മൊറോക്കോയുടെ പുഞ്ചിരിക്കുന്ന ലോകകപ്പ് ഹീറോയായി യാസീന്‍ ബൗനു
ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ആഫ്രിക്കന്‍ ടീം സെമിഫൈനലിലേക്ക് കുതിച്ചപ്പോള്‍ ആ പ്രയാണത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് യാസീന്‍ ബൗനു. മൊറോക്കോയുടെ ഗോള്‍കീപ്പര്‍. ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ അറബ് രാജ്യംകൂടിയാണ് മൊറോക്കോ.
പ്രതിരോധത്തിലെ മികവാണ് മൊറോക്കോയുടെ കരുത്തെന്ന് നിസ്സംശയം പറയാം. ഈ ലോകകപ്പില്‍ ഇതുവരെ ആരും മൊറോക്കോയുടെ പോസ്റ്റില്‍ ഗോളടിച്ചിട്ടില്ല. കാനഡയ്‌ക്കെതിരേ ഒരു സെല്‍ഫ് ഗോള്‍ വഴങ്ങിയെന്നതു മാത്രമാണ് അപവാദം. 4-1-4-1 എന്ന ടീം ലൈനപ്പ് മിഡ്ഫീല്‍ഡിലെയും ഡിഫന്‍സിലെയും ലൈനുകള്‍ക്കിടയില്‍ കണ്ടെത്താനാകുന്ന ഏത് വിടവും പിഴുതെറിഞ്ഞു.
ഷൂട്ടൗട്ടില്‍ സ്‌പെയിനിന്റെ ഒരു കിക്ക് പോലും വലയിലേക്ക് പോകാന്‍ യാസീന്‍ ബൗനു അനുവദിച്ചിരുന്നില്ല. എതിരാളികള്‍ക്ക് നിരാശ സമ്മാനിക്കുന്ന മറ്റൊരു കാര്യം യാസീന്‍ ബൗനുവിന്റെ സദാസമയവുമുള്ള പുഞ്ചിരിയാണെന്ന് പറയുന്നവരുണ്ട്. സ്‌പെയിനിനെതിരായ നിര്‍ണായകമായ പ്രീ ക്വാര്‍ട്ടറില്‍ പിരിമുറുക്കമുള്ള ഷൂട്ടൗട്ട് സമയത്തും അയാള്‍ പുഞ്ചിരിക്കുകയായിരുന്നു. സ്‌പെയിനിന്റെ മൂന്നാമത്തെ നിര്‍ണായക കിക്കെടുക്കാന്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് വരുമ്പോള്‍ പല്ലുകള്‍ മുഴുവന്‍ കാണിച്ച് ചിരിക്കുകയായിരുന്ന യാസീന്‍ ബൗനുവിനെയാണ് കാമറകള്‍ ഒപ്പിയെടുത്തത്. പോര്‍ച്ചുഗലിനെതിരായ മല്‍സരത്തിലും പുഞ്ചിരികള്‍ വെടിയുണ്ടകളാക്കി എതിരാളികളെ തോല്‍പ്പിച്ച് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടി.
'അവന്‍ പുഞ്ചിരിച്ചില്ലെങ്കിലാണ് പ്രശ്‌നം'-മൊറോക്കന്‍ ദേശീയ ടീമിന്റെ മുന്‍ ഗോള്‍കീപ്പിങ് പരിശീലകനായ ക്രിസ്റ്റോഫ് റെവല്‍ റേഡിയോ ഫ്രാന്‍സ് ഇന്റര്‍നാഷണലിനോട് വെളിപ്പെടുത്തി.
കാനഡയിലെ മോണ്‍ട്രിയലിലാണ് ബൗനു ജനിച്ചത്. മൂന്ന് വയസ്സുള്ളപ്പോള്‍ കുടുംബം മൊറോക്കോയിലെ കാസബ്ലാങ്കയിലേക്ക് മടങ്ങി. അവിടെ സുഖപ്രദമായ മധ്യവര്‍ഗ പശ്ചാത്തലത്തില്‍ വളര്‍ന്നു. മൊറോക്കോയിലെ ഏറ്റവും മികച്ച ഫ്രഞ്ച് സെക്കന്‍ഡറി സ്‌കൂളുകളിലൊന്നില്‍ ചേര്‍ന്നു. എട്ടാം വയസ്സില്‍ വൈഡാഡ് അത്‌ലറ്റിക് ക്ലബില്‍ ചേര്‍ന്ന ശേഷം, മൊറോക്കോയിലെ ഏറ്റവും വിജയകരമായ ഫുട്‌ബോള്‍ ക്ലബ്ബിന്റെ താരമായി ബൗനൂ പെട്ടെന്ന് ഉയര്‍ന്നു. തുടര്‍ന്ന് പ്രശസ്തമായ നിരവധി ക്ലബുകളില്‍ കളിച്ചു. ഒടുവില്‍ സ്‌പെയിനിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നായ സെവിയ്യ എഫ്.സിയിലെത്തിയതോടെ ലോകോത്തര കീപ്പറായി വളര്‍ന്നു. 2021ല്‍ സീസണിലുടനീളം ക്ലബ്ബിനും രാജ്യത്തിനുമായി മികച്ച പ്രകടനമാണ് നടത്തിയത്.
'അവന്‍ ഒരു മികച്ച കീപ്പറാണ്. വേഗത്തില്‍ പ്രാവീണ്യം നേടി. അവന് മികച്ച പാദങ്ങളുണ്ട്. ദൂരെ നിന്നുകൊണ്ട് തന്നെ കളിനീക്കങ്ങള്‍ പെട്ടെന്ന് മനസിലാക്കാന്‍ കഴിവുണ്ട്. ഏറ്റവും പ്രധാനമായി, അവന്‍ തണുത്ത രക്തമുള്ളവനാണ്. ബെല്‍ജിയത്തിന്റെയോ ഇംഗ്ലണ്ടിന്റെയോ ഗോള്‍കീപ്പര്‍ ആയിരുന്നെങ്കില്‍, അവന്‍ ഒരു ലോകപ്രശസ്ത താരമായിരിക്കും. അവരെ പോലെ ആരാധകര്‍ കൂടുതലുള്ള രാജ്യമല്ല മൊറോക്കോ''-ക്രിസ്റ്റോഫ് റെവല്‍ പറഞ്ഞു.
യാസീന്‍ ബൗനു ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളാണെന്നും അദ്ദേഹം ബാറിനു കീഴില്‍ നില്‍ക്കുമ്പോല്‍ എല്ലായ്‌പ്പോഴും ആത്മവിശ്വാസം ലഭിക്കുന്നുവെന്നും മൊറോക്കോ പരിശീലകന്‍ വലീദ് റെഗ്രഗുയി പറയുന്നു. ഇന്ന് നിലവിലെ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സിനെതിരേ ഇറങ്ങുമ്പോഴും പ്രതിരോധത്തിലെ കരുത്ത് തന്നെയാണ് മൊറോക്കോയുടെ ഏറ്റവും വലിയ ആയുധം. വലീദ് റെഗ്രഗുയിയുടെ പ്രതിരോധകോട്ട തുളച്ചുകയറാന്‍ കഴിഞ്ഞാലും ബൗനുവിനെയും അവന്റെ വിഡ്ഢി ചിരിയെയും തോല്‍പ്പിക്കുക എന്ന ശ്രമകരമായ ദൗത്യം കൂടി ഫ്രാന്‍സിന് ബാക്കിയുണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."