ലീഗ് ബാധ വിട്ടുപോകാത്ത സി.പി.എം
1985ല്‍ എറണാകുളത്ത് നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ എം.വി രാഘവന്‍ അവതരിപ്പിച്ച ബദല്‍രേഖയെ പിന്തുണച്ച നേതാക്കളിലൊരാളാണ് ഇന്നത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മുസ്‌ലിം ലീഗുമായും കേരള കോണ്‍ഗ്രസുമായും സഖ്യമുണ്ടാക്കി മുഖ്യശത്രുവായ കോണ്‍ഗ്രസിനെ നേരിടണമെന്ന രാഷ്ട്രീയ ലൈനായിരുന്നു ആ രേഖയില്‍.
ബദല്‍രേഖയുണ്ടാക്കാന്‍ നേതൃത്വം നല്‍കിയ ഇ.കെ നായനാരും അതിനൊപ്പം നിന്ന ഇ.കെ ഇമ്പിച്ചിബാവയും ടി. ശിവദാസമേനോനും ഗോവിന്ദനുമടക്കമുള്ള പല നേതാക്കളും നേരം പുലര്‍ന്നപ്പോള്‍ എം.വി.ആറിനെ തള്ളിപ്പറഞ്ഞു. രേഖയില്‍ ഉറച്ചുനിന്ന എം.വി.ആറും ചില പ്രമുഖ നേതാക്കളും പാര്‍ട്ടിക്കു പുറത്തായി.
അന്നത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഇ.എം.എസ് നമ്പൂതിരിപ്പാടും സംസ്ഥാന സെക്രട്ടറി വി.എസ് അച്യുതാനന്ദനും ആ രേഖയ്ക്ക് എതിരായിരുന്നു. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും അവര്‍ക്കൊപ്പമായിരുന്നു. ലീഗും കേരള കോണ്‍ഗ്രസും തികഞ്ഞ വര്‍ഗീയ കക്ഷികളുമാണെന്നായിരുന്നു അവരുടെ നിലപാട്.
ഇസ്ലാമിക ശരീഅത്ത് നിയമത്തിനെതിരേയും ഏക സിവില്‍ കോഡിന് അനുകൂലമായും പാര്‍ട്ടി കടുത്ത നിലപാട് സ്വീകരിച്ച കാലം കൂടിയായിരുന്നു അത്. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അതിന് ഭൂരിപക്ഷം അണികളുടെ പിന്തുണയുമുണ്ടായിരുന്നു. അതുകൊണ്ടാണ് അന്ന് ബദല്‍രേഖയെ പിന്തുണച്ച പല നേതാക്കളും പിന്നീട് കളംമാറിയത്.
അന്ന് എം.വി.ആറിനെയും കൂട്ടരെയും പുറത്താക്കി പാര്‍ട്ടി ശുദ്ധ വര്‍ഗീയവിരുദ്ധ പരിവേഷമുണ്ടാക്കിയെങ്കിലും ആ നിലപാടിന് അധികം ആയുസുണ്ടായില്ല. 1980കളുടെ അവസാനത്തോടെ തന്നെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ഇടതുമുന്നണിയിലെത്തി. അതിനു പിറകെ കടുത്ത സാമുദായിക നിലപാട് സ്വീകരിച്ച് ലീഗിനെ പിളര്‍ത്തി രൂപംകൊണ്ട ഐ.എന്‍.എല്‍ എല്‍.ഡി.എഫ് സഹചാരിയായി.
അതിനും പിറകെ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത പിണറായി വിജയന്‍ ലീഗിന്റെ പ്രിയ കൂട്ടുകാരനായി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും അടവുനയമെന്ന പുത്തന്‍ സൈദ്ധാന്തിക നയത്തിന്റെ അടിസ്ഥാനത്തില്‍ സി.പി.എം ലീഗുമായി സഹകരിച്ചു. അക്കാലത്തും നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ ലീഗ് വര്‍ഗീയ കക്ഷിയാണെന്ന് സി.പി.എം പറഞ്ഞുകൊണ്ടേയിരുന്നു. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം അങ്ങനെയൊക്കെയാണ്. ബൂര്‍ഷ്വാ രാഷ്ട്രീയക്കാര്‍ക്കും ബൂര്‍ഷ്വാ പത്രങ്ങള്‍ക്കും അതിനെക്കുറിച്ച് ഒരു ചുക്കുമറിയില്ല.
എന്തൊക്കെയായാലും ഏതു കാലത്തും ലീഗ് സി.പി.എമ്മിന് ഒരു ഒഴിയാബാധയായി നിലനില്‍ക്കുന്നു എന്നതാണ് സത്യം. ഇപ്പോള്‍ ഗോവിന്ദന്‍ മാഷിന് ഇങ്ങനെ പറയാന്‍ തോന്നിയതിനു പ്രധാന കാരണം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പാണെന്ന് തോന്നുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയമാണ് ഇടതുമുന്നണിക്കുണ്ടായത്. അത് വലിയ വ്യത്യാസമൊന്നും കൂടാതെ അടുത്തതിലും ആവര്‍ത്തിക്കാനാണ് സാധ്യത. ലീഗ് കൂടി മുന്നണിയിലുണ്ടായാല്‍ ആ സ്ഥിതിയില്‍ മാറ്റം വരും. വടക്കന്‍ മേഖലയില്‍ ചില സീറ്റുകളില്‍ കൂടി മുന്നണി വിജയിച്ചേക്കും.
മുന്നണിക്ക് വിജയിക്കാനാവാത്ത രണ്ടു സീറ്റുകളിലാണ് ലീഗ് ജയിക്കുന്നത്. അതു തന്നെ അവര്‍ക്ക് കൊടുത്താല്‍ മതിയാകും.ഗുണം അവിടെയും നില്‍ക്കുന്നില്ല. ലീഗ് കൂടിയുണ്ടെങ്കില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടാം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പാട്ടുംപാടി വിജയിക്കാം.
എന്നാല്‍ അതിന് ലീഗ് തയാറാകുമോ എന്നതാണ് പ്രശ്‌നം. യു.ഡി.എഫിനോടൊപ്പം നിന്ന് സംസ്ഥാന ഭരണം ലഭിക്കുമ്പോള്‍ ആ ഭരണത്തില്‍ കിട്ടുന്ന പ്രാധാന്യം ഇടതുമുന്നണിയില്‍ ലീഗിന് കിട്ടുമോ എന്ന് സംശയമാണ്. ഇടതുമുന്നണിയില്‍ ഇപ്പോള്‍ തന്നെ പാര്‍ട്ടികള്‍ നിറഞ്ഞുതുളുമ്പുകയാണ്. അതുകൊണ്ടുതന്നെ നാലു മന്ത്രിമാരെയൊക്കെ ലീഗിന് കിട്ടാന്‍ പ്രയാസമാണ്.
എന്നാല്‍, അത് കിട്ടില്ലെന്ന് തീര്‍ത്തുപറയാനുമാവില്ല. നിലവിലെ ഭരണത്തിന്റെ അവസാന കാലമെത്തുമ്പോള്‍ ജനവികാരം തീര്‍ത്തും എതിരാണെന്നും മുന്നണിയില്‍ ആള്‍ബലമുള്ള മറ്റൊരു കക്ഷികൂടി ഉണ്ടെങ്കിലേ ഭരണത്തുടര്‍ച്ച നേടാനാവൂ എന്നും തോന്നുന്നൊരു രാഷ്ട്രീയ സാഹചര്യമുണ്ടായാല്‍ സി.പി.എം അതിനും തയാറായേക്കും. അധികാരരാഷ്ട്രീയത്തില്‍ അസംഭാവ്യമായി ഒന്നുമില്ല.
രാഷ്ട്രീയത്തില്‍ നിത്യശത്രുക്കളില്ലെന്നത് ബൂര്‍ഷ്വാ പാര്‍ട്ടികളുടെ അഭിപ്രായമാണ് എന്നൊക്കെ പറഞ്ഞ് കാനം രാജേന്ദ്രന്‍ ഉടക്കിടാന്‍ നോക്കുന്നതൊന്നും കാര്യമാക്കേണ്ട. മുന്നണിയില്‍ രണ്ടാം സ്ഥാനം നഷ്ടപ്പെടുമോ എന്ന ഭീതിക്കപ്പുറം അതില്‍ വലിയ കാര്യമില്ല ബൂര്‍ഷ്വാ പാര്‍ട്ടി എന്നൊക്കെയുള്ള കാഴ്ചപ്പാടുകള്‍ അധികാരരാഷ്ട്രീയത്തിന്റെ പദാവലിയില്‍നിന്ന് മാഞ്ഞുപോയിട്ടുണ്ട്. മാത്രമല്ല ലീഗ് കൂടെ വരുമെന്നുറപ്പായാല്‍ പോയി പണി നോക്കാന്‍ സി.പി.ഐയോട് പറയാന്‍ സി.പി.എമ്മിന് മടികാണില്ലെന്ന കാര്യവും ഉറപ്പാണ്.
പൊതുചെലവിലെ വിരുന്നിലും കെറുവുകാട്ടല്‍
ബന്ധുക്കള്‍ തമ്മിലെ തര്‍ക്കവും പിണക്കവുമൊക്കെ സര്‍വസാധാരണമാണ്. അങ്ങനെ പിണങ്ങിനില്‍ക്കുമ്പോള്‍ കെറുവുകാട്ടാനുള്ള ഒരു മാര്‍ഗമാണ് കുടുംബങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍നിന്ന് വിട്ടുനില്‍ക്കല്‍.
കുടുംബപരമായ ബന്ധമില്ലെങ്കിലും അധികാരസംവിധാനത്തിലെ ബന്ധുക്കളാണ് ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരും എം.എല്‍.എമാരുമൊക്കെ. സംസ്ഥാന ഭരണത്തിന്റെ അധികാരഘടനയുടെ വിവിധ തലങ്ങളിലുള്ളവര്‍. ഗവര്‍ണറും സംസ്ഥാന മന്ത്രിസഭയും തമ്മില്‍ തല്‍ക്കാലം കുറച്ചു പിണക്കത്തിലാണ്. പരസ്പരാരോപണങ്ങളിലൂടെ അത് പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണവര്‍. അതിനിടയിലാണ് നന്നായൊന്നു കെറുവുകാട്ടാന്‍ ക്രിസ്തുമസ് വിരുന്നെന്നെ അവസരം കിട്ടിയത്. ഗവര്‍ണര്‍ നടത്തിയ വിരുന്നിലേക്ക് ക്ഷണിച്ചിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല. അതിന്റെ വാശിക്ക് മുഖ്യമന്ത്രിയുടെ വിരുന്നില്‍ ഗവര്‍ണറും പങ്കെടുക്കില്ലെന്ന് കേള്‍ക്കുന്നു. വാശിയെങ്കില്‍ വാശി. അല്ലപിന്നെ.
സാധാരണ മനുഷ്യര്‍ വാശികാട്ടാന്‍ ബഹിഷ്‌കരിക്കുന്ന വിരുന്നുകള്‍ അവരുടെ ബന്ധുമിത്രാദികള്‍ നടത്തുന്നത് സ്വന്തം ചെലവിലാണ്. എന്നാല്‍ ഭരണാധികാരികളുടേത് അങ്ങനെയല്ല. പൊതുഖജനാവില്‍നിന്ന് പണമെടുത്താണ് അതു നടത്തുന്നത്. അതായത് നാട്ടുകാരുടെ ചെലവില്‍ നടത്തുന്ന വിരുന്നുകളാണ് അവര്‍ ബഹിഷ്‌കരിക്കുന്നത്.
ഇത്തരം വിരുന്നുകള്‍കൊണ്ട് നാട്ടുകാര്‍ക്ക് ഒരു പ്രയോജനവുമില്ലെന്നത് മറ്റൊരു കാര്യം. പബ്ലിസിറ്റിക്കുവേണ്ടിയാണത് നടത്തുന്നത്. ഓരോ ഭരണാധികാരിയും ഓരോ വര്‍ഷവും ഇതുപോലെ പല വിരുന്നുകള്‍ നടത്തുന്നു. അതിനെല്ലാം കൂടി ഭീമമായ തുകയാണ് പൊതുഖജനാവില്‍നിന്ന് ചെലവഴിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സംസ്ഥാനങ്ങളിലടക്കം അത് നിര്‍ബാധം തുടരുന്നു.
ഭരണാധികാരികളുടെ ഇത്തരം ധൂര്‍ത്തുകള്‍ക്കെതിരേ ഒറ്റപ്പെട്ട സ്വരങ്ങള്‍ ഉയരാറുണ്ടെങ്കിലും അത് അവസാനിപ്പിക്കണമെന്ന ശക്തമായ ആവശ്യം നമ്മുടെ നാട്ടില്‍ ഇതുവരെ ഉയര്‍ന്നിട്ടില്ല. അതില്‍ അത്ഭുതപ്പെടാനില്ല. പക്വത നേടിയൊരു ജനാധിപത്യ സമൂഹത്തില്‍ മാത്രമേ അങ്ങനെയുള്ള ചോദ്യങ്ങള്‍ ഉയരൂ. നമ്മുടെ രാജ്യം ആ അവസ്ഥയിലേക്കെത്താന്‍ ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്.
അതുവരെ ഇത്തരം ധൂര്‍ത്തുകളും അതുമായി ബന്ധപ്പെട്ടു നടക്കുന്ന രാഷ്ട്രീയ അസംബന്ധ നാടകങ്ങളും കണ്ടിരിക്കുകയല്ലാതെ വേറെ മാര്‍ഗമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."