വീണ വിജയന്റെ കമ്പനിയുടെ മെന്റര്‍ ആണ് ജെയ്‌ക്കെന്ന് മുഖ്യമന്ത്രി സമ്മതിച്ചു, സ്പീക്കറുടെ റൂളിങ് മാനിക്കുന്നു: മാത്യു കുഴല്‍നാടന്‍
മൂവാറ്റുപുഴ: മുഖ്യമന്ത്രിക്കെതിരായ അവകാശലംഘന നോട്ടിസ് തള്ളിയ സ്പീക്കറുടെ റൂളിങിനെ മാനിക്കുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. അവകാശ ലംഘന നോട്ടിസിന് നല്‍കിയ മറുപടിയിലൂടെ തന്റെ വാദം മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുന്നു. ജെയ്ക് ബാലകുമാര്‍ എക്‌സാലോജിക്ക് കമ്പനിയുടെ മെന്റര്‍ ആയിരുന്നുവെന്ന് മറുപടിയിലൂടെ വ്യക്തമായി. അന്ന് പറഞ്ഞ കാര്യം മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മെന്റര്‍ ആയി പ്രവര്‍ത്തിച്ചയാളുടെ പേര് കമ്പനി വെബ് സൈറ്റില്‍ നിന്ന് നീക്കിയത് വ്യക്തമാക്കണം. താന്‍ പൊതു സമൂഹത്തിന് മുന്നില്‍ വിഷയം വ്യക്തമാക്കിക്കഴിഞ്ഞെന്നും ഇനിയും വിവാദവുമായി മുന്നോട്ട് പോകാന്‍ ഉദ്ദേശമില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പിഡബ്ല്യുസി ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ മകള്‍ വീണയുടെ മെന്റര്‍ അല്ല, വീണയുടെ കമ്പനിയുടെ മെന്റര്‍ ആണെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം പരിഗണിച്ചാണ് മെന്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് എതിരായ മാത്യു കുഴല്‍നാടന്റെ അവകാശ ലംഘന നോട്ടിസ് സ്പീക്കര്‍ തള്ളിയത്.
നിയമസഭാ ചട്ടങ്ങള്‍ പ്രകാരമുള്ള കാര്യനിര്‍വഹണവും നടപടിക്രമങ്ങളും സംബന്ധിച്ചുള്ള 154ാം ചട്ടപ്രകാരമാണ് മാത്യു കുഴല്‍നാടന്‍ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടിസ് സമര്‍പ്പിച്ചത്.
നിയമസഭയില്‍ നടന്ന അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ മാത്യു കുഴല്‍നാടന്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക് കമ്പനി വെബ്‌സൈറ്റില്‍ പിഡബ്ല്യുസി ഡയറക്ടറായ ജെയ്ക് ബാലകുമാര്‍ തന്റെ മെന്ററാണെന്നു വീണ വിജയന്‍ അവകാശപ്പെട്ടിട്ടുണ്ടെന്ന വിഷയമാണു മാത്യു കുഴല്‍നാടന്‍ ഉന്നയിച്ചത്. എന്നാല്‍ തന്റെ മകള്‍ അത്തത്തിലൊരു കാര്യം പറഞ്ഞിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മാത്യു കുഴല്‍നാടന്‍ പറയുന്നത് പച്ചകള്ളമാണെന്നും മുഖ്യമന്ത്രി ക്ഷുഭിതനായി പറഞ്ഞിരുന്നു.
തൊട്ടടുത്ത ദിവസം എക്‌സാലോജിക്കിന്റെ വെബ്‌സൈറ്റ് ആര്‍ക്കൈവ്‌സ് ഉള്‍പ്പെടെ വിശദീകരിച്ചുകൊണ്ട് താന്‍ പറഞ്ഞത് ശരിയാണെന്നും കുഴല്‍നാടന്‍ സ്ഥാപിച്ചിരുന്നു. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നു കാണിച്ചാണു അവകാശലംഘന നോട്ടിസ് കുഴല്‍നാടന്‍ സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."