സ്‌കൂള്‍ തുറക്കല്‍ ഭയം അകറ്റാന്‍ കൗണ്‍സലിങ്
അന്‍സാര്‍ മുഹമ്മദ്
കൊച്ചി: ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ ഭയം അകറ്റാന്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി സ്‌കൂള്‍തലത്തില്‍ പ്രത്യേക കൗണ്‍സലിങ് നടത്തും. ആരോഗ്യവകുപ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. സ്‌കൂള്‍ തുറക്കുന്ന നവംബര്‍ ഒന്നിന് മുമ്പ് കൗണ്‍സലിങ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ വഴിയാവും കൗണ്‍സലിങ്.
ഒന്നരവര്‍ഷം വീട്ടിലൊതുങ്ങിയ കുട്ടികള്‍ തിരികെ സ്‌കൂളിലെത്തുമ്പോള്‍ മാനസികമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ഓണ്‍ലൈന്‍ കൗണ്‍സലിങ് വഴി പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ സ്‌കൂള്‍ തുറക്കുന്ന ആദ്യ ആഴ്ചയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക കൗണ്‍സലിങ് നല്‍കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. മാതാപിതാക്കളുടെയും അധ്യാപകരുടെയും ആശങ്കകള്‍ പരിഹരിക്കാനാണ് അവര്‍ക്കായും കൗണ്‍സലിങ് നല്‍കുന്നത്.
കൂടാതെ കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ക്ലാസുകള്‍ സുരക്ഷിത അന്തരീക്ഷത്തില്‍ നടക്കുമെന്ന് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉറപ്പുനല്‍കുന്നതിനായി ഓണ്‍ലൈനില്‍ ഒരു ബോധവല്‍ക്കരണ കാംപെയ്‌നും സര്‍ക്കാര്‍ ആരംഭിക്കും. രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത അധ്യാപകരെ മാത്രമേ ക്ലസുകളില്‍ അനുവദിക്കൂ. വിദ്യാര്‍ഥികള്‍ തമ്മില്‍ ശരിയായ അകലം പാലിക്കുംവിധം ഇരിപ്പിടങ്ങള്‍ ക്രമീകരിക്കും. കൊവിഡ് ലക്ഷണമുള്ള കുട്ടികളെയും പനിയും ജലദോഷവും ബാധിച്ച കുട്ടികളെയും ക്ലാസുകളില്‍ നിന്ന് മാറ്റി നിര്‍ത്തും. കൊവിഡ് വ്യാപനം പരിശോധിക്കുന്നതിന് സ്‌കൂളുകളില്‍ പരിശോധനാ ക്യാംപും സംഘടിപ്പിക്കും.
സ്‌കൂള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം രക്ഷിതാക്കളിലും വിദ്യാര്‍ഥികളിലും സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കുന്നത്. ഭൂരിഭാഗം വിദ്യാര്‍ഥികളും സന്തോഷം പ്രകടിപ്പിച്ചെങ്കിലും ചില വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ആറ് മുതല്‍ 10 വയസുവരെയുള്ള കുട്ടികള്‍ക്ക് ക്ലാസ് മുറികളിലും സ്‌കൂള്‍ പരിസരങ്ങളിലും ഒരുമിച്ച് കളിക്കാനും ഇരിക്കാനുമുള്ള പ്രവണതയുണ്ട്. അധ്യാപകര്‍ക്കോ പരിചാരകര്‍ക്കോ ഓരോ വിദ്യാര്‍ഥിയെയും പ്രത്യേകം നിരീക്ഷിക്കാന്‍ കഴിയില്ലെന്നും ഇത് കൊവിഡ് വ്യാപനത്തിന് വഴിയൊരുക്കുമെന്നുമാണ് ചില രക്ഷിതാക്കളുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."