അടുത്തത് യു.ഡി.എഫ് ; നവീകരണക്രിയകള്‍ക്ക് തുടക്കം
തിരുവനന്തപുരം: കോണ്‍ഗ്രസിലെ മാറ്റങ്ങള്‍ക്കു പിന്നാലെ സമാനമായ പരിഷ്‌കരണങ്ങള്‍ യു.ഡി.എഫിലും. മുന്നണിയെ അടിമുടി ഇളക്കി പ്രതിഷ്ഠിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. ഇതുസംബന്ധിച്ച് യു.ഡി.എഫ് ഘടകകക്ഷികളുമായി മുന്നണി കണ്‍വീനര്‍ എം.എം ഹസനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും ആശയവിനിമയം നടത്തി.
23ന് നടക്കുന്ന മുഴുദിന ഏകോപനസമിതി യോഗത്തില്‍ ഇതുസംബന്ധിച്ച് വിശദമായ ചര്‍ച്ച നടക്കും. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയവും യോഗം വിശദമായി ചര്‍ച്ച ചെയ്യും. വിവിധ വിഷയങ്ങളില്‍ മുന്നണി സ്വീകരിക്കേണ്ട നയങ്ങള്‍ സംബന്ധിച്ചും ചര്‍ച്ചയുണ്ടാകും.
പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് ആരോപണം മുന്നണിയില്‍ ചര്‍ച്ച ചെയ്ത ശേഷം പ്രതികരിക്കുമെന്നാണ് ഇന്നലെ മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി ഹസന്‍ പറഞ്ഞത്.
ഈരാറ്റുപേട്ട നഗരസഭയില്‍ യു.ഡി.എഫ് ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുല്‍ ഖാദറിനെതിരേ എസ്.ഡി.പി.ഐയുടെ പിന്തുണയോടെ എല്‍.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നതും മുന്നണിക്ക് ഭരണം നഷ്ടമായതും ചര്‍ച്ചയാകും. ഇത് സി.പി.എം- എസ്.ഡി.പി.ഐ കൂട്ടുകെട്ടിന്റെ ഭാഗമാണെന്ന വിധത്തില്‍ പ്രചാരണം നടത്തും.
ഈ മാസം 28ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെയും യോഗം വിളിച്ചിട്ടുണ്ട്.
അടുത്തമാസം പത്തിനുള്ളില്‍ മുന്നണി മണ്ഡലം കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കും. നവംബറില്‍ മണ്ഡലം സമ്മേളനങ്ങളും ഡിസംബറില്‍ ജില്ലാ സമ്മേളനങ്ങളും നടത്തും. ഇതിനൊടുവില്‍ അടുത്ത വര്‍ഷം ആദ്യം സംസ്ഥാനതല കണ്‍വെന്‍ഷനും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."