈനിന് ആവശ്യമായി വരുന്നുണ്ടെന്നും കെ റെയിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."