കൊവിഡ് ബാധിച്ചയാള്‍ ആത്മഹത്യ ചെയ്താലും കൊവിഡ് മരണം തന്നെ
ന്യൂഡല്‍ഹി: കൊവിഡ് സ്ഥിരീകരിച്ചവര്‍ അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം ആത്മഹത്യ ചെയ്താല്‍ കൊവിഡ് മരണമായി കണക്കാക്കണമെന്ന് സുപ്രിംകോടതി. കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച മാര്‍ഗരേഖ പരിഗണിച്ചാണ് ജസ്റ്റിസുമാരായ എം.ആര്‍ ഷാ, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് മാര്‍ഗരേഖയില്‍ ചില കാര്യങ്ങള്‍ നിര്‍ദേശിച്ചത്. കൊവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനുള്ളില്‍ മരിച്ചാല്‍ മരണകാരണം കൊവിഡാണെന്ന് രേഖപ്പെടുത്താമെന്നും എന്നാല്‍ ആത്മഹത്യയാണെങ്കില്‍ കൊവിഡ് മരണമായി കണക്കാക്കില്ലെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖയില്‍ പറഞ്ഞിരുന്നത്.
കൊവിഡ് ബാധിച്ചയാള്‍ ആത്മഹത്യ ചെയ്താല്‍ അത് കൊവിഡ് മരണമല്ലെന്ന വ്യവസ്ഥ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. മരണകാരണം രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ സമിതി രൂപീകരിക്കുന്നത് സമയബന്ധിതമായിരിക്കണം. കൊവിഡ് മൂലമാണ് മരിച്ചതെന്ന് ബോധ്യപ്പെടുത്താന്‍ സമിതി മുമ്പാകെ ബന്ധുക്കള്‍ ഏതെല്ലാം രേഖകളാണ് സമര്‍പ്പിക്കേണ്ടതെന്നും വ്യക്തമാക്കണം. ബന്ധപ്പെട്ട ആശുപത്രികള്‍ നല്‍കേണ്ട രേഖകള്‍ ഏതെല്ലാമെന്നു വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
നിലവില്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ ബന്ധുക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ വ്യക്തത വരുത്തണം. കൊവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച മാര്‍ഗരേഖ തയാറാക്കാന്‍ നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയോട് നിര്‍ദേശിച്ച കോടതി, അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തോടും ആവശ്യപ്പെട്ടു. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം 23ന് മുമ്പ് ഇക്കാര്യം അറിയിക്കാമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."