ഫുട്ബോളിലെ വംശീയതയും രാഷ്ട്രീയവും
ഇ.കെ ദിനേശൻ
22ാം ലോകകപ്പ് ഫുട്ബോൾ വെറും കളിയിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. നാളിതുവരെ കളിയോടുള്ള ആവേശം കളിയിൽ മാത്രം ഒതുങ്ങിനിന്നത് അതിന്റെ ആരാധകരിൽ മാത്രമാണ്. അതിനപ്പുറം കളിയുടെ രാഷ്ട്രീയം അധികാരത്തിന്റെയും വംശീയതയുടെയും വഴിയിലാണ് എക്കാലത്തും മുന്നോട്ടു സഞ്ചരിച്ചത്. അതിൽനിന്ന് ഏതെങ്കിലും രാജ്യത്തിന് അത്ര പെട്ടെന്ന് പുറത്തുകടക്കാൻ കഴിയില്ല. എന്നാൽ 22ാം ലോകകപ്പിന് വേദിയായ ഖത്തർ ഇത്തരം പരമ്പരാഗത കീഴ് വഴക്കങ്ങളെ മറികടന്നിട്ടുണ്ട് എന്നത് കാണാതിരുന്നുകൂടാ. അത് പുതിയ കാഴ്ചയിലേക്കും അനുഭവങ്ങളിലേക്കും മാറുകയാണ്.
ഫുട്‌ബോളിന്റെ ചരിത്രം ഒരുതരത്തിൽ സമ്പന്ന രാഷ്ട്രങ്ങളുടെ അധീശത്വത്താലും മേധാവിത്വത്താലും നിർമിക്കപ്പെട്ടതാണ്. ആരു കളിക്കുന്നു എന്നതിനപ്പുറം എവിടെവച്ച് കളിക്കുന്നു എന്നുള്ളത് എക്കാലത്തും ഫുട്‌ബോളിന്റെ കാര്യത്തിൽ പ്രധാനപ്പെട്ടതാണ്. ഈ സാഹചര്യത്തിലാണ് ഖത്തർ ആതിഥേയരായ ലോകകപ്പ് ഇതിനകം വിവാദമായിത്തീർന്നതിലെ കാരണങ്ങൾ അന്വേഷിക്കേണ്ടത്. എന്തുകൊണ്ടാണ് ഈ വിവാദം എന്നതിന് ഒന്നിലധികം കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അമേരിക്കയുടെയും യുറോപ്പിന്റെയും മേധാവിത്വത്തെ പന്തിലൂടെ മുസ്‌ലിം രാഷ്ട്രം ചോദ്യം ചെയ്തു എന്നതാണ്.
ലോകത്തിലെ സമ്പന്നരെയും ദരിദ്രരെയും ഒരു പന്ത് ഒരേപോലെ ആനന്ദിപ്പിക്കുമ്പോൾ ആ പന്ത് ലോക മനുഷ്യരെ ഒന്നിപ്പിക്കുന്ന മാന്ത്രികതയായി മാറുന്നു. അങ്ങനെയുള്ള പന്ത് ഏത് മണ്ണിലാണ് ഉരുളുന്നത് എന്നതിന് കൃത്യമായ രാഷ്ട്രീയമുണ്ട്. ചരിത്രത്തിൽ ചുരുങ്ങിയ തവണയേ ലോകകപ്പ് അമേരിക്കക്കും യുറോപ്പിനും പുറത്ത് പോയിട്ടുള്ളൂ. അതിന്റെ കാരണം, ഇത്ര വലിയ കളിയൊരുക്കാൻ ഞങ്ങൾക്കേ കഴിയൂ എന്ന സന്ദേശത്തെ സ്ഥാപനവൽക്കരിക്കാനാണ്. ഈ പശ്ചാത്തലത്തിലാണ് മരുഭൂമിയിൽ 52 വർഷത്തെ മാത്രം പാരമ്പര്യമുള്ള ഒരു മുസ്‌ലിംരാഷ്ട്രം ഭീമമായ ചെലവുവരുന്ന കളിക്കുവേണ്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയത്. മാത്രമല്ല, പല കാര്യത്തിലും മറ്റു രാഷ്ട്രങ്ങളെ ആശ്രയിക്കുന്ന ഈ രാജ്യത്തിന് ലോകകപ്പ് വേദിയാകാൻ കഴിഞ്ഞെങ്കിൽ അത് ആദ്യം തകർത്തത് സ്വന്തം ആശ്രയത്വത്തെയും യൂറോപ്യൻ ശക്തികളുടെ ആഗോള അധീശത്വ മേധാവിത്വത്തെയുമാണ്. ഇത് ലോക പൊലിസ് രാഷ്ട്ര നേതാക്കളിലുണ്ടാക്കിയ അസഹിഷ്ണുത പല രീതിയിൽ പുറത്തുവന്നു കഴിഞ്ഞു. ഈ അവസരത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളും മൂന്നാം ലോക രാഷ്ട്രങ്ങളും തിരിച്ചറിയേണ്ടതും ഖത്തറിനൊപ്പം നിൽക്കേണ്ടതും ചരിത്രപരമായ ഉത്തരവാദിത്വമാണ്.
നിലവിൽ അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും ഖത്തറിന് നേരെ ഉയർത്തുന്ന ആരോപണങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് മുസ്‌ലിം വിരുദ്ധതയാണ്. ഇത് പല കാലത്തായി അവർ ഉയർത്തിവിട്ട മതവൈര്യത്തിന്റെ തുടർച്ചയാണ്. എന്നാൽ പന്ത് കളിയുടെ കാലത്ത് അത് മതവിരുദ്ധതയിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. അതിന്നപ്പുറം സാമ്പത്തികവും സാംസ്‌കാരികവുമായ പരിസരങ്ങളെ കൂടി അഡ്രസ് ചെയ്യുന്നുണ്ട്.
ഏതു കളിയും കളത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. അതുകൊണ്ടുതന്നെ കളിക്കുന്ന വ്യക്തിക്ക് പുറത്താണ് കളിയുടെ രാഷ്ട്രിയം. കളിക്കുന്നവർ വംശീയതയെയും ദേശീയതയെയും ചുമക്കാത്തവരായിരിക്കാം. എന്നാൽ രാഷ്ട്രസ്വത്വം അവരിലേക്ക് ഈ പറഞ്ഞ രാഷ്ട്രാധികാര വ്യവഹാരങ്ങളെ അടിച്ചേൽപ്പിക്കുകയാണ്. അങ്ങനെ കളിക്കാരനിൽ ഇല്ലാത്ത അധികാരബോധങ്ങൾ കളിക്കളത്തിൽ നിറഞ്ഞുനിൽക്കുന്നു. അതിന്റെ മികച്ച തെളിവാണ് 1932ൽ ബാഴ്‌സലോണയിൽ ചേർന്ന ഫിഫ കമ്മിറ്റി അടുത്ത ലോകകപ്പ് ഇറ്റലിക്ക് സമ്മാനിച്ചത്. അതിനെ മുസോളിനി അധികാരത്തിന്റെ അടയാളമായി മാറ്റി. അന്നാരും ഇറ്റലിയുടെ രാഷ്ട്രീയാവസ്ഥയെ പന്തിനെ മുൻനിർത്തി വിചാരണ ചെയ്തില്ല. പക്ഷേ തന്റെ അധികാരം കളിയിൽ കാണിക്കാൻ മുസോളിനി നന്നായി കളിച്ചു. പിന്നീട് അങ്ങോട്ടുള്ള ഓരോ കളിയിലും നാം കാണുന്നത് അമേരിക്കയുടെയും യൂറോപ്പിന്റെയും കളിയിലെ ആധിപത്യമാണ്. അത് ജയത്തിൽ മാത്രമല്ല, മറിച്ച് കളിക്കായി കളത്തെ തെരഞ്ഞെടുക്കുമ്പോൾ അതിലൊന്നും എഷ്യൻ രാജ്യങ്ങൾക്ക് കടന്നുവരാൻ കഴിഞ്ഞില്ല. അതിന്റെ കാരണങ്ങൾ പലതാവാം. സാമ്പത്തികം ഉൾപ്പെടെയുള്ള അതിന്റെ ഘടന രൂപത്തെ നിർണയിക്കുന്നതിൽ മേൽപ്പറഞ്ഞ രാജ്യങ്ങൾക്ക് കൃത്യമായ ആധിപത്യമുണ്ട്. ഇതുവരെ കളി നടന്ന രാജ്യങ്ങളെ പരിശോധിച്ചാൽ യൂറോപ്യൻ അധിപത്യത്തെ മനസ്സിലാക്കാം. 2022ൽ ഖത്തറിൽ കളിയെത്തുമ്പോൾ ലോക രാഷ്ട്രീയ സാഹചര്യങ്ങളും സാമ്പത്തിക പരിതസ്ഥിതികളും പാടെ മാറിയിട്ടുണ്ട്. അതായത് ഫുട്‌ബോൾ എന്നത് ലോകജനതയെ ഒന്നിപ്പിക്കുന്ന വികാരമായി മാറി. അതുകൊണ്ടാണ് ഐക്യരാഷ്ട്രസഭയിൽ 193 രാജ്യങ്ങൾ അംഗങ്ങളായിരിക്കെ ഫുട്‌ബോൾ ഫെഡറേഷനിൽ ലോകത്തെ 209 രാജ്യങ്ങൾ നിറഞ്ഞുനിൽക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഖത്തർ ആതിഥേയത്വംവഹിക്കുന്ന കളിക്കുനേരെ അമേരിക്കയും യുറോപ്യൻ രാഷ്ട്രങ്ങളും ഉന്നയിക്കുന്ന ആരോപണങ്ങളെ തിരിച്ചറിയേണ്ടത്.
2010ൽ ഫിഫയുടെ അധ്യക്ഷനായിരുന്ന സെപ് ബ്ലാറ്റർ 2022ൽ ലോക ഫുട്‌ബോൾ വേദിയായി ഖത്തർ മാറുമെന്ന് പ്രഖ്യാപിച്ച അന്നു മുതൽ തുടങ്ങിയ ആരോപണം ഇന്നും തുടരുകയാണ്. അതിൽ ആദ്യത്തേത് പണം കൊടുത്താണ് ഖത്തർ കളിയുടെ ആതിഥേയത്വം കരസ്ഥമാക്കിയത് എന്നതായിരുന്നു. അതിന് കാര്യമായ പിന്തുണ ലഭിച്ചില്ല. മറ്റൊരു പ്രധാന ആരോപണം തൊഴിൽ ചൂഷണത്തെക്കുറിച്ചും ചില അപകട മരണങ്ങളെക്കുറിച്ചുമാണ്. ലോകത്ത് നേരത്തെ ഫുട്‌ബോളിന് വേദിയായ രാജ്യങ്ങളെ പരിശോധിച്ചാൽ അത്തരം രാഷ്ട്രങ്ങളിൽ അമേരിക്കയും തങ്ങളുടെ സംഖ്യരാഷ്ട്രങ്ങളും കൊന്നൊടുക്കിയ പാവപ്പെട്ട മനുഷ്യരുടെ എണ്ണം ലക്ഷക്കണക്കിനാണ്. മനുഷ്യരെ അധിനിവേശത്തിലൂടെ അടിമകളാക്കി, മൂന്നാം ലോക രാജ്യങ്ങളെ കോളനികളാക്കി കൊള്ളയടിച്ച രാഷ്ട്രങ്ങളാണ് ഇപ്പോൾ തൊഴിലാളി സ്‌നേഹത്തിന്റെ പേറ്റന്റ് കൈയടക്കി അവർക്ക് വേണ്ടി വാദിക്കുന്നത്. എന്നാൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി മൂന്നാംലോക രാഷ്ട്ര ജനത തങ്ങളുടെ തൊഴിൽദേശമായി തെരഞ്ഞെടുത്ത് ജീവിക്കുന്നതാണ് പശ്ചിമേഷ്യയിലെ ഗൾഫ് രാജ്യങ്ങൾ. അവിടത്തെ ഭരണാധികാരികൾ എങ്ങനെയാണ് തങ്ങളോട് പെരുമാറുന്നതെന്ന് അനുഭവങ്ങളിലൂടെ അവർ വിളിച്ചു പറയുമ്പോൾ വെള്ളക്കാരുടെ വംശീയ ആരോപണങ്ങൾ തകർന്നുപോവുകയാണ്. ഇതിനു പിന്നിൽ നിറഞ്ഞുനിൽക്കുന്നത് രണ്ട് പ്രധാന ഘടകങ്ങളാണ്. ഒന്ന് ലോകത്തെ നിയന്ത്രിക്കാനുള്ള അധികാരം തങ്ങളിൽ നിന്ന് വഴുതിപ്പോകുന്നു എന്ന തിരിച്ചറിവ്. അതായത് ഏഷ്യൻ രാജ്യങ്ങൾ ഇന്നും ലോകഫുട്‌ബോൾ നടത്താൻ മാത്രം ഭൗതികമായി വളർന്നിട്ടില്ലെന്ന അപകർഷതാബോധം നിലനിർത്തേണ്ടത് യൂറോപ്പിന്റെ ആവശ്യമാണ്. മറ്റൊന്ന് ലോകത്ത് ഇസ്‌ലാമോഫോബിയ നിലനിർത്തണമെങ്കിൽ മുസ്‌ലിം രാഷ്ട്രങ്ങൾ ഇപ്പോഴും ഇരുണ്ട ദേശങ്ങളും അവിടത്തെ ഭരണാധികാരികൾ പരിഷ്‌കൃത ലോകത്തിന്റെ ഭാഗമല്ലെന്നു നിരന്തരം പറയേണ്ടത് സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ പ്രധാന രാഷ്ട്രീയ അജൻഡയാണ്. ലോകകപ്പിനെ ഏറ്റെടുക്കുക വഴി ഖത്തർ ഇത്തരം പരമ്പരാഗത ആധിപത്യ മുദ്രകളെയാണ് പൊളിച്ചടക്കിയത്. ഒപ്പം പുതിയ നാഗരിക, സാംസ്‌കാരിക ഉണർവിലേക്ക് അതിവേഗം കുതിക്കുന്ന അറബ് ജനതയുടെ ഇച്ഛാശക്തി അവർ ലോകത്തിന് കാണിച്ചുകൊടുക്കുകയാണ്.
52 വർഷത്തെ സ്വതന്ത്രരാഷ്ട്രപദവി, ഇസ് ലാംമത രീതിയിലുള്ള ജീവിതം. എന്നിട്ടും ഖത്തർ ലോകത്ത് ഇതുവരെ നടന്ന ലോകഫുട്‌ബോൾ കളി രീതികളെ മറികടന്നു. ഏറ്റവും നൂതന സംവിധാനത്തിലൂടെ പന്തിനെക്കൊണ്ട് തങ്ങൾക്ക് നേരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറയുമ്പോൾ തകർന്നു തരിപ്പണമാകുന്നത് യൂറോപ്യൻ അധികാരഗർവാണ്. മാത്രമല്ല, ഫുട്‌ബോളിനെ എങ്ങനെ ജനകീയ പങ്കാളിത്തത്തോടെ ആവിഷ്‌കരിക്കാമെന്നു കാണിച്ചുകൊടുക്കുകയാണ്. ഇത്തിരിപ്പോന്ന സ്ഥലത്ത് എട്ട് കളിസ്ഥലങ്ങൾ. അവിടങ്ങളിലായി 3,80,000 ഇരിപ്പിടങ്ങൾ. ഓരോ സ്റ്റേഡിയത്തിന്റെയും രൂപം സ്വന്തം ദേശസ്വത്വത്തിന്റെ ആധുനിക മാതൃകയാക്കുമ്പോൾ യൂറോപ്യൻ നഗരികതയും അതിന്റെ പകർപ്പും മാത്രമാണ് ലോകത്തെ മുന്നോട്ട് നയിക്കുന്നത് എന്ന ധാരണയെ ഖത്തർ തങ്ങളുടെ സമീപനത്തിലൂടെ മാറ്റിയിരിക്കുകയാണ്.
നിലവിലെ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ ഫുട്‌ബോൾ കളിയുടെ രാഷ്ട്രീയം കൃത്യമായി വിലയിരുത്തുമ്പോഴാണ് ഈ കളി വെറും കളിയല്ലെന്ന് ബോധ്യമാവുക. 1978ലെ ലോകകപ്പിന് കളമൊരുങ്ങിയ അർജൻ്റീനയിൽ അന്നത്തെ രാഷ്ട്രീയ കാലാവസ്ഥ പട്ടാള ഭരണത്തിലായിരുന്നു. പട്ടാളത്തെ നിയന്ത്രിച്ച റാഫേൽ വിദ്യാലിന് തൻ്റെ അധികാരം ലോകത്തിന് കാണിച്ചുകൊടുക്കാനുള്ള അവസരമായിരുന്നു അത്. പക്ഷേ അന്ന് യൂറോപ്യൻ രാഷ്ട്രങ്ങൾ പട്ടാള ഭരണത്തിന് കീഴിലുള്ള കളിയെ കാര്യമായി വിമർശിച്ചില്ല. മതത്തിന്റെ പേരിൽ ഖത്തറിനെ വേട്ടയാടുന്നവർ 1934ലും 1990കളിലും ഇറ്റലിയിൽ കളി നടന്നപ്പോൾ ഫാസിസം കൊന്നൊടുക്കിയ മനുഷ്യരെക്കുറിച്ച് ഓർത്ത് വിലപിച്ചില്ല. ഇതൊക്കെ സൂചിപ്പിക്കുന്നത് ഖത്തർ എന്ന കൊച്ചു രാഷ്ട്രം യൂറോപ്യൻ അധികാരത്തെയും അതിന്റെ ഭൗതിക നേട്ടങ്ങളെയും വെല്ലുവിളിച്ചു എന്നതാണ്. 29 ലക്ഷം ജനങ്ങൾ മാത്രമുള്ള രാജ്യം ലോകജനതയുടെ ശ്രദ്ധയെ പിടിച്ചിരുത്താൻ ആർജവമുള്ള രാഷ്ട്രമായി മാറിയെന്നതാണ്. നാളിതുവരെ യൂറോപ്യൻ വൻകരയിലുണ്ടായ നേട്ടങ്ങളെ ചോദ്യം ചെയ്യുന്നതിലേക്കാണ് എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഫുട്‌ബോളിന്റെ രാഷ്ട്രീയം കളിക്കപ്പുറം, കാണികൾക്കപ്പുറം ആധുനിക ലോകഘടനയിൽ സാമ്രാജ്യത്വം നേടിയ കുത്തകാവകാശങ്ങളെ ചോദ്യം ചെയ്യുന്നതിലേക്ക് വളർന്നത്. ബ്രിട്ടിഷ് കോളനിവാഴ്ചയോളം എത്തിനിൽക്കുന്ന ചരിത്രപരമായ കീഴടക്കലിന്റെയും ആധിപത്യത്തിന്റെയും പകരം ചോദിക്കാലായി ഇത് മാറുമ്പോൾ അഭിമാനിക്കേണ്ടത് ഏഷ്യൻ ജനതയാണ്. എന്നാൽ കളിയെ കളിയായി മാത്രം കാണുന്ന നല്ല മനുഷ്യർ അമേരിക്കയിലും യൂറോപ്യൻ രാഷ്ട്രങ്ങളിലുമുണ്ട് എന്നത് മറന്നുകൂടാ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."