തമ്മിലടിക്കൊടുവില്‍ ഗുജറാത്തില്‍ പുതിയ മുഖ്യമന്ത്രി; വിജയം ആനന്ദി ബെന്‍ പട്ടേലിന്
അഹമ്മദാബാദ്: ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ പുതിയ മുഖ്യമന്ത്രിയായതോടെ വിജയം ആഘോഷിക്കുന്നത് മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ യു.പി ഗവര്‍ണറുമായ ആനന്ദി ബെന്‍ പട്ടേല്‍. 2016ല്‍ ആനന്ദി ബെന്‍ പട്ടേലിനെ രാജിവയ്പിച്ചായിരുന്നു ബി.ജെ.പി വിജയ് രൂപാണിയെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കിയത്.
തന്നെ രാജിവയ്പ്പിച്ചതില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തുകയും പാര്‍ട്ടി യോഗത്തില്‍ പൊട്ടിക്കരയുകയും അമിത് ഷായ്‌ക്കെതിരേ ആരോപണമുന്നയിക്കുകയും ചെയ്തിരുന്ന ആനന്ദി ബെന്‍ പട്ടേലിനെ പിന്നീട് യു.പിയില്‍ ഗവര്‍ണറാക്കുകയായിരുന്നു.
വിജയ് രൂപാണി മുഖ്യമന്ത്രിയായതിനു ശേഷം 2017ല്‍ നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തന്നെ അധികാരത്തിലെത്തി.
എന്നാല്‍, രൂപാണിയുടെ കീഴില്‍ രണ്ടാമതും സര്‍ക്കാര്‍ രൂപീകരണം നടന്നതിനു പിന്നാലെ ബി.ജെ.പിയില്‍ തമ്മിലടി രൂക്ഷമായി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍ പാട്ടീലും മുഖ്യമന്ത്രിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പലതവണ പരസ്യമായി. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ രൂപാണി സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടത് പ്രതിപക്ഷത്തോടൊപ്പം ബി.ജെ.പിയിലെ ഒരു വിഭാഗവും ഉയര്‍ത്തിക്കാട്ടി. മന്ത്രിസഭയിലെ ഭൂരിഭാഗം അംഗങ്ങളും രൂപാണിക്കെതിരേ രംഗത്തെത്തുകയും ചെയ്തു.
ഇതിനു പിന്നാലെ, ഗുജറാത്തില്‍ പട്ടിദാര്‍ സമുദായത്തില്‍നിന്നുള്ള മുഖ്യമന്ത്രി വേണമെന്നാവശ്യപ്പെട്ട് സമുദായ നേതാക്കളും പരസ്യമായി രംഗത്തെത്തിയതോടെ ബി.ജെ.പി കൂടുതല്‍ പ്രതിരോധത്തിലായി.
സംസ്ഥാനത്ത് രണ്ടു ശതമാനം മാത്രം ജനസംഖ്യയുള്ള ജയിന്‍ സമുദായാംഗമാണ് രൂപാണി.
ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി രൂപാണിയുടെ രാജിയുണ്ടായത്. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം ഏല്‍ക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഇപ്പോള്‍ അതാണ് ചെയ്യുന്നതെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്. രൂപാണിയുടെ രാജിക്കു പിന്നാലെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍ പാട്ടീല്‍, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍, കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, ആര്‍.സി ഫല്‍ദു തുടങ്ങിയവരുടെ പേരുകളായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നത്. എന്നാല്‍, മറ്റൊരു അപ്രതീക്ഷിത തീരുമാനത്തിലൂടെ ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിസ്ഥാനത്തെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."