നിങ്ങളുടെ മരണം ലോകത്തിനു നഷ്ടമാണോ?
മുഹമ്മദ്
പതിവുപോലെ അന്നും വേട്ടയ്ക്കിറങ്ങിയതായിരുന്നു കുറുക്കന്‍. അപ്പോഴാണ് അവിചാരിതമായി കടുവയുടെ മുന്നില്‍ അകപ്പെടുന്നത്. കുറുക്കന്‍ അതോടെ തന്റെ അന്ത്യം മുന്നില്‍കണ്ടു. എന്നാലും പ്രതീക്ഷ കൈവിട്ടില്ല. ധൈര്യം സംഭരിച്ചുകൊണ്ട് കടുവയോട് പറഞ്ഞു:
'എന്നോട് ഏറ്റുമുട്ടാന്‍ വരണ്ട; ഖേദിക്കേണ്ടി വരും...'
കുറുക്കന്റെ ഭീഷണിക്കു മുന്നില്‍ കടുവയൊന്നു പരുങ്ങി. ഇത്ര ധൈര്യം എവിടുന്ന് കിട്ടിയെന്നു ചോദിച്ചപ്പോള്‍ കുറുക്കന്‍ പറഞ്ഞു: 'സത്യം പറയാമല്ലോ, ഞാന്‍ താങ്കള്‍ കരുതിയ ആളല്ല. ഈ കാട്ടിലെ മുഴുവന്‍ മൃഗങ്ങളുടെയും രാജാവായി പ്രകൃതിയാല്‍ നിയുക്തനായ വ്യക്തിയാണ്. നിങ്ങളെന്നെ കൊന്നാല്‍ അത് പ്രകൃതിയുടെ താല്‍പര്യത്തിനു വിരുദ്ധമായിരിക്കും. അതിനാല്‍ എടുത്തുചാട്ടത്തിനു മുമ്പ് രണ്ടുവട്ടം ആലോചിച്ചോളൂ...'
കടുവ ചോദിച്ചു: 'നിങ്ങളീ കാട്ടിലെ രാജാവാണെന്നതിന് എന്താണു തെളിവ്?'
'തെളിവ് കാണിച്ചുതരാം. നിങ്ങളെന്റെ പിന്നാലെ വരൂ. എന്നെ കാണുന്നവര്‍ മുഴുവന്‍ പേടിച്ചോടുന്ന കാഴ്ച കാണാം. ഈ കാട്ടുവാസികള്‍ക്ക് എന്നെ എത്രമാത്രം ഭയമാണെന്ന് നിങ്ങള്‍ക്കപ്പോള്‍ മനസിലാകും...'
കുറുക്കന്റെ നിര്‍ദേശം കടുവ അംഗീകരിച്ചു. അങ്ങനെ ഇരുവരും നടക്കാനിറങ്ങി. കടുവയെ തന്റെ പിന്നിലാക്കിയാണ് കുറുക്കന്‍ നടന്നത്. കുറച്ചങ്ങെത്തിയപ്പോഴതാ മൃഗങ്ങള്‍ മുഴുവന്‍ ഓടിമറയുന്നു. കുറുക്കനെ കണ്ടിട്ടല്ല, കുറുക്കനു പിന്നിലെ കടുവയെ കണ്ടിട്ട്
കുറുക്കന്‍ അഭിമാനത്തോടെ പറഞ്ഞു: 'കണ്ടില്ലേ. എന്നെ കാണുമ്പോഴേക്കും എല്ലാവരും ഓടിപ്പോകുന്നത്. എന്റെ രാജാധിപത്യം ഇവിടെയുള്ളവര്‍ മുഴുവന്‍ അംഗീകരിച്ചതാണ്...'
കൗശലം കടുവയ്ക്ക് മനസിലാകാത്തതു ഭാഗ്യം. കടുവ കുറുക്കനെ വിശ്വസിച്ചു.
'താങ്കള്‍ പറഞ്ഞതു ശരിതന്നെ. താങ്കള്‍ രാജാവാണ്...'
ഇതുംപറഞ്ഞ് കടുവ കൈയില്‍വന്ന ഇരയെ ഒഴിവാക്കി തിരിഞ്ഞുനടന്നു.
സ്വന്തം കഴിവുകള്‍ കാണാതെ പോകുന്നതും അന്യന്റെ കഴിവിനെ തന്റേതാക്കി അവതരിപ്പിച്ച് അഭിമാനം കൊള്ളുന്നതും നല്ലതല്ല. ഇതില്‍ ഏറ്റവും അപകടം നിറഞ്ഞതാണ് സ്വന്തം കഴിവുകള്‍ കാണാതെ പോകുന്നത്. ജീവിതത്തില്‍ അതു വരുത്തിവയ്ക്കുന്ന നഷ്ടങ്ങള്‍ കനത്തതാണ്.
അനന്തമായ സാധ്യതകളും പേറിയാണ് ഒരോ മനുഷ്യനും ഭൂലേകത്തേക്ക് കടന്നുവരുന്നത്. ആര്‍ക്കും ആരുമാകാമെന്നതാണ് പുതിയ പഠനം. തനിക്കകത്ത് ഒളിഞ്ഞുകിടക്കുന്നത് ആരാണെന്നതിനെ സംബന്ധിച്ച് വ്യക്തമായ ധാരണയില്ലെങ്കില്‍ കേവലം ഒരു സാധാരണക്കാരനായി ജീവിതം തീര്‍ക്കേണ്ടി വരും. ഒരുപക്ഷേ, അകത്ത് ഒളിഞ്ഞുകിടക്കുന്നത് ലോകപ്രശസ്തനായ ഭരണാധികാരിയായിരിക്കാം. മികച്ച ന്യായാധിപനായിരിക്കാം. വിഖ്യാതനായ എഴുത്തുകാരനായിരിക്കാം. സര്‍വാംഗീകൃതനായ പണ്ഡിതനായിരിക്കാം. ഉറങ്ങിക്കിടക്കുന്ന ആ പ്രതിഭയെ തട്ടിയുണര്‍ത്തേണ്ട ഉത്തരവാദിത്വം അവനവനുമാത്രമാണ്. അവനവന്‍ തീരുമാനിക്കാതെ മറ്റൊരു ബാഹ്യശക്തിക്കും അതിനെ പുറത്തെടുക്കാന്‍ കഴിയില്ല. പുറത്തെടുക്കാതെയാണ് ജീവിതം അവസാനിക്കുന്നതെങ്കില്‍ വലിയ നഷ്ടത്തിലായിരിക്കും അതു കലാശിക്കുക. ലോകത്തിനും അതുവഴി നഷ്ടം സംഭവിക്കും. വിപ്ലവങ്ങള്‍ തീര്‍ക്കുമായിരുന്ന ഒരു പ്രതിഭയാണല്ലോ സ്വന്തം അശ്രദ്ധ മൂലം മരിച്ചുപോകുന്നത്.
ലോകത്തെ കോടിക്കണക്കായ ആളുകള്‍ക്ക് ഉപകാരിയാകേണ്ടിയിരുന്ന പ്രതിഭയെ അവനവന്റെ അശ്രദ്ധയും തിരിച്ചറിവില്ലായ്മയും മൂലം നഷ്ടമാകുക എന്നത് നിസാര കാര്യമാണോ?
ശക്തമായ ഒരു വൃക്ഷത്തിനുള്ളില്‍ മറഞ്ഞുകിടക്കുന്നതെന്തൊക്കെയാണെന്ന് പ്രവചിക്കാന്‍ കഴിയില്ല. അതിനകത്തു മനോഹരമായ കസേര കിടക്കുന്നുണ്ടാകാം. കണ്ണഞ്ചിപ്പിക്കുന്ന കട്ടിലുണ്ടാകാം. പ്രൗഢിയേറിയ വാതിലുണ്ടാകാം. എന്നാല്‍, ആ വൃക്ഷത്തെ മുറിച്ചുമാറ്റി അതിനകത്തുനിന്ന് വേണ്ടതിനെയെല്ലാം പുറത്തുകൊണ്ടുവരാതിരുന്നാല്‍ എന്തു ചെയ്യും? അതൊരു വൃക്ഷം മാത്രമായി അവശേഷിക്കുകയും കാലക്രമേണ ഉണങ്ങിനശിക്കുകയും ചെയ്യും. അതുപോലെ അകത്തുള്ള കഴിവുകളെ പുറത്തെടുക്കാതെ വെറുമൊരു തടിയായി നിലകൊണ്ട് അവസാനം ഉണങ്ങിനശിക്കുന്ന വൃക്ഷമായി പലരും അധഃപതിക്കുന്നുവെന്നത് അവരുടെ മാത്രം നഷ്ടമല്ല, ലോകത്തിന്റെകൂടി നഷ്ടമാണ്.
ചിലര്‍ മരിക്കുമ്പോള്‍ ആളുകള്‍ പറയാറുണ്ടല്ലോ; 'നികത്താനാകാത്ത വിടവ്', 'സമൂഹത്തിന് വലിയ നഷ്ടമായിരുന്നു' എന്നൊക്കെ. അത് അവര്‍ മരിക്കുമ്പോള്‍ മാത്രമല്ല, ഏതൊരാളും മരിക്കുമ്പോള്‍ പറയേണ്ടതാണ്. വ്യത്യാസം നേരിയ രീതിയിലേ ഉള്ളൂ. മരിക്കുമ്പോഴാണ് ചിലര്‍ ലോകത്തിനു നഷ്ടമാകുന്നത്. മറ്റുചിലര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ലോകത്തിനു നഷ്ടമാണ്.
ജീവിച്ചിരിക്കുമ്പോള്‍ ലോകത്തിനു നഷ്ടം വരുത്തിവയ്ക്കുന്നവര്‍ അകത്തെ കഴിവുകളെ കുറിച്ച് ബോധ്യമില്ലാത്തവരാണ്. അവര്‍ ജീവിച്ചിരിക്കുന്ന കാലമത്രെയും ലോകത്തിനു നഷ്ടം തന്നെയായിരിക്കും. പ്രതിഭകള്‍, അവരുടെ മരണത്തോടെ മാത്രമേ ലോകത്തിനു നഷ്ടമാകൂ.
സ്വന്തം കഴിവ് മനസിലാക്കാതെ കിട്ടിയ ലാഭം നഷ്ടപ്പെടുത്തുന്ന കടുവയാകരുത്. മറ്റുള്ളവന്റെ കഴിവ് അയാള്‍ക്കുതന്നെ സമ്മതിച്ചുകൊടുക്കാതെ സ്വന്തത്തിന്റേതാക്കി അവതരിപ്പിച്ച് മേനിനടിക്കുന്ന കുറുക്കനുമാകരുത്. ഉള്ളതു കാണാതെ പോകരുത്. ഇല്ലാത്തതിനെ ഉള്ളതാക്കി കാണിക്കുകയുമരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."