ഒരു ശോകഗാനം പോലെ മുകേഷ്
''ഡം ഡം ഡിഗാ ഡിഗാ
മോസം ഭിഗാ ഭിഗാ
ബിന്‍ പിയേ മെതൊ ഗിരാ മെതൊ ഗിരാ
ഹായ് അല്ലാഹ്
സൂരത് ആപ്കി സുബ്ഹാനല്ലാഹ്!''
ഇന്നും ആസ്വാദകരുടെ ഇടയില്‍ അലയടിക്കുന്ന ഹിന്ദി ഗാനമാണിത്. പുതുതലമുറപോലും അത് ഏറ്റുപാടുകയും ട്രാക്കില്‍ പാടി റിക്കാര്‍ഡ് ചെയ്യുകയും ചെയ്യുന്നു. 1960ല്‍ ഇറങ്ങിയ 'ചാലിയ' എന്ന ചിത്രത്തില്‍ കല്യാണ്‍ ജി ആനന്ദ് ജി ടീം ഈണം നല്‍കി, രാജ് കപൂറിനു വേണ്ടി പ്രശസ്ത ഗായകന്‍ മുകേഷ് പാടിയ ഗാനമാണിത്. അദ്ദേഹത്തിന്റെ 40-ാം ചരമദിനമാണ് ഓഗസ്റ്റ് 27.
ശോകഗായകന്‍ എന്ന നിലയിലാണ് മുകേഷ് എന്ന മുകേഷ് ചന്ദ് മാഥൂര്‍ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ എല്ലാതരം ഗാനങ്ങളിലും ഒരു ദുഃഖ നിഴല്‍പാട് പടരുന്നതായി നമുക്ക് അനുഭവപ്പെടും, തമാശഗാനങ്ങളില്‍ പോലും! അതുകൊണ്ടുതന്നെ ശോകഗാനങ്ങളാണ് മുകേഷ് ഏറെയും പാടിയത്. സ്വരം താഴ്ത്തിയുള്ള ആലാപനത്തില്‍ വിദഗ്ധനായിരുന്നു അദ്ദേഹം. മുഹമ്മദ് റഫി, മന്നാടെ എന്നിവരുടെ സംഗീത പ്രശസ്തിയുടെ കാലത്ത് തന്നെയാണ് മുകേഷും അവിസ്മരണീയ ഗാനങ്ങള്‍ രാജ്യത്തിന് സമ്മാനിച്ചത്.
എന്‍ജിനീയറായിരുന്ന ലാല സോരാവര്‍ ചന്ദ് മാഥൂരിന്റെയും ചാന്ദ്‌റാണിയുടെയും 10 മക്കളില്‍ ആറാമനായി 1923 ജൂലൈ 22ന് ദില്ലിയിലാണ് മുകേഷ് ജനിച്ചത്. ചെറുപ്പത്തിലെ ശബ്ദമാധുര്യത്തിന്നുടമയായിരുന്നു അദ്ദേഹം. മൂത്തസഹോദരി സുന്ദര്‍പ്യാരിയെ സംഗീതം പഠിപ്പിക്കാന്‍ വരുന്ന മ്യൂസിക് ടീച്ചറുടെ പാഠങ്ങള്‍ ഒളിഞ്ഞിരുന്നത് കേള്‍ക്കുമായിരുന്നു കൊച്ചു മുകേഷ്. അവനില്‍ ഒരു കലാകാരനുണ്ടെന്ന് ആദ്യം മനസിലാക്കിയത് ആ ടീച്ചറായിരുന്നു. 10-ാം ക്ലാസിനു ശേഷം വിദ്യാഭ്യാസത്തോടു വിടചൊല്ലി ദില്ലിയില്‍ പൊതുമരാമത്ത് വകുപ്പില്‍ മുകേഷ് താല്‍ക്കാലിക ജോലിയില്‍ ചേര്‍ന്നു. ജോലിക്കിടയിലും തന്റെ ശബ്ദസൗകുമാര്യത്തെ പരിപോഷിപ്പിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തി.
മൂത്ത സഹോദരിയുടെ വിവാഹവേദിയില്‍ പാട്ടുപാടിയ മുകേഷില്‍ അകന്ന ബന്ധുവായ മോത്തിലാല്‍ ആകൃഷ്ടനായി. അദ്ദേഹം മുകേഷിനെ മുംബൈയിലേക്ക് വരുത്തി തന്റെ കൂടെ താമസിപ്പിച്ചു. പണ്ഡിറ്റ് ജഗന്നാഥ് പ്രസാദിന്റെ കീഴില്‍ സംഗീതം അഭ്യസിപ്പിക്കാന്‍ ഏര്‍പ്പാടാക്കി. അക്കാലത്ത് ഒരു ഹിന്ദി സിനിമയില്‍ പാടി അഭിനയിക്കാന്‍ മുകേഷിന് അവസരം ലഭിച്ചു. 1941ല്‍ ഇറങ്ങിയ 'നിര്‍ദോഷ് ' എന്ന ചിത്രമായിരുന്നു അത്. 'ദില്‍ ദി ഭുജാ ഹുവാതൊ...' എന്ന ഗാനമായിരുന്നു പാടി അഭിനയിച്ചത്. പ്രശസ്ത ഗായകനായ കെ.എല്‍ സൈഗാളിന്റെ ആരാധകനായ മുകേഷ് തുടക്കത്തില്‍ സൈഗാളിന്റെ ശൈലിയിലാണ് പാടിയിരുന്നത്. പിന്നണി ഗായകനെന്ന നിലയില്‍ ആദ്യമായി പാടിയത് 1945ല്‍ ഇറങ്ങിയ 'പഹലി നസര്‍' എന്ന പടത്തിലായിരുന്നു. മോത്തിലാല്‍ അഭിനയിച്ച പ്രസ്തുത ചിത്രത്തില്‍ ആഹ് സിത്താപുരി എഴുതി അനില്‍ ബിശ്വാസ് സംഗീതം നല്കിയ 'ദില്‍ ജല്‍ത്താഹെതൊ ജല്‍നെദേ...' എന്ന ഗാനമായിരുന്നു അത്. ആ പാട്ട് കേട്ട് സൈഗാള്‍ പറഞ്ഞത്, 'ഈ പാട്ട് ഞാന്‍ പാടിയതായി എനിക്കോര്‍മയില്ലല്ലോ' എന്നായിരുന്നു! പിന്നീടാണ് അത് മുകേഷ് പാടിയതാണെന്ന് അദ്ദേഹത്തിന് മനസിലായത്.
റിഹേഴ്‌സല്‍ ചെയ്യുമ്പോഴും റിക്കാര്‍ഡ് ചെയ്യുമ്പോഴും വേദികളിലും മുകേഷ് സ്വയം ഹാര്‍മോണിയം വായിച്ചാണ് പാടിയിരുന്നത്. ശ്രുതി തെറ്റാതിരിക്കാനാണെന്നാണ് അദ്ദേഹം അതിന് കാരണം പറഞ്ഞിരുന്നത്. ഈ സ്വഭാവവും മാറ്റിയെടുത്തത് നൗഷാദായിരുന്നു. നൗഷാദിന്റെ സംഗീത സംവിധാനത്തില്‍ ഏറെ പടങ്ങളില്‍ മുകേഷ് പാടി. 'പുകാര്‍' എന്ന ചിത്രത്തിലായിരുന്നു അവര്‍ അവസാനമായി ഒന്നിച്ചത്.
ദിലീപ് കുമാറിന് വേണ്ടി മുകേഷിന്റെ ശബ്ദം ഉപയോഗിക്കാന്‍ തുടക്കമിട്ടത് നൗഷാദ് സാഹിബായിരുന്നെങ്കിലും പിന്നീട് മറ്റു സംഗീത സംവിധായകരും ദിലീപിനു വേണ്ടി മുകേഷിനെ ഉപയോഗിച്ചു. അനില്‍ ബിശ്വാസ് ചിട്ടപ്പെടുത്തിയ 'ജീവന്‍ സപ്ന ടൂട്ട്ഗയ..' (ചിത്രം: അനോഖെ പ്യാര്‍), 'യെ മേര ദീവാനാപന്‍ ഹെ....' (ശങ്കര്‍ ജയ്കിഷന്‍-യഹൂദി), 'സുഹാനാ സഫര്‍ ഔര്‍ യെ മോസം.....' (സലില്‍ ചൗധരി-മധുമതി) തുടങ്ങിയവ ഉദാഹരണങ്ങളാണ്. പക്ഷെ, പിന്നീട് ദിലീപ് കുമാര്‍ മുഹമ്മദ് റഫിയുടെ ശബ്ദവും, രാജ്കപൂര്‍ മുകേഷിന്റെ ശബ്ദവും സ്ഥിരമായി സ്വീകരിക്കുകയായിരുന്നു.
കല്യാണ്‍ജി ആനന്ദ്ജി കൂട്ടുകെട്ട് സംഗീതം നല്‍കിയ മറക്കാന്‍ പറ്റാത്ത ഏറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട് മുകേഷ്. 1958ല്‍ ഇറങ്ങിയ 'ബേദര്‍ദ് സമാന ക്യാ ജാനെ' എന്ന പടത്തില്‍ കല്യാണ്‍ജി മാത്രം സംഗീതം നല്‍കിയ 'നൈന ഹെ ജാദുഭരെ...' എന്ന ഗാനത്തോടെയാണ് തുടക്കം. കല്യാണ്‍ ജി ആനന്ദ് ജിയോടൊപ്പമുളള ആദ്യത്തേത് 1959ല്‍ ഇറങ്ങിയ 'മദരി...' എന്ന ചിത്രത്തിലെ 'മെഹും മസ്ത് മദരി' എന്ന് തുടങ്ങുന്ന ഗാനമാണ്.
വരികളിലെ അര്‍ഥമഹിമയും ഈണങ്ങളിലെ മാസ്മരികതയും ആസ്വദിക്കുന്നവര്‍ക്ക് മുകേഷിന്റെ ഏത് ഗാനങ്ങളിലും നൊമ്പരത്തിന്റെ നനവ് അനുഭവപ്പെടും. അദ്ദേഹത്തിന്റെ അനുനാസികാ ശബ്ദത്തിന്റെ പ്രത്യേകതകൊണ്ടാണത്. അതുകൊണ്ട് തന്നെയാവണം ശോകഗാനങ്ങളധികവും മുകേഷിനെ കൊണ്ട് പാടിപ്പിക്കുവാന്‍ സംഗീത സംവിധായകര്‍ക്ക് പ്രേരണയായിട്ടുണ്ടാവുക. അത് തന്നെയാണ് മുകേഷിന്റെ വിജയവും.
1974ല്‍ ഇറങ്ങിയ 'രജനിഗന്ധ' എന്നസിനിമയിലെ 'കയിബാര്‍ യൂഹീ ദേഖാ ഹെ...' എന്ന ഗാനത്തിന് ഏറ്റവും നല്ല ഗായകനുള്ള ദേശീയ അവാര്‍ഡ് മുകേഷ് നേടി. 'സബ്കുച്ച് ദേഖാ ഹംനെ....' (പഹ്ചാന്‍), 'ജയ് േബാലോ ബേമാന്‍കി..' (ബേമാന്‍), 'കഭി കഭി മേരെ ദില്‍മെ..' (കഭി കഭി) എന്നിവയ്ക്ക് ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ലഭിച്ചു. മഹാരാഷ്ട്ര, ബംഗാള്‍, മധ്യപ്രദേശ് ഗവണ്‍മെന്റുകളുടെ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ആദബ് അര്‍സ് (1943), ആഹ് (1953), മഷൂഖ (1953), അനുരാഗ് (1956) എന്നീ പടങ്ങളില്‍ മുകേഷ് അഭിനയിച്ചിട്ടുണ്ട്.
1946 ജൂലൈ 22ന് തനിക്കിഷ്ടപ്പെട്ട പെണ്‍കുട്ടി സരള്‍ ത്രിവേദിയെ അവരുടെ ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് സ്വന്തമാക്കി. എന്നാല്‍ മുകേഷ്-സരള്‍ ദാമ്പത്യം അധികനാള്‍ നീണ്ടുനിന്നില്ല. എങ്കിലും അവര്‍ നല്ല സുഹൃത്തുക്കളായി ജീവിച്ചു. റിത, ഗായകന്‍ നിതിന്‍, മൊഹ്‌നിഷ്, നമ്രത, പരേതയായ നളിനി എന്നിവരാണ് മക്കള്‍. നടന്‍ നീല്‍ നിതിന്‍ പേര മകനാണ്.
തന്റെ മുപ്പതാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നാലുനാള്‍ കഴിഞ്ഞ് 1976 ജൂലൈയില്‍ ലതാമങ്കേഷ്‌കറോടൊപ്പം മുകേഷ് അമേരിക്കയില്‍ ഗാനമേള പ്രോഗ്രാമിനു പോയി. 1976 ഓഗസ്റ്റ് 27ന് രാവിലെ മുകേഷ് അമേരിക്കയിലെ മിഷിഗണില്‍ നിന്ന് എഴുന്നേറ്റ് ഗാനമേള സ്ഥലത്തേക്ക് യാത്രയായി. അസഹ്യമായ നെഞ്ചുവേദനയും ശ്വാസതടസവുമനുഭവപ്പെട്ട് പകുതിക്ക് നിര്‍ത്തി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞു. പ്രോഗ്രാം ലതാമങ്കേഷ്‌കര്‍ പൂര്‍ത്തിയാക്കുകയും മുകേഷിന്റെ ബോഡിയുമായി ബോംബൈയിലേക്ക് തിരിക്കുകയും ചെയ്തു. ഓഗസ്റ്റ് 30ന് മുകേഷിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സൗത്ത് മുംബൈയില്‍ സംസ്‌കരിച്ചു. തന്റെ എല്ലാ സിനിമകളിലും സ്ഥിരഗായകനായ മുകേഷ് മരിച്ചതറിഞ്ഞപ്പോള്‍ ബോളിവുഡിന്റെ ഷോമാനായ രാജ് കപൂര്‍ വിലപിച്ചു: ''എന്റെ ശബ്ദം നിലച്ചു''.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."