ടിക് ടോക്ക് നിരോധിക്കാനുള്ള ബില്ലുമായി യു.എസ് എം.പിമാര്‍
വാഷിങ്ടണ്‍: ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്ക് അമേരിക്കയില്‍ നിരോധിക്കുന്നതിന് ബില്ലുമായി യു.എസ് എം.പിമാര്‍ രംഗത്ത്. മാര്‍ക്കോ റൂബിയോ ആണ് സെനറ്റില്‍ ബില്ല് കൊണ്ടുവന്നത്. ജനപ്രതിനിധി സഭയില്‍ മൈക് ഗല്ലാഗെറും രാജാ കൃഷ്ണമൂര്‍ത്തിയുമാണ് നിയമനിര്‍മാണത്തിന് ശ്രമമാരംഭിച്ചത്.
ടിക് ടോക്കിന്റെ ഭീഷണിയില്‍ നിന്ന് അമേരിക്കന്‍ ഉപയോക്താക്കളെ സംരക്ഷിക്കാന്‍ ഫെഡറല്‍ ഗവണ്മെന്റ് ഇതുവരെ അര്‍ത്ഥവത്തായ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് സെനറ്റര്‍ റൂബിയോ പറഞ്ഞു. തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാനും ഫീഡുകളില്‍ കൃത്രിമം കാണിക്കാനും ടിക് ടോക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. ചൈനയ്ക്കുള്ള മറുപടിയാണിത്. കമ്പനിയുമായി അര്‍ത്ഥശൂന്യമായ ചര്‍ച്ചകള്‍ക്ക് ഇനി സമയമില്ല. ബീജിങിന്റെ നിയന്ത്രണത്തിലുള്ള ടിക് ടോക് നിരോധിക്കേണ്ട സമയമാണിത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആപ്ലിക്കേഷന്റെ ഡാറ്റ ലഭ്യമാക്കണമെന്ന് നിയമം അനുശാസിക്കുന്നു. ചൈന ചാരപ്പണിക്ക് ടിക് ടോക് ഉപയോഗിച്ചേക്കുമെന്ന് അമേരിക്ക ഭയപ്പെടാന്‍ ഇതാണ് കാരണം. 2018ല്‍ ആരംഭിച്ച ടിക് ടോകിന് ഇറാന്, ഉത്തര കൊറിയ, ക്യൂബ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ഒരു ബില്യണിലധികം പ്രതിമാസ സജീവ ഉപയോക്താക്കളുണ്ട്. ലോകത്തെ ഏറ്റവും ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നാണിത്.
നേരത്തെ, അമേരിക്കക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് അന്നത്തെ ട്രംപ് ഭരണകൂടം 2020ല്‍ ടിക് ടോക്കിനെയും ചൈനീസ് മീഡിയ പ്ലാറ്റ്ഫോമായ വീചാറ്റിനെയും നിരോധിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ബൈഡന് ഭരണകൂടം തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."