കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ യു.ഡി.എഫ് ധര്‍ണ നടത്തി
തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ സംസ്ഥാനത്താകെ യു.ഡി.എഫ് പ്രതിഷേധ ധര്‍ണ നടത്തി. നിയോജകമണ്ഡലാടിസ്ഥാനത്തിലാണ് ധര്‍ണകള്‍ സംഘടിപ്പിച്ചത്.
പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനവ് പിന്‍വലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളും പൊതുമുതലും കോര്‍പറേറ്റുകള്‍ക്കു വിറ്റുതുലയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക, മുട്ടില്‍ മരംമുറിക്കേസിലെ കുറ്റവാളികളെ സംരക്ഷിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം നടത്തുക, ഡോളര്‍ കള്ളക്കടത്ത് കേസിലെ രണ്ടാം പ്രതി മുഖ്യമന്ത്രിക്കെതിരേ കോടതിയില്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് രാവിലെ 10 മണിമുതല്‍ ഒരുമണി വരെയാണ് യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ക്കു മുന്നില്ല് ധര്‍ണ നടന്നത്.
ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജില്ലയില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശനും കണ്ണൂരില്‍ ജില്ലാതല ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും നിര്‍വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്തും യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന് തൃശൂരും പി.ജെ ജോസഫ് ഇടുക്കിയിലും എ.എ അസീസ് കൊല്ലത്തും രമേശ് ചെന്നിത്തല പാലക്കാട്ടും എം.കെ മുനീര്‍ കോഴിക്കോട്ടും സി.പി ജോണ്‍ പത്തനംതിട്ടയിലും ഷിബു ബേബി ജോണ്‍ ആലപ്പുഴയിലും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കോട്ടയത്തും മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല കാസര്‍കോട്ടും ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.
പിറവത്ത് അനൂപ് ജേക്കബും പാലായില്‍ മാണി സി. കാപ്പനും ധര്‍ണ ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന്റെ നിര്യാണത്തെ തുടര്‍ന്ന് വയനാട് ജില്ലയിലെ ധര്‍ണ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."