600 കോടി രൂപ നിക്ഷേപത്തില്‍ 2.2 ഏക്കറില്‍ ഒരുങ്ങി ഹയാത്ത് റീജന്‍സി; മുഖ്യമന്ത്രി നാളെ ഉദ്ഘാടനം നടത്തുമെന്ന് അറിയിച്ച് എം.എ.യൂസഫലി
തിരുവനന്തപുരം; തലസ്ഥാനത്ത് നഗരഹൃദയത്തില്‍ വഴുതയ്ക്കാട് 2.2 ഏക്കറിലായി 600 കോടി നിക്ഷേപത്തില്‍ ഉയര്‍ന്ന് പൊങ്ങിയ ഹയാത്ത് റീജന്‍സി നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍ ഉള്‍പ്പെടെയുള്ളവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ലുലു ഗ്രൂപ്പും രാജ്യാന്തര ഹോട്ടല്‍ ശൃംഖലയായ ഹയാത്ത് ഹോട്ടല്‍സ് കോര്‍പറേഷനും ചേര്‍ന്ന് കേരളത്തിലാരംഭിക്കുന്ന മൂന്നാമത്തെ ഹോട്ടലാണ് ഹയാത്ത് റീജന്‍സി. കൊച്ചിയിലും, തൃശൂരുമാണ് നേരത്തേ ഹോട്ടല്‍ തുറന്നിരുന്നത്. രാജ്യത്ത് പതിനഞ്ചാമത്തെ ഹയാത്ത് റീജന്‍സിയാണ് തിരുവനന്തപുരത്തേത്.
തിരുവനന്തപുരത്ത് വഴുതയ്ക്കാട് 2.2 ഏക്കറിലായി നിര്‍മ്മിക്കുന്ന ഹോട്ടല്‍ ബേസ്‌മെന്റ് കാര്‍ പാര്‍ക്കിങ് മേഖല ഉള്‍പ്പെടെ എട്ട് നിലകളിലായാണ് പണിയുയര്‍ത്തിയിരിക്കുന്നത്. ആയിരം പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന തരത്തില്‍ നഗരത്തിലെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്ററുകളിലൊന്നായി ഹയാത്ത് റീജന്‍സിയിലെ ഗ്രേറ്റ് ഹാള്‍ മാറും. 10,500 ചതുരശ്രടി വിസ്തീര്‍ണത്തില്‍ സ്വിമ്മിങ് പൂളിനു സമീപമായി നിലകൊള്ളുന്ന ഗ്രേറ്റ് ഹാള്‍ പ്രീമിയം ഇന്റീരിയര്‍ ഡിസൈന്‍ കൊണ്ടും വിശാലമായ സ്ഥല സൗകര്യം കൊണ്ടും പ്രത്യേകത നിറഞ്ഞതാണ്.
ഗ്രേറ്റ് ഹാളിലേക്ക് പോകുന്നതിനായുള്ള ഉയരം കൂടിയ എസ്‌കലേറ്ററും, ഗ്ലാസ് എലവേറ്ററുമുണ്ട്. ഗ്രേറ്റ് ഹാളിനൊപ്പം 700 പേര്‍ക്ക് ഒരേസമയം ഇരിക്കാവുന്ന റോയല്‍ ബോള്‍ റൂം, ക്രിസ്റ്റല്‍ എന്നിങ്ങനെ മൂന്നു വേദികളിലായി 20,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഡൈനാമിക് ഇവന്റ് സ്‌പേസാണ് ഹോട്ടലിനുള്ളത്. അത്യാധുനിക സൗകര്യങ്ങളുള്ള ഏറ്റവും വലിയ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടാണ് ഹയാത്ത് റീജന്‍സിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. 1650 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിന് പുറമെ ഡിപ്ലോമാറ്റിക് സ്യൂട്ട്, ആറ് റിജന്‍സി സ്യൂട്ടുകള്‍, 37 ക്ലബ് റൂമുകള്‍ ഉള്‍പ്പെടെ 132 മുറികള്‍ ഹോട്ടലിലുണ്ട്. വൈവിധ്യം നിറഞ്ഞ ഡൈനിങ് അനുഭവങ്ങള്‍ നല്‍കുന്ന മലബാര്‍ കഫേ, ഒറിയന്റല്‍ കിച്ചണ്‍, ഐവറി ക്ലബ്, ഓള്‍ തിങ്‌സ് ബേക്ക്ഡ്, റിജന്‍സി ലോഞ്ച് എന്നിങ്ങനെ അഞ്ച് റസ്റ്റോറന്റുകളുണ്ട്. ഒരേസമയം ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ക്രമീകരണങ്ങളില്‍ വിവാഹമോ, കോര്‍പറേറ്റ് കോണ്‍ഫറന്‍സോ അടക്കം വലുതും ചെറുതുമായ നിരവധി ഇവന്റുകള്‍ സംഘടിപ്പിക്കാവുന്ന തരത്തിലുള്ള രൂപ കല്‍പനയാണ് ഹയാത്ത് റീജന്‍സിയുടെ പ്രധാന ആകര്‍ഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."