HOME
DETAILS
MAL
ആത്മാവിഷ്‌കാരത്തിന് അനുമതി വാങ്ങണമെന്ന് സര്‍ക്കുലര്‍; വിവാദമായതോടെ തടിയൂരി വിദ്യാഭ്യാസവകുപ്പ്
backup
September 18 2021 | 04:09 AM
തിരുവനന്തപുരം: കലാ,സാഹിത്യ,സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കാനും സാഹിത്യസൃഷ്ടികള്‍ പ്രസിദ്ധീകരിക്കാനും ജീവനക്കാര്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന സര്‍ക്കുലര്‍ വിദ്യാഭ്യാസവകുപ്പ് റദ്ദാക്കി. വ്യാപക വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രി ഇടപെട്ടാണ് സര്‍ക്കുലര്‍ റദ്ദാക്കിയത്. സര്‍ക്കുലറിലൂടെ കലാസൃഷ്ടികളുടെ സെന്‍സറിങ്ങിനാണ് ശ്രമമെന്ന് കവി സച്ചിദാനന്ദന്‍ അടക്കമുള്ള കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ വിമര്‍ശിച്ചിരുന്നു. ജീവനക്കാര്‍ക്ക് കലാ, സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ മുന്‍കൂര്‍ അനുമതിവേണമെന്നും അതിനുള്ള അപേക്ഷ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് സമര്‍പ്പിക്കണമെന്നുമായിരുന്നു സര്‍ക്കുലറിലെ നിര്‍ദേശം. സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷയ്‌ക്കൊപ്പം സത്യവാങ്മൂലവും സൃഷ്ടിയുടെ പകര്‍പ്പും നല്‍കണം.
സൃഷ്ടികള്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പരിശോധിച്ച് അനുമതി നല്‍കിയ ശേഷമേ പ്രസിദ്ധീകരിക്കാവൂ എന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. ഇതാണ് വ്യാപക പ്രതിഷേധത്തിനിടയാക്കിയത്. ഇടത് അനുകൂല വിദ്യാഭ്യാസപ്രവര്‍ത്തകരടക്കം സര്‍ക്കുലറിനെ വിമര്‍ശിച്ച് രംഗത്തെത്തി. സര്‍ക്കുലര്‍ വിവാദമായതിനു പിന്നാലെയാണ് മന്ത്രി വി.ശിവന്‍കുട്ടി ഇടപെട്ടത്. വിഷയത്തില്‍ മന്ത്രി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. സാഹിത്യ സംസ്‌കാരിക രംഗങ്ങളില്‍ ഏര്‍പ്പെടാന്‍ അനുമതി ആവശ്യപ്പെട്ട് ജീവനക്കാര്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് ശുപാര്‍ശ ചെയ്യാനുള്ള നിര്‍ദേശങ്ങളാണ് സര്‍ക്കുലറിലുണ്ടായിരുന്നത്. എന്നാല്‍, ഈ സര്‍ക്കുലര്‍ കലാ സാഹിത്യ സംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് കടിഞ്ഞാണിടുന്നു എന്ന രീതിയില്‍ തെറ്റിദ്ധരിക്കപ്പെട്ടു. കലാകാരന്മാരുടെ ആവിഷ്‌കാരസ്വാതന്ത്ര്യം തടയാനുള്ള ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."