പത്ത് മാസത്തിനിടെ അപകടങ്ങളിൽ മരിച്ചത് രണ്ട് കുട്ടികൾ, 45 പേർക്ക് പരിക്ക്, ചൈൽഡ് സീറ്റില്ലെങ്കിൽ പിടിവീഴുമെന്ന് ദുബൈ
പത്ത് മാസത്തിനിടെ അപകടങ്ങളിൽ മരിച്ചത് രണ്ട് കുട്ടികൾ, 45 പേർക്ക് പരിക്ക്, ചൈൽഡ് സീറ്റില്ലെങ്കിൽ പിടിവീഴുമെന്ന് ദുബൈ
ദുബൈ: കഴിഞ്ഞ പത്ത് മാസത്തിനിടെ ദുബൈയിൽ റോഡ് ട്രാഫിക് അപകടങ്ങളിൽ രണ്ട് കുട്ടികൾ മരിക്കുകയും 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുബൈ പൊലിസ് അറിയിച്ചു. ട്രാഫിക് സംബന്ധമായ പരിക്കുകളുടെയും മരണങ്ങളുടെയും എണ്ണം കുറയ്ക്കുന്നതിനുള്ള ക്യാമ്പയിൻ ആരംഭിക്കുന്നതിനിടയിലാണ് അതോറിറ്റി ഡാറ്റ വെളിപ്പെടുത്തിയത്. ചൈൽഡ് സീറ്റുകൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ക്യാമ്പയിൻ.
പത്ത് മാസത്തിനിടെ മൊത്തം 47 അപകടങ്ങൾ ഉണ്ടായതായി ദുബായ് പൊലിസിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. പരിക്കേറ്റവരിൽ ഒന്ന് ഗുരുതരവും 19 ഇടത്തരം തീവ്രതയും ഉള്ളവയാണ്. 25 പേർക്ക് നിസ്സാര പരിക്കുകളാണ് അപകടങ്ങളിൽ ഉണ്ടായത്.
"ചൈൽഡ് സീറ്റ്, സേഫ്റ്റി ആൻഡ് സെറിനിറ്റി" എന്ന ക്യാമ്പയിനിൽ എല്ലാ അപകടങ്ങളിൽ നിന്നുമുള്ള കുട്ടികളുടെ സുരക്ഷക്കാണ് മുൻഗണനയെന്ന് അൽ മസ്‌റൂയി വ്യക്തമാക്കി. യാത്രയിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കാറുകളുടെ പിൻഭാഗത്ത് ചൈൽഡ് സീറ്റുകൾ നൽകണമെന്ന് അദ്ദേഹം മാതാപിതാക്കളോട് ആവശ്യപ്പെട്ടു. ഡ്രൈവിങ്ങിനിടെ കുട്ടിയെ മുൻസീറ്റിൽ ഇരുത്തുകയോ പിടിച്ച് നിർത്തുകയോ ചെയ്യുന്നത് അപകടകരവും നിയമവിരുദ്ധവുമായ പ്രവർത്തനമാണെന്നും അത് കുട്ടിയുടെ ജീവനും സുരക്ഷിതത്വത്തിനും ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പത്ത് വയസ്സിന് താഴെയോ 145 സെന്റിമീറ്ററിൽ താഴെയോ പ്രായമുള്ള കുട്ടികളെ മുൻസീറ്റിൽ ഇരിക്കാൻ അനുവദിക്കുന്നത് ട്രാഫിക് നിയമങ്ങൾക്ക് വിരുദ്ധമാണെന്നും അത് കുട്ടിക്ക് ഉണ്ടാക്കുന്ന അപകടസാധ്യത കണക്കിലെടുത്ത് 400 ദിർഹം പിഴ ഈടാക്കുമെന്നും അൽ മസ്റൂയി അഭിപ്രായപ്പെട്ടു. വാഹനം പെട്ടെന്ന് നിർത്തുമ്പോഴോ അല്ലെങ്കിൽ വാഹനാപകടം ഉണ്ടാവുകയോ ചെയ്യുമ്പോൾ കുട്ടി മുന്നോട്ട് എറിയപ്പെടുന്നതിനും വാഹനത്തിന്റെ ഇന്റീരിയറുമായി കൂട്ടിയിടിക്കുന്നതിനും അല്ലെങ്കിൽ പുറത്തേക്ക് തെറിക്കുന്നതിനും കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
വാഹനത്തിൽ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ സീറ്റുകളുടെ ശരിയായ ഉപയോഗം, കുട്ടിയുടെ പ്രായത്തിനനുസരിച്ച് ശരിയായ തരം സീറ്റ് തിരഞ്ഞെടുക്കൽ, സീറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ശരിയായ രീതി എന്നിവയെക്കുറിച്ച് ദുബൈ പൊലിസ് സമൂഹത്തെ ബോധവൽക്കരിക്കും. പ്രചാരണ വേളയിൽ എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലെ രക്ഷിതാക്കൾക്ക് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക്ക് സൗജന്യ ചൈൽഡ് സീറ്റുകളും വിതരണം ചെയ്യും.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."