മാന്നാര്‍ മഹാത്മാഗാന്ധി ജലോത്സവം സെപ്റ്റംബര്‍ 12ന്
ആലപ്പുഴ: അമ്പത്തിരണ്ടാമത് മഹാത്മാഹാന്ധി ജലോത്സവം സെപ്റ്റംബര്‍ 12ന് ഉച്ചക്ക് രണ്ട് മണിമുതല്‍ പമ്പയാറ്റിലെ കുര്യത്ത് വളവിലുള്ള മാന്നാര്‍ മഹാത്മാ വാട്ടര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി ജെ കുര്യന്‍, ആന്റോ ആന്റണി എം പി, മുന്‍മന്ത്രി അടൂര്‍ പ്രകാശ് എന്നിവരുടെ സഹായത്തോടെ ആയിരക്കണക്കിന് കാണികള്‍ക്ക് ജലമേള വീക്ഷിക്കാനുള്ള പവലിയനും സ്റ്റേഡിയവും പൂര്‍ത്തീകരിച്ചതായി അവര്‍ പറഞ്ഞു.
പത്ത് ചുണ്ടന്‍വള്ളങ്ങളും ഒമ്പത് ഒന്നാംഗ്രേഡ് വെപ്പ് വള്ളങ്ങളും ഉള്‍പ്പെടെ നാല്‍പ്പഞ്ച് കളിവള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ചലച്ചിത്ര താരങ്ങളും വിശിഷ്ടാതിഥികളായി ജലമേളയില്‍ പങ്കെടുക്കും. ജലമേളയുടെ ഇടവേളയില്‍ ഇന്ത്യന്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ പ്രകടനവും ചലച്ചിത്ര പിന്നണി ഗായകരുടെ ഗാനമേളയും ഉണ്ടാകും.
വി ഐ പി പവലിയന് മുമ്പില്‍ പണിതീര്‍ത്ത മഹാത്മജിയുടെ പ്രതിമയുടെ അനാച്ഛാദനം മഹാത്മാഗാന്ധിയുടെ പൗത്രന്‍ തുഷാര്‍ഗാന്ധി ജലോത്സവദിവസം നിര്‍വഹിക്കും. അമ്പത്തിരണ്ട് വര്‍ഷമായി മുടങ്ങാതെ നടത്തുന്ന ഈ ജലമേളക്ക് നെഹ്‌റുട്രോഫിക്കും ആറന്മുള, നീരേറ്റുപുറം ജലമേളകള്‍ക്ക് നല്കുന്ന ഗാന്‍ഡ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം സംസ്ഥാന ധനകാര്യമന്ത്രിക്കും ടൂറിസംമന്ത്രിക്കും ജലോത്സവ സമിതി നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.
ഒരു കിലോമീറ്ററിലേറെ നീളമുള്ള വാട്ടര്‍ സ്റ്റേഡിയത്തിന്റെ ഇരുകരകളിലുമായി വളര്‍ന്ന് നില്‍ക്കുന്ന കാടുംപുല്‍തകിടിയും നീക്കം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്നും ഉണ്ടാകണമെന്ന് ജലോത്സവ സമിതി അഭ്യര്‍ഥിച്ചു. പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ അഡ്വ. എന്‍ ഷൈലാജ്, ജനറല്‍ സെക്രട്ടറി ടി കെ ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."