സൂക്ഷ്മ ജീവികള്‍
നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്ത നിരവധി ജീവികള്‍ നമ്മുടെ ഭൂമിയിലുണ്ട്. സൂക്ഷ്മ ജീവികളെന്ന് പേരിട്ട് വിളിക്കുന്ന അവയില്‍ ബാക്ടീരിയ, വൈറസ്, ഫംഗസ്, അമീബ എന്നിവയൊക്കെ ഉള്‍പ്പെടും. നമ്മുടെ ഭൂമിയിലെ പ്രാണവായുവിന്റെ നല്ലൊരു ഭാഗം ഉല്‍പ്പാദിപ്പിക്കുന്നതുതന്നെ ആല്‍ഗ എന്ന സൂക്ഷ്മ ജീവികളാണ്. മനുഷ്യ ശരീരം കോടിക്കണക്കിന് സൂക്ഷ്മ ജീവികളുടെ വാസഗൃഹമാണ്. പ്രാചീന കാലം തൊട്ടു തന്നെ മനുഷ്യന്‍ സൂക്ഷ്മ ജീവികളെക്കുറിച്ച് മനസിലാക്കിയിരുന്നു. ഈജിപ്തിലെ വിനാഗിരി നിര്‍മാണവും മെസപ്പൊട്ടോമിയന്‍ ജനതയുടെ വീഞ്ഞ് നിര്‍മാണവും നമ്മുടെ ആയുര്‍വേദത്തിലെ അരിഷ്ടനിര്‍മ്മാണവുമൊക്കെ ഈ കാര്യം വ്യക്തമാക്കുന്നുണ്ട്. പതിനേഴാം നൂറ്റാണ്ടില്‍ ആന്റണ്‍ വാന്‍ ല്യുവന്‍ ഹോക്ക് മൈക്രോസ്‌കോപ്പിന്റെ പ്രാഥമിക രൂപം കണ്ടെത്തിയതോടെ ബാക്ടീരിയയും യീസ്റ്റും പ്രോട്ടോസോവകളുമടങ്ങുന്ന സൂക്ഷ്മ ജീവികളെക്കുറിച്ച് ശാസ്ത്ര ലോകം പഠിച്ചുതുടങ്ങി. സൂക്ഷ്മ ജീവികളെ അവയുടെ പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ പല വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. സൂക്ഷ്മ ജീവികള്‍ നിലകൊള്ളുന്ന ഘടകത്തിന്റെ അടിസ്ഥാനത്തിലും വേര്‍തിരിച്ചിട്ടുണ്ട്. ജലത്തില്‍ വളരുന്ന സൂക്ഷ്മ ജീവികളെ അക്വാറ്റി്ക് മൈക്രോ ഓര്‍ാഗാനിസം എന്നുവിളിക്കുന്നു. മണ്ണില്‍ വളരുന്ന സൂക്ഷ്മ ജീവികള്‍ക്ക് സോയില്‍ മൈക്രോ ഓര്‍ഗാനിസം എന്നാണ് പേര്. വായുവില്‍ വളരുന്നവയെ എയ്‌റോ മൈക്രോബ്‌സ് എന്നുവിളിക്കുന്നു. ഓക്‌സിജന്റെ സാന്നിധ്യത്തില്‍ വളരുന്ന സൂക്ഷ്മ ജീവികളെ എയ്‌റോബ്‌സ് എന്നാണുവിളിക്കുക. ഓക്‌സിജന്റെ അസാന്നിധ്യത്തില്‍ വളരുന്ന സൂക്ഷ്മ ജീവികള്‍ക്ക് പറയുന്ന പേരാണ് ആനെയ്‌റോബ്‌സ്. ഈ രണ്ട് അവസ്ഥയിലും ജീവിക്കുന്ന സൂക്ഷ്മ ജീവികളാണ് ഫാക്കല്‍റ്റേറ്റീവ് ആനെയ്‌റോബ്‌സ്. താപനിലയുടെ അടിസ്ഥാനത്തിലും സൂക്ഷ്മ ജീവികള്‍ക്ക് വര്‍ഗീകരണം ഉണ്ട്. ഹൈപ്പര്‍ തെര്‍മോഫൈല്‍സ്, തെര്‍മോ ഫൈല്‍സ്, മീസോഫൈല്‍സ് എന്നിങ്ങനെയാണത്. ഇതില്‍ ആദ്യത്തെ വിഭാഗം ഉന്നത താപനിലയിലും രണ്ടാമത്തെ വിഭാഗം സാധാരണ താപനിലയിലും മൂന്നാമത്തെ വിഭാഗം താഴ്ന്ന താപനിലയിലും ജീവിക്കുന്നവയാണ്.
ബാക്ടീരിയ
പ്രോകാരിയോട്ടിക് വിഭാഗത്തില്‍പ്പെടുന്ന ഏക കോശ ജീവികളാണ് ബാക്ടീരിയകള്‍. ഭൂമിയില്‍ ഏറ്റവും കൂടുതലുള്ള സൂക്ഷ്മ ജീവികളാണിവ. ബാക്ടീരിയോണ്‍ എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് ബാക്ടീരിയ എന്ന വാക്കിന്റെ ഉല്‍പ്പത്തി. ബാക്ടീരിയെ സംബന്ധിച്ച പഠന ശാഖയാണ് ബാക്ടീരിയോളജി. നമുക്ക് ഉപകാരികളായതും അല്ലാത്തതുമായ അനേകം ബാക്ടീരിയകള്‍ ഭൂമുഖത്തുണ്ട്. ക്ഷയം പോലെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നതും പാലിനെ പുളിപ്പിച്ച് തൈരാക്കി മാറ്റുന്നതും ബാക്ടീരിയകളാണ്. ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകളാണ് ആന്റി ബയോട്ടിക്. സര്‍ക്കിള്‍ ആകൃതിയുള്ളവ,സിലിണ്ടര്‍ ആകൃതിയുള്ളവ,സ്‌പൈറല്‍ ആകൃതിയിലുള്ളവ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്.
ന്യൂമോണിയ
പ്രതികൂല സാഹചര്യങ്ങളില്‍ ശ്വാസകോശത്തിനകത്ത് സ്‌ട്രെപ്‌റ്റോകോക്കസ് രോഗാണുക്കള്‍ എത്തിപ്പെടുകയും ഇങ്ങനെയെത്തുന്ന രോഗാണുക്കള്‍ ശ്വസനേന്ദ്രിയത്തില്‍ പഴുപ്പും വീക്കവും സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ന്യൂമോണിയക്ക് കാരണം.
ടൈഫോയ്ഡ്
വെള്ളത്തില്‍ കൂടിയും ഭക്ഷണത്തില്‍ കൂടിയും പകരുന്ന രോഗമാണ് ടൈഫോയ്ഡ്. സാള്‍ മൊണല്ല ടൈഫി എന്നയിനം ബാക്ടീരിയയാണ് രോഗകാരി.
ക്ഷയം
ശ്വാസകോശത്തെയാണ് ക്ഷയരോഗം ബാധിക്കുക. മൈക്കോബാക്ടീരിയം ട്യൂബര്‍ക്കുലോസിസ് എന്നയിനം ബാക്ടീരിയയാണ് ക്ഷയരോഗത്തിന് കാരണം. മലിനമായ ചുറ്റുപാടില്‍ ജീവിക്കുന്നവരെയാണ് ക്ഷയം കൂടുതലായും ബാധിക്കുന്നത്.
കോളറ
ജോണ്‍ സ്‌നോ എന്ന ബ്രിട്ടീഷ് ഡോക്ടറാണ് കോളറ പടരുന്നത് മലിനജലത്തിലൂടെയും ഭക്ഷണ പദാര്‍ഥത്തിലൂടെയാണെന്നും ആദ്യമായി കണ്ടെത്തിയത്. വിബ്രിയോ കോളറേ, എല്‍ട്രോര്‍ വിബ്രിയോസ് എന്നീ ബാക്ടീരിയകളാണ് കോളറയ്ക്ക് കാരണം.
വൈറസ്
വിഷവസ്തു എന്നാണ് ലാറ്റിന്‍ പദമായ വൈറസിന്റെ അര്‍ഥം. 1898 ല്‍ ഡച്ച് മൈക്രോബയോളജിസ്റ്റായ മാര്‍ട്ടിനസ് ബജ്‌റിക്കാണ് വൈറസിനെ ആദ്യമായി കണ്ടെത്തുന്നത്. വൈറസുകളെക്കുറിച്ചുള്ള പഠനശാഖയാണ് വൈറോളജി. ഡി.എന്‍.എ, ആര്‍.എന്‍.എ എന്നിവയില്‍ നിര്‍മിതമായ ജീനുകള്‍ എല്ലാ വൈറസുകളിലും കാണപ്പെടുന്നു. ബാക്ടീരിയയുടെ നൂറിലൊന്ന് വലുപ്പം മാത്രമാണ് പല വൈറസുകള്‍ക്കുമുള്ളത്. എല്ലാ വൈറസുകളും രോഗകാരിയല്ല. ചില വൈറസുകള്‍ അവ ബാധിച്ച ജീവികള്‍ക്ക് ഹാനികരമാകാതെ ആതിഥേയ ശരീരത്തില്‍ ജീവിക്കുകയും ചില വൈറസുകള്‍ മറ്റുള്ള ജീവികളിലേക്ക് പടരുകയും ചെയ്യുന്നു. ജലം, വായു, ശരീര സ്രവം തുടങ്ങിയ വിവിധ ഘടകങ്ങളിലൂടെ വൈറസുകള്‍ വ്യാപനം നടത്താറുണ്ട്. രോഗാണുവാഹകരായ വൈറസുകള്‍ ജീവശരീരത്തില്‍ പ്രവേശിച്ചുകഴിയുന്നതോടുകൂടി ശരീരത്തിലെ പ്രതിരോധ കോശങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും വൈറസുകളെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ശ്രമങ്ങളുടെ ഭാഗമായി ശരീരകോശങ്ങള്‍ വിജയിച്ചാല്‍ വൈറസ് നശിക്കുകയും വൈറസിനെ തടയാനുള്ള ആന്റി ബോഡികള്‍ ദീര്‍ഘകാലം ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. വൈറസുകളെ പ്രതിരോധിക്കുന്നതില്‍ ശരീരകോശങ്ങള്‍ പരാജയപ്പെട്ടാല്‍ വൈറസുകള്‍ കോശങ്ങളില്‍നിന്ന് അവയുടെ വളര്‍ച്ചയ്ക്കാവശ്യമായ ഘടകങ്ങള്‍ ആഗിരണം ചെയ്യുകയും വൈറസ് ശരീരത്തെ കീഴ്‌പ്പെടുത്തുകയും ചെയ്യുന്നു.
പോളിയോ
പോളിയോവൈറസ് ഉണ്ടാക്കുന്ന രോഗമാണ് പോളിയോമെലിറ്റസ്. രോഗബാധിതനായ വ്യക്തിയില്‍നിന്നു മറ്റൊരാളിലേക്ക് വിസര്‍ജ്ജ്യത്തിലൂടെ രോഗം പകരാം. വായുവിലൂടെ ശരീരത്തിലെത്തുന്ന വൈറസ് രക്തത്തില്‍ കലരുകയും കേന്ദ്രനാഢീവ്യൂഹത്തേയും തലച്ചോറിനേയും ബാധിക്കുകയും ചെയ്യുന്നു.
സാര്‍സ്
സാര്‍സ് കൊറോണ വൈറസ് ബാധമൂലമുണ്ടാകുന്ന രോഗമാണ് സിവിയര്‍ അക്യൂട്ട് റെസ്പിറ്റേറ്ററി സിന്‍ഡ്രോം. ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന ഈ രോഗം പകര്‍ത്തുന്നത് വവ്വാലുകളാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. രോഗബാധിതനായ വ്യക്തിയുടെ ശരീരസ്രവങ്ങളിലൂടെ രോഗം മറ്റൊരാളിലേക്ക് പകരും.
ഹെപ്പറ്റൈറ്റിസ്
ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി,ഹെപ്പറ്റൈറ്റിസ് ഡി,ഹെപ്പറ്റൈറ്റിസ് ഇ, ഹെപ്പറ്റൈറ്റിസ് ജി എന്നിങ്ങനെ വിവിധ ഹെപ്പറ്റൈറ്റിസ് വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. ഓരോ വൈറസും വിവിധ രീതിയിലാണ് മനുഷ്യനെ ബാധിക്കുന്നത്.
നിപാ
മലേഷ്യയിലെ സങ്കി നിപാ എന്ന സ്ഥലത്താണ് രോഗകാരിയായ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. ഹെനിപാ ജീനസിലെ ഒരു ആര്‍.എന്‍.എ വൈറസാണ് നിപാ. രോഗബാധിതരുടെ ശരീര സ്രവങ്ങളിലൂടെയാണ് മുഖ്യമായും രോഗം പകരുന്നത്.
ഫംഗസ്
സസ്യ-ജന്തുജാലങ്ങളില്‍നിന്നു വ്യത്യസ്തമായി യുക്കാരിയോട്ടിക് കോശ വളര്‍ച്ചാഘടന രീതി സ്വീകരിക്കുന്ന സൂക്ഷ്മ ജീവികളാണിവ. മാവ് പുളിക്കുന്നതിനും വീഞ്ഞ് നിര്‍മാണത്തിനും അരിഷ്ടം പോലെയുള്ള മരുന്നുകളുടെ നിര്‍മാണത്തിനും ആവശ്യമായ ഫെര്‍മെന്റേഷന് ഫംഗസുകള്‍ സഹായിക്കുന്നുണ്ട്. ഫംഗസുകളെക്കുറിച്ചുള്ള പഠന വിഭാഗമാണ് മൈക്കോളജി.
പ്രോട്ടോസോവയും മലമ്പനിയും
പ്രോട്ടോസോവ വിഭാഗത്തില്‍പെട്ട പ്ലാസ്‌മോഡിയം എന്ന ഏകകോശ ജീവിയാണ് മലമ്പനിക്ക് കാരണം. ഇവ ചുവന്നരക്താണുക്കളില്‍ പെരുകുന്നതാണ് രോഗ കാരണം. പ്ലാസ്‌മോഡിയം വിവാക്‌സ്, പ്ലാസ്‌മോഡിയം ഒവൈല്‍, പ്ലാസ്‌മോഡിയം മലേറിയ, പ്ലാസ്ഡിയം നോവേല്‌സി എന്നീ വിഭാഗങ്ങളില്‍ പ്ലാസ്‌മോഡിയംഫാള്‍സി പാരം എന്നയിനമാണ് ഏറ്റവും അപകടകാരി. ഇവ വളരെ വേഗത്തില്‍ രോഗം വര്‍ധിക്കാന്‍ കാരണമാകുന്നു. അനോഫിലിസ് ജനുസില്‍പ്പെട്ട പെണ്‍കൊതുകുകളാണ് മലേറിയ രോഗം പകര്‍ത്തുന്നത്. ഇവയുടെ ഉമിനീരില്‍നിന്നു പ്ലാസ്‌മോഡിയം നമ്മുടെ രക്തത്തില്‍ കലരുമ്പോഴാണ് മലമ്പനിയുണ്ടാകുന്നത്. പനി, വിറയല്‍, വിളര്‍ച്ച, തലവേദന, ചര്‍ദ്ദി എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. തുടര്‍ച്ചയായി കാണപ്പെടുന്ന ഉയര്‍ന്ന അളവിലുള്ള പനിയാണ് പലപ്പോഴും മലമ്പനിയുടെ പ്രാഥമിക ലക്ഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."