ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം; സാനിറ്റൈസര്‍ കൈയില്‍ കരുതണം
തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ സ്‌കൂള്‍ യാത്ര സുരക്ഷിതമാക്കുന്നതിന് മോട്ടോര്‍വാഹനവകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി. സ്‌കൂള്‍ വാഹനങ്ങളില്‍ ഒരു സീറ്റില്‍ ഒരു കുട്ടി മാത്രമെന്ന നിലയില്‍ യാത്ര ക്രമീകരിക്കണമെന്നും എല്ലാ വിദ്യാര്‍ഥികളും സാനിറ്റൈസര്‍ കൈയില്‍ കരുതണമെന്നതുമാണ് പ്രധാന നിര്‍ദേശം.
നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കരുത്. പനിയോ ചുമയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ വാഹനങ്ങളില്‍ യാത്ര അനുവദിക്കരുത്. സ്‌കൂള്‍ വാഹനങ്ങളില്‍ തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും കരുതണം. എല്ലാ കുട്ടികളും മാസ്‌ക് ധരിച്ചിരിക്കണം. വാഹനത്തില്‍ എ.സിയും തുണികൊണ്ടുള്ള സീറ്റ് കവറും കര്‍ട്ടനും പാടില്ല. ഓരോ ദിവസവും യാത്ര അവസാനിക്കുമ്പോള്‍ അണുനാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് വാഹനങ്ങള്‍ കഴുകണം. ഡ്രൈവര്‍മാരും ബസ് അറ്റന്‍ഡര്‍മാരും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കേണ്ടതും അവരുടെ താപനില എല്ലാ ദിവസവും പരിശോധിച്ച് പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതുമാണ്.
സ്‌കൂള്‍ അധികൃതര്‍ മാര്‍ഗരേഖയിലെ നിര്‍ദേശങ്ങള്‍ അച്ചടിച്ച് രക്ഷിതാക്കള്‍ക്കും ബന്ധപ്പെട്ട എല്ലാവര്‍ക്കും വിതരണം ചെയ്യണന്നും നിര്‍ദേശമുണ്ട്. സ്‌കൂള്‍ ട്രിപ്പിനായി മറ്റ് കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത്തരം വാഹനങ്ങള്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമാണെന്ന് ഗതാഗതമന്ത്രി അറിയിച്ചു.
ഒക്ടോബര്‍ 20ന് മുന്‍പ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി വാഹനങ്ങളുടെ യാന്ത്രിക ക്ഷമതാ പരിശോധന പൂര്‍ത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കി ട്രയല്‍ റണ്ണിനു ശേഷം മാത്രമേ വിദ്യാര്‍ഥികളുടെ
യാത്രയ്ക്കായി വാഹനം ഉപയോഗിക്കാവൂ. പരിശോധന പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ക്ക് സ്റ്റുഡന്‍സ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്രോട്ടോക്കോള്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് വാഹനത്തില്‍ സൂക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."