കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി; വിധി തിങ്കളാഴ്ച്ച
തിരുവനന്തപുരം:കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതികളായ ഉദയനെയും ഉമേഷിനെയും കുറ്റക്കാരെന്ന് വിധിച്ചത്.2018ല്‍ സഹോദരിയോടൊപ്പം കേരളത്തില്‍ ചികിത്സക്കെത്തിയ വിദേശവനിതയെ പ്രതികള്‍ കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. 2018 മാര്‍ച്ച് 14നാണ് യുവതിയെ കാണാതായതിനെ തുടര്‍ന്ന് സഹോദരി പൊലീസില്‍ പരാതി നല്‍കിയത്.ദിവസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കും ചെദ്യം ചെയ്യലിനും ശേഷമാണ് പൊലിസ് പ്രതികളെ തിരിച്ചറിഞ്ഞതും മൃതദേഹം കണ്ടെത്തിയതും.
ചികിത്സ സ്ഥലത്തുനിന്നും കോവളത്തെത്തിയ യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യജേന സമീപവാസികളായിരുന്ന ഉദയനും, ഉമേഷും ചേര്‍ന്ന് ് ബോട്ടിങ് നടത്താമെന്ന പേരില്‍ യുവതിയെ വള്ളത്തില്‍ കയറ്റി സമീപത്തെ കുറ്റിക്കാട്ടില്‍ എത്തിക്കുകയും കഞ്ചാവ് ബീഡി നല്‍കിയ ശേഷം പീഡിപ്പിച്ച് വള്ളികള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളുകയുമായിരുന്നു.
സഹോദരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് നടത്തിയ ആന്വേഷണത്തില്‍ യുവതി കോവളത്ത് എത്തിയതായി സി.സി ടി.വി ദൃശ്യങ്ങളില്‍ കണ്ടെങ്കിലും പിന്നീട് എങ്ങോട്ട് പോയെന്ന് വ്യക്തമായിരുന്നില്ല.സംശയം തോന്നിയ പലരെയും ചോദ്യം ചെയ്‌തെങ്കിലും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിരുന്നില്ല. എന്നാല്‍, ദിവസങ്ങള്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് യുവതിയുടെ ശരീരം കണ്ടല്‍കാട്ടില്‍ ഉണ്ടെന്ന് പ്രതികള്‍ പറയുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ജീര്‍ണിച്ചനിലയില്‍ മൃതദേഹം കണ്ടെത്തിയത്. കഴുത്ത് വേര്‍പെട്ടനിലയിലായിരുന്നു മൃതദേഹം.സഹോദരിയും സുഹൃത്തും എത്തി വസ്ത്രങ്ങള്‍ കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഡി.എന്‍.എ പരിശോധനയും നടത്തി. കേസില്‍ സാക്ഷിയായ യുവതിയുടെ സഹോദരിയെയും സുഹൃത്തിനെയും വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വിസ്തരിച്ചു. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. എന്നാല്‍, രണ്ടു സാക്ഷികള്‍ മാത്രമാണ് കേസില്‍ കൂറുമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."