ഇളവിലോടും നവകേരള ബസ്; ആഢംബര ബസ്സിനായി പ്രത്യേക വിജ്ഞാപനം
തിരുവനന്തപുരം: നവകേരള സദസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാനായുള്ള ആഢംബര ബസ്സിനായി ഇളവുകള്‍ വരുത്തികൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം. ഇതുസംബന്ധിച്ച് ഗതാഗതവകുപ്പാണ് വിജ്ഞാപനം ഇറക്കിയത്. ബംഗളൂരുവില്‍ നിര്‍മിച്ച ബസ്സ് ഇന്ന് വൈകിട്ടോടെയാണ് നവകേരള സദസ്സ് ആരംഭിക്കുന്ന കാസര്‍കോടേക്ക് പുറപ്പെട്ടത്. ഇതിനുപിന്നാലെയാണ് ബസ്സിനായി പ്രത്യേക ഇളവുകള്‍ വരുത്തികൊണ്ട് കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്കായുള്ള നിയമത്തില്‍ ഭേദഗതി വരുത്തികൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നവകേരള ബസ്സിനുള്ള ആഡംബര ബസ്സിന്റെ മുന്‍നിരയിലെ സീറ്റിന് 180 ഡിഗ്രി കറങ്ങാനുള്ള അനുമതിയും വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്. ഈ ബസ്സിനുവേണ്ടി മാത്രമായി കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കളര്‍ കോഡിനും ഇളവ് വരുത്തിയിട്ടുണ്ട്.
ഇതിനുപുറമെ വാഹനം നിര്‍ത്തുമ്പോള്‍ പുറത്തുനിന്നും വൈദ്യുതി ജനറേറ്റര്‍ വഴിയോ ഇന്‍വെട്ടര്‍ വഴിയോ വൈദ്യുതി നല്‍കാനും അനുമതിയുണ്ട്. നവകേരള സദസ്സിനുവേണ്ടിയിറക്കിയ ആഢംബര ബസ്സിന് മാത്രമായിരിക്കും ഇളവുകള്‍ ബാധകമായിരിക്കുക. കെഎസ്ആര്‍ടി.സി എംഡിയുടെ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ക്ക് വെള്ള നിറം വേണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍, ഇതിലും നവകേരള ബസിന് ഇളവ് നല്‍കിയിട്ടുണ്ട്. കറുപ്പു നിറമാണ് ബസ്സിന് നല്‍കിയിരിക്കുന്നത്.
വിവിഐപികള്‍ക്കുള്ള ബസ്സിനും ടൂറിസം ആവശ്യത്തിനുമാണ് ഇളവന്നാണ് ഉത്തരവില്‍ പറയുന്നത്. 12 മീറ്റര്‍ വാഹനത്തിനാണ് ഇളവ്. സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ വാഹനം വില്‍ക്കണമെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തിലുണ്ട്. കളര്‍കോഡിന്റെയും മറ്റു മോഡിഫിക്കേഷന്റെയും പേരില്‍ കേരളത്തിലെ ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരെ നേരത്തെ കര്‍ശന നടപടിയെടുത്ത ഗതാഗത വകുപ്പാണിപ്പോള്‍ സര്‍ക്കാരിന്റെ നവകേരള സദസ്സിനായുള്ള ആഢംബര ബസ്സിനുവേണ്ടി പ്രത്യേക ഇളവ് നല്‍കിയിരിക്കുന്നത്.
ഇളവിലോടും നവകേരള ബസ്; ആഢംബര ബസ്സിനായി പ്രത്യേക വിജ്ഞാപനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."