'ഫാ. സ്റ്റാന്‍ സ്വാമിയെ കൊന്നവര്‍ ബിഷപ്പിനെ പിന്തുണയ്ക്കുന്നു'
തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധമാരോപിച്ച് ഫാദര്‍ സ്റ്റാന്‍ സ്വാമിയെ ജയിലിലിട്ട് കൊന്നവരാണ് ഇപ്പോള്‍ പാലാ ബിഷപ്പിനെ പിന്തുണയ്ക്കുന്നതെന്ന് കെ. മുരളീധരന് എം.പി.
പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ സി.പി.എമ്മിന് സ്വന്തമായി അഭിപ്രായമില്ല. രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാകുമ്പോള്‍ ഇരുവരെയും ഒരു മേശയ്ക്കു ചുറ്റുമിരുത്തി മുഖ്യമന്ത്രി ചര്‍ച്ച നടത്തണമായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്യാതെ ബി.ജെ.പിക്ക് വളരാന്‍ അവസരമുണ്ടാക്കുകയാണ് ചെയ്തതെന്ന് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ശില്പശാലയില് അദ്ദേഹം പറഞ്ഞു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സി.പി.എമ്മിനെയും ബി.ജെ.പിയെയും നേരിടാന്‍ മൂര്‍ച്ചയുള്ള ആയുധം നമുക്കാവശ്യമാണ്. ഇന്നലെവരെ പയറ്റിയ ആയുധമുപയോഗിച്ച് സി.പി.എമ്മിനെയും ബി.ജെ.പിയെയും നേരിടാനാവില്ല. അതിനായി ഒരുമിച്ചുനില്ക്കണം. പാര്‍ട്ടിക്ക് ഇനി പാര്‍ട്ട് ടൈം ജോലിക്കാരെ ആവശ്യമില്ല. മുഴുസമയ പ്രവര്ത്തകരെയാണാവശ്യം.
പറയുമ്പോള്‍ കൈയടിക്കാന്‍ ആളുണ്ടെങ്കിലും വോട്ട് ചെയ്യാന്‍ ആളെ കിട്ടുന്നില്ല. ഈ സാഹചര്യം മാറണം. ആദര്‍ശത്തിന്റെ പേരിലല്ല ഇപ്പോള്‍ മൂന്നുപേര്‍ പാര്‍ട്ടി വിട്ട് സി.പി.എമ്മിലെത്തിയത്. ജി. സുധാകരനെ പുറത്താക്കാന്‍ നോക്കുന്ന പാര്‍ട്ടിയിലേക്കാണ് അവര്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."