കിറ്റെക്‌സിനെതിരേ എം.എല്‍.എമാര്‍
കൊച്ചി: കിറ്റെക്‌സിനെതിരേ ഇടത്, വലത് എം.എല്‍.എമാര്‍ സംയുക്തമായി രംഗത്ത്. പി.ടി തോമസ്, പി.വി ശ്രീനിജന്‍, എല്‍ദോസ് കുന്നപ്പള്ളി എന്നിവരാണ് കിറ്റെക്‌സിനെതിരേ ഗുരുതര ആരോപണങ്ങളുമായി വീണ്ടും രംഗത്തെത്തിയത്. സി.എസ്.ആര്‍ ഫണ്ട് ട്വന്റി ട്വന്റി പാര്‍ട്ടി ചെലവഴിച്ചതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് പി.ടി തോമസ് ആവശ്യപ്പെട്ടു. ട്വന്റി ട്വന്റി രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയാണ്. സി.എസ്.ആര്‍ ഫണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ താല്‍പര്യത്തിനു വേണ്ടി ഉപയോഗിക്കാന്‍ പാടില്ലെന്നും ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് വിളിച്ച യോഗത്തില്‍ എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.
കിറ്റെക്‌സില്‍ നിരവധി നിയമലംഘനങ്ങള്‍ നടക്കുന്നതായി പരിശോധിച്ച ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്നും പി.ടി തോമസ് പറഞ്ഞു. എട്ട് തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതായി തൊഴില്‍വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. സിംഗപ്പൂര്‍ മോഡല്‍ റോഡുകള്‍ നിര്‍മിച്ചത് കമ്പനികളുടെ സ്ഥലത്തേക്കാണ്. ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് നിര്‍മിച്ചത് പാടം നികത്തിയാണ്. പഞ്ചായത്ത് 13 കോടി മിച്ചംപിടിച്ചത് നിയമലംഘനമാണെന്നും എം.എല്‍.എമാര്‍ ആരോപിച്ചു. കിറ്റെക്‌സ് കമ്പനിയില്‍ വിവിധ വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങളെന്നും എം.എല്‍.എമാര്‍ പറഞ്ഞു.
അതേസമയം, കിറ്റെക്‌സ് സി.എസ്.ആര്‍ ഫണ്ട് ദുര്‍വിനിയോഗം ചെയ്‌തെന്ന ആരോപണം തെറ്റെന്ന് കിറ്റെക്‌സ് എം.ഡി സാബു എം.ജേക്കബ് പറഞ്ഞു. ആറു വര്‍ഷമായി കമ്പനി സി.എസ്.ആര്‍ ഫണ്ട് നല്‍കുന്നുണ്ട്. ആദാനികുതിവകുപ്പ് അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ ഉന്നയിക്കാത്ത ആരോപണങ്ങളാണ് ഇവര്‍ ഉയര്‍ത്തുന്നത്. എന്തുകൊണ്ട് കേന്ദ്രം നടപടിയെടുക്കുന്നില്ല എന്ന് ആലോചിക്കാതെയാണ് ഇത്. സിംഗപ്പൂര്‍ മോഡല്‍ റോഡുകള്‍ നിര്‍മിച്ചത് കമ്പനിയുടെ സ്ഥലത്തേക്കാണ് എന്നായിരുന്നു മറ്റൊരു ആക്ഷേപം. ഇത്തരത്തില്‍ നാലു റോഡുകളാണുള്ളത്. ഈ നാല് റോഡുകള്‍ ഒഴികെ ബാക്കി എല്ലാ റോഡുകളും പണി പൂര്‍ത്തിയാക്കി. അതുമാത്രം ഇവര്‍ പറയുന്നില്ല. ആറേഴു വര്‍ഷമായി ചര്‍ച്ച ചെയ്യുന്ന അതേ കാര്യങ്ങളാണ് ഇപ്പോഴും ഉന്നയിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."