HOME
DETAILS
MAL
കാംപസ് കേന്ദ്രീകരിച്ച് തീവ്രവാദം: സി.പി.എം
backup
September 18 2021 | 03:09 AM
തിരുവനന്തപുരം: കേരളത്തിലെ കോളജുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥിനികളെ തീവ്രവാദത്തിന്റെ പാതയിലേക്ക് കൊണ്ടുപോകാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് സി.പി.എം. പാര്‍ട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനുള്ള കുറിപ്പിലാണ് ഈ പരാമര്‍ശങ്ങള്‍.
പ്രൊഫഷണല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കുറിപ്പില്‍ പറയുന്നു. ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ നടത്തേണ്ട ഉദ്ഘാടന പ്രസംഗം സംബന്ധിച്ച് സി.പി.എം കുറിപ്പ് തയാറാക്കി നേതാക്കള്‍ക്ക് നല്‍കിയിരുന്നു. ഇതില്‍ 'ന്യൂനപക്ഷ വര്‍ഗീയത' എന്ന തലക്കെട്ടിനു കീഴിലാണ് വിവാദ പരാമര്‍ശങ്ങള്‍.
ജനാധിപത്യ വിശ്വാസികളും മുസ്‌ലിം സമൂഹത്തിലെ ബഹുഭൂരിപക്ഷവും തള്ളിക്കളഞ്ഞ താലിബാന്‍ പോലുള്ള സംഘടനകളെപ്പോലും പിന്തുണയ്ക്കുന്ന ചര്‍ച്ചകള്‍ കേരള സമൂഹത്തില്‍ രൂപപ്പെടുന്നത് അതീവ ഗൗരവമുള്ള കാര്യമാണെന്ന് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. സംഘ്പരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്.
മുസ്‌ലിം സംഘടനകളിലെല്ലാം നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ മുസ്‌ലിം തീവവാദ രാഷ്ട്രീയം ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തെയും നാം കാണേണ്ടതുണ്ട്.
ഇസ്‌ലാമിക രാഷ്ട്ര സ്ഥാപനത്തിനായി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമി അതിന്റെ ആശയപരമായ വേരുകള്‍ മുസ്‌ലിം സമൂഹത്തിലും പൊതുസമൂഹത്തിലും വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. പൊതുവെ വര്‍ഗീയ ആശയങ്ങള്‍ക്ക് കീഴ്‌പ്പെടാത്ത ക്രൈസ്തവ വിഭാഗത്തിലെ ചെറിയൊരു വിഭാഗം ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിലേക്കു പോകുന്നുണ്ട്.
ക്രൈസ്തവ വിഭാഗത്തെ മുസ്‌ലിംകള്‍ക്കെതിരേ തിരിച്ചുവിടാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളും നടക്കുന്നു. ഇതിനെതിരേയും ജാഗ്രത പാലിക്കുകയും ഇടപെടല്‍ നടത്തുകയും വേണം.
ക്ഷേത്രക്കമ്മിറ്റികള്‍ കേന്ദ്രീകരിച്ച് സംഘ്പരിവാര്‍ അവരുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ക്ഷേത്രക്കമ്മിറ്റികള്‍ ബി.ജെ.പി നിയന്ത്രണത്തിലേക്ക് പോകാതിരിക്കാനുള്ള ഇടപെടല്‍ വേണം. ഇത്തരം ചിന്താഗതികള്‍ ആത്യന്തികമായി ഭൂരിപക്ഷ വര്‍ഗീയതയ്ക്കാണ് നേട്ടമാകുകയെന്ന് തിരിച്ചറിയണമെന്നും കുറിപ്പിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."