ഒരു സ്‌നേഹ ജിഹാദിന്റെ കഥ അബൂബക്കറിന്റെയും ഫാത്തിമയുടെയും മകന്‍ ജോര്‍ജ്ജ്:
എന്‍.സി ഷെരീഫ്
ഫോട്ടോ: പി.പി അഫ്താബ്
നാല് പതിറ്റാണ്ടിനും അപ്പുറത്തെ കഥയാണ്. കൃത്യമായി പറഞ്ഞാല്‍ 47 കൊല്ലം മുമ്പ്. മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ ചെരണി എന്ന കുഞ്ഞു ഗ്രാമത്തിലെ ഉള്ളാട്ടില്‍ അബൂബക്കറിന് ഒരു പയ്യനെ കിട്ടുന്നു. തലചായ്‌ക്കൊനൊരിടമില്ലാതെ, ചേര്‍ത്തുപിടിക്കാന്‍ ഒരു താങ്ങില്ലാതെ, തീര്‍ത്തും ഒറ്റക്കായിപ്പോയ ഒരു കൊച്ചുപയ്യന്‍. ജോര്‍ജ്ജ്. രണ്ടാമതൊന്നാലോചിക്കാനില്ലായിരുന്നു അബൂബക്കറിന്. അവനെയും കൂട്ടി നേരെ വീട്ടിലേക്ക് വിട്ടു. അവനെ ഭാര്യ ഫാത്തിമയുടെ കൈകളിലേക്കേല്‍പിച്ച് മൂപ്പര് പറഞ്ഞു: 'ഇന്നാ അനക്കൊരു മകന്‍'. മറുത്തൊന്നും പറയാന്‍ ഫാത്തിമക്കും ഉണ്ടായിരുന്നില്ല. പകച്ചുനില്‍ക്കുന്ന ആ പത്തുവയസുകാരനെ അണച്ചങ്ങ് പിടിച്ചു. വാ മോനേന്നൊരു പിരിശത്തില്‍. പിന്നെ അവനിന്നോളമറിഞ്ഞിട്ടില്ലാത്തൊരു സ്‌നേഹവായ്പില്‍ അവര്‍ ഭക്ഷണം വിളമ്പി. അവന്റെ കുഞ്ഞുവയര്‍ നിറയുവോളം. പിന്നീടിന്നോളം വിശപ്പറിയാതെ അനാഥത്വമറിയാതെ... സ്‌നേഹത്തിന്റെ പെരുമഴ നനയുകയായിരുന്നു അവന്‍. അബൂബക്കറിന്റെയും ഫാത്തിമയുടേയും ഒരേ ഒരാണ്‍തരി. സുഹറയുടെ കുഞ്ഞാങ്ങള. ജോര്‍ജ്ജ് വര്‍ഗീസ്.
നാടുവിട്ടതായിരുന്നു....
ഗൂഡല്ലൂരായിരുന്നു ജോര്‍ജ്ജിന്റെ വീട്. വഴക്കും വക്കാണവും നിറഞ്ഞ അന്തരീക്ഷമായിരുന്നു വീട്ടിലേത്. യോജിച്ച് പോകാന്‍ മനസില്ലാതെ അച്ഛനും അമ്മയും. ഒരു ദിവസം ജോലിക്ക് പോയ അമ്മ പിന്നീട് തിരിച്ചുവന്നില്ല. ഏക സഹോദരി ജോയ്ഷി അനാഥാലയത്തില്‍. സഹോദരന്‍ ഏലിയാസും നാടുവിട്ടു. ഒറ്റക്കായിപ്പോയൊരു ജീവിതം. ഈ നരകത്തില്‍ നിന്ന് എങ്ങനെയെങ്കിലും പുറത്തുകടക്കണമെന്നായി ജോര്‍ജ്ജിന്. അങ്ങനെ മനംമടുത്തൊരു നാളില്‍ പത്തുവയസുകാരന്‍ ജോര്‍ജ്ജ് വീട്ടില്‍ നിന്നിറങ്ങി. ആകെ കൈവശമുള്ളത് അച്ഛന്റെ പോക്കറ്റില്‍ നിന്ന് മോഷ്ടിച്ച 12 രൂപ. കൂട്ടിന് ആത്മമിത്രം സണ്ണിയും. ഗൂഡല്ലൂരില്‍ നിന്ന് വണ്ടികയറി. ചെന്നിറങ്ങിയത് കോഴിക്കോട്ട്. ആദ്യമായി നഗരത്തിലെത്തിയ ഇരുവര്‍ക്കും തീര്‍ത്തും അപരിചിതമായിരുന്നു ആള്‍ക്കൂട്ടങ്ങളുടെ ഈ ലോകം. അലഞ്ഞു തീര്‍ത്ത കുറേനാളുകള്‍. അതിരാവിലെ തുടങ്ങുന്ന അലച്ചിലിന് നേരം ഇരുട്ടിയാല്‍ താല്‍ക്കാലിക അന്ത്യം. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ അനേകം ആളുകളില്‍ ഒരാളായി പേപ്പറും മറ്റും വിരിച്ചുള്ള ഫുട്പാത്തിലെ അന്തിയുറക്കം. ഒരാഴ്ചയോളം റെയില്‍വേ പരിസരത്ത് കഴിച്ചുകൂട്ടി. തീവണ്ടി കണ്ടുകണ്ട് ഒന്നതില്‍ കേറി നോക്കിയാലോ എന്നായി പിന്നെ. അങ്ങനെ ചങ്ങാതിയുമായി ആദ്യ തീവണ്ടി യാത്ര. എങ്ങോട്ടെന്നൊന്നുമുണ്ടായിരുന്നില്ല. യാത്ര മടുത്തപ്പോള്‍ ഒരിടത്തിറങ്ങി. തിരൂരായിരുന്നു അത്. പിന്നീട് മൂന്ന് ദിവസത്തെ അലച്ചില്‍ തിരൂര്‍ കേന്ദ്രീകരിച്ചായിരുന്നു. ഗൂഡല്ലൂരിലെ വീട് വിട്ടിറങ്ങി പത്താം ദിവസമാണ് മഞ്ചേരിയില്‍ എത്തിയത്. ജീവിതം തന്നെ മാറിമറിച്ച യാത്രയായിരുന്നു അത്.
അന്നൊരു മനുഷ്യനെ കണ്ടു
കത്തുന്ന വെയിലില്‍ ഞാനും സണ്ണിയും തളര്‍ന്ന് അവശരായി. വയറ് നിറച്ച് ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായിരുന്നു. എന്തെങ്കിലും കഴിക്കണം എന്നുണ്ട്. പക്ഷേ, കൈയിലുള്ളതെല്ലാം തീര്‍ന്നിരിക്കുന്നു. ആരോടെങ്കിലും ചോദിക്കാനും മടി. ഒടുവില്‍ നെല്ലിപറമ്പില്‍ നിന്ന് നിലമ്പൂരിലേക്കുള്ള റോഡരികിലെ മരച്ചോട്ടില്‍ ഇരുന്നു. ഒരു വെള്ളിയാഴ്ചയായിരുന്നു അന്ന്. മേലാക്കം പള്ളിയില്‍ നിന്ന് ജുമുഅ നിസ്‌കാരം കഴിഞ്ഞ് ഇറങ്ങിയവരെല്ലാം ഞങ്ങളെ നോക്കി വട്ടംകൂടിനിന്നു. ഓരോരുത്തരായി വിവരം തിരക്കി. കൂടുതല്‍ ക്ഷേമാന്വേഷണത്തിന് ആര്‍ക്കും വിട്ടുകൊടുക്കാതെ സൈക്കിളിന്റെ മുന്നിലും പിന്നിലും ഇരുത്തി അവറാന്‍ക്ക അദ്ദേഹത്തിന്റെ പലചരക്ക് കടയിലേക്ക് കൊണ്ടുപോയി. ജീവിതത്തില്‍ ആദ്യമായി ഞങ്ങളൊരു മനുഷ്യനെ കാണുകയായിരുന്നു. ചെരണിയിലെ കിണറില്‍ വെള്ളം മുക്കിയെടുത്ത് കുളിപ്പിച്ചു. തൊട്ടടുത്തുള്ള ചെട്ടിയാരുടെ ചായക്കടയില്‍ കൊണ്ടുപോയി വയറ് നിറയുവോളം ഭക്ഷണം തന്നു. ഞങ്ങള്‍ ആര്‍ത്തിയോടെ കഴിച്ചു. വയറ് നിറഞ്ഞതോടെ സണ്ണിക്ക് ഗൂഡല്ലൂരിലേക്ക് തിരിച്ചുപോകണം. അച്ഛനേയും അമ്മയേയും കാണണമെന്ന് പറഞ്ഞ് കരച്ചില്‍ തുടങ്ങി. ഞാന്‍ നാട് വിട്ടപ്പോള്‍ എന്നെ തനിച്ച് വിടാന്‍ മനസില്ലാത്തത് കൊണ്ട് കൂടെക്കൂടിയതാണവന്‍. ഇനി നാട്ടിലേക്ക് ഇല്ലെന്ന് ഞാന്‍ ഉറപ്പിച്ചു. സണ്ണിയെ മഞ്ചേരിയില്‍ നിന്ന് വഴിക്കടവിലേക്കുള്ള ബസില്‍ കയറ്റിവിട്ടു. എനിക്ക് ആവശ്യം ജോലിയായിരുന്നു. ചെട്ടിയാരുടെ കടയില്‍ ഗ്ലാസ് കഴുകിയതാണ് ആദ്യ തൊഴില്‍.
നിനച്ചിരിക്കാതെ
വന്ന മാലാഖ
ഒരു ദിവസം ഒരു ലോറിക്കാരന്‍ ചായ കുടിക്കാനെത്തി. ചായ കൊടുത്ത എന്നെ നോക്കി ചോദ്യം തുടങ്ങി. ഇത് ഏതാ ചെട്ട്യാരേ പുതിയൊരു ചെക്കന്‍?. ഞമ്മക്കാണെങ്കില്‍ ഒരു ആണ്‍തരിയില്ല. സുഹറാന്റെ മംഗല്യം കഴിഞ്ഞതോടെ കെട്ട്യോള്‍ ഒറ്റക്കാ.. ഈ ചെര്‍ക്കന്‍ ന്റെ പൊരേല്‍ക്ക് പോരോ..? ഓനെ അനക്ക് പറ്റൂല അബോ.. ചെക്കന്‍ ക്രിസ്ത്യാനിയാണ്, ചെട്ട്യാരെ മറുപടി. ജാതി ഏതായാലും ഓന്‍ മനുഷ്യക്കുട്ടിയല്ലെ. കച്ചറ കൂടുലെങ്കില്‍ ഓന് പാത്തുമ്മാന്റെ അട്ത്ത് നില്‍ക്കാം. സുഹറാക്കൊരു ആങ്ങളെ ആവൊല്ലൊ.
ഉള്ളാട്ടില്‍ അബൂബക്കറെന്ന ലോറിക്കാരന്‍ അന്ന് മുതല്‍ ജോര്‍ജിന്റെ ഉപ്പയാവുകയായിരുന്നു. മകള്‍ സുഹറയെ പ്രസവത്തിനായി കൂട്ടിക്കൊണ്ടുവന്ന ദിവസമായിരുന്നു അത്. ആ വിശേഷ ചടങ്ങിലേക്കാണ് അബൂബക്കറിന്റെ കൈവിരലില്‍ തൂങ്ങി പത്തു വയസുകാരന്‍ ജോര്‍ജ് വീടിന്റെ പടികടന്നെത്തിയത്. എല്ലാം വിശദീകരിച്ചതിന് ശേഷം അബൂബര്‍ പറഞ്ഞു: ഇബന്‍ ഇഞ്ഞി ഇബട്‌ത്തെ കുട്ട്യാണ്. ഇന്റിം പാത്തുമ്മാന്റിം ആണ്‍കുട്ടി. സുഹറാന്റെ ആങ്ങളക്കുട്ടി. അങ്ങനെ ആ വീട്ടില്‍ അവന്‍ വളര്‍ന്നു. ജോര്‍ജ്ജായി തന്നെ.
ഭൂമിയില്‍ സുബര്‍ഗം തീര്‍ത്ത നാളുകള്‍
ജീവിതത്തില്‍ സന്തോഷം എന്തെന്ന് ആ കുരുന്ന് മനസ് തിരിച്ചറിഞ്ഞ ദിനങ്ങളായിരുന്നു പിന്നീട്. ഉപ്പ അബൂബക്കറും ഉമ്മ ഫാത്തിമയും സ്‌നേഹംകൊണ്ട് പൊതിഞ്ഞു. സഹോദരി സുഹറ ആങ്ങളച്ചെക്കനെ നന്നായി നോക്കി. രാത്രി ലോറി ഓട്ടം കഴിഞ്ഞ് എത്തുമ്പോള്‍ പൊന്നുമോന് വേണ്ടി അബൂബക്കര്‍ കളിക്കോപ്പുകളും മിഠായിയും കരുതി. ചേര്‍ത്തുകിടത്തി കഥകള്‍ പറഞ്ഞ് അവനെ ഉറക്കി. എഴുന്നേല്‍ക്കാന്‍ വൈകിയാല്‍ തട്ടിവിളിച്ച് മുത്തംനല്‍കി ഉമ്മച്ചിയും ജോര്‍ജിന് സ്‌നേഹം പകര്‍ന്നു. പെറ്റമ്മയില്‍ നിന്ന് ലഭിക്കാതെ പോയ വാത്സല്യങ്ങള്‍ പുതിയ ബന്ധങ്ങളിലൂടെ നേടിയെടുക്കാനായതിന്റെ ആത്മനിര്‍വൃതിയിലായിരുന്നു ജോര്‍ജ്. ഉപ്പയും ഉമ്മയും സഹോദരി സുഹറയും ജോര്‍ജിനെ 'സ്‌നേഹ ജിഹാദ്' കൊണ്ട് പൊതിഞ്ഞു.
ഉപ്പാനെ പോലെ വളരണം...
ഉപ്പാനെ പോലെ വളയം പിടിക്കണം. വീരനാവണം. കുഞ്ഞുന്നാളില്‍ മനസില്‍ കയറിക്കൂടിയ മോഹമായിരുന്നു. ഡ്രൈവര്‍ ജോലിയോട് അതിയായ മോഹം. മഞ്ചേരിയിലെ വാഹന ഉടമകള്‍ക്കൊപ്പം സഹായിയായി പോകാമെന്നായി ജോര്‍ജ്. പക്ഷേ, ഉപ്പയും ഉമ്മയും സമ്മതിക്കുന്നില്ല. വീട്ടിലെ ഏക ആണ്‍തരിയാണ്. വേണ്ടാത്ത കൂട്ടുകെട്ടിലെങ്ങാന്‍ പെട്ടുപോകുമോ എന്ന ആധി. ഇത്ര ചെറുപ്പത്തില്‍ തന്നെ അങ്ങാടിയിലേക്ക് ഇറങ്ങേണ്ടെന്ന് തന്നെ ഒരേയൊരു കടുംപിടുത്തം. എന്നാല്‍ സ്വന്തം തൊഴില്‍ എന്ന വല്ലാത്തൊരാശ ജോര്‍ജിനെ പുകച്ചുകൊണ്ടേയിരുന്നു. ജോര്‍ജിന്റെ നിര്‍ബന്ധത്തിന് വഴങ്ങി പതിനഞ്ചാം വയസില്‍ മഞ്ചേരിയിലെ മൊയ്തീന്‍ പൈന്റെഴ്‌സില്‍ ജോലിക്ക് ചേര്‍ന്നു. തന്റെ വിയര്‍പ്പിന്റെ ആദ്യ വിഹിതം സന്തോഷത്തോടെ ഉപ്പാക്കും ഉമ്മാക്കും വീതിച്ച് നല്‍കി.
പത്തുസെന്റ് വിറ്റ് കിനാവ് നേരാക്കി ഉപ്പ
ആറു മാസം പൈന്റിങ് തൊഴിലാളിയായി. അപ്പോഴും ഡ്രൈവറാകണമെന്ന മോഹം ഒപ്പമുണ്ടായിരുന്നു. അങ്ങനെയാണ് അബൂബക്കര്‍ 10 സെന്റ് ഭൂമി വില്‍പന നടത്തി ജോര്‍ജിന് ഒരു ഓട്ടോറിക്ഷ വാങ്ങിയത്. പതിനെട്ടാം വയസില്‍ ഓട്ടോറിക്ഷ തൊഴിലാളിയായി. അവിടന്നങ്ങോട്ട് വളയം പിടിക്കലായിരുന്നു പ്രധാന തൊഴില്‍. വാഹനങ്ങള്‍ മാറിമാറി കൈയില്‍ വന്നു. ഓട്ടോക്ക് പകരം കാര്‍ ആയി. ഇന്ന് മഞ്ചേരിയിലെ അറിയപ്പെടുന്ന ടാക്‌സി ഡ്രൈവറാണ് ഉള്ളാട്ടില്‍ അബൂബക്കറിന്റെ മകന്‍ ജോര്‍ജ്.
മനംപോലെ മംഗല്യം
പ്രായം ഇരുപതില്‍ തന്നെ അബൂബക്കറും ഫാത്തിമയും ജോര്‍ജിന്റെ വിവാഹ കാര്യങ്ങള്‍ സംസാരിച്ച് തുടങ്ങിയിരുന്നു. അനിയന്‍ക്കുട്ടിക്ക് പെണ്ണ് അന്വേഷിക്കുന്ന തിരക്കിലായിരുന്നു സഹോദരി സുഹറയും. കാണുന്നവരോടൊക്കെ ന്റെ ജോര്‍ജ് കുട്ടിക്കൊരു പെണ്ണിനെ വേണമെന്ന സംസാരം മാത്രമായിരുന്നു അബൂബക്കറിന്. ആയിടക്കാണ് ജോര്‍ജിന് അമ്മാവന്റെ മകളുമായുള്ള പ്രണയം വീട്ടില്‍ അറിഞ്ഞത്. അമ്മാവന്റെ വീട്ടിലെത്തി അവരുടെ ഇഷ്ടങ്ങള്‍ തിരക്കി വിവാഹം നടത്താമെന്നായി. അബൂബക്കറിന്റെ വീട്ടുമുറ്റത്ത് ക്രിസ്ത്യാനി പയ്യനൊരു മംഗല്യപന്തലൊരുങ്ങി. 1985 ഫെബ്രുവരി 17ന് ഞായറാഴ്ച ജോര്‍ജ് പുഷ്പക്ക് മിന്നുചാര്‍ത്തി. എല്ലാത്തിനും സാക്ഷിയായി അബൂബക്കറും ഫാത്തിമയും സുഹറയും.
വിവാഹ ശേഷവും ജോര്‍ജും ഭാര്യയും കഴിഞ്ഞത് അതേ വീട്ടില്‍. ഫാത്തിമക്ക് പുഷ്പ മകളായിരുന്നു. സുഹറയെ പോലൊരുത്തി. പുഷ്പ ആദ്യ കണ്‍മണി പ്രജിനക്ക് ജന്മം നല്‍കിയപ്പോഴും പരിചരണത്തിന് ഉണ്ടായിരുന്നത് ഈ കുടുംബം തന്നെ.
ഉപ്പയും ഉമ്മയും പറഞ്ഞു
അച്ഛനും അമ്മക്കും
താങ്ങാവണം
അബൂബക്കറിന്റെ നിര്‍ബന്ധപ്രകാരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് യാത്ര പറഞ്ഞിറങ്ങിയ പിതാവ് വര്‍ഗീസിനെ ഗൂഡല്ലൂരില്‍ നിന്ന് മഞ്ചേരിയില്‍ എത്തിച്ചു. അവര്‍ക്കും ഇടം നല്‍കി. വിവാഹശേഷം കുട്ടികളായാല്‍ മാറിത്താമസിക്കുന്ന നാട്ടുനടപ്പ് രീതിയെന്നോണം ജോര്‍ജും ഭാര്യയും മക്കളും മഞ്ചേരി മംഗലശേരിയില്‍ പുതിയ വീട് എടുത്തു താമസം മാറി. വര്‍ഗീസും അവരോടൊപ്പമായി താമസം. പത്താം വയസില്‍ ഉപേക്ഷിച്ചുപോയ അമ്മ തിരുവാലിയില്‍ ഹോട്ടല്‍ ജോലി ചെയ്യുന്നതായി വിവരം ലഭിച്ചു. അമ്മയേയും വീട്ടിലെത്തിച്ചു.
ഇവിടുറങ്ങുന്നുണ്ട്
ന്റെ തണല്‍
അബൂബക്കറും ഫാത്തിമയും വിടപറഞ്ഞു. എന്നാലും ജോര്‍ജ്ജിന് സുഹറ കൂടപ്പിറപ്പു തന്നെ. അളിയന്‍ പാണായി ബീരാന്‍ കുട്ടി ഉപ്പാക്ക് ബദലായി കാരണവര്‍ സ്ഥാനത്തും. ജോര്‍ജ്ജിന്റെ ഏതാവശ്യത്തിനും അവര്‍ വിളിപ്പുറത്തുണ്ട്. സുഹറയുടെ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും ഒരേയൊരു മാമനാണ് ജോര്‍ജ്ജ്. പെരുന്നാളമ്പിളിയും ക്രിസ്മസ് നക്ഷത്രവും ഒരുപോലെ മിന്നും ഈ വീട്ടുമുറ്റത്ത്.
ഉമ്മയേയും ഉപ്പയേയും തേടി പാണായി പള്ളിപറമ്പിലേക്ക് ജോര്‍ജ് മുടങ്ങാതെ എത്താറുണ്ട്. അവിടെയെത്തുമ്പോള്‍ ഉള്ളൊന്ന് പിടയും. ദിശയറിയാതെ സഞ്ചരിച്ച തന്നെ വളര്‍ത്തി വലുതാക്കി കുടുംബത്തില്‍ ചേര്‍ത്തവരാണ് ആറടി മണ്ണില്‍ ഉറങ്ങുന്നത്. എനിക്ക് ചൂടേകാന്‍ പെരുമഴ നനഞ്ഞവര്‍. തനിക്ക് കുളിരാവാന്‍ പൊള്ളുന്ന വെയില്‍ കൊണ്ടവര്‍. ഉള്ളം മുഴുവന്‍ അവര്‍ക്കുള്ള പ്രാര്‍ഥനയില്‍ നനയും. തമ്പുരാന്റെ സുബര്‍ക്കത്തണുപ്പാല്‍ അവരെ പൊതിയണേ എന്നൊരു പ്രാര്‍ഥന. പിന്നെ അവര്‍ക്കൊപ്പം തന്നേയും കൂടി ചേര്‍ത്തുവയ്ക്കണേ എന്നും...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."