മരണത്തിന്റെ ഭീതിവിതച്ച 'ബിക്കിനി കില്ലര്‍' ചാള്‍സ് ശോഭരാജ് അഴികടന്നെത്തുന്നു; ഓര്‍മയിലെന്നും ചോര മണക്കുന്ന ജീവിതം
ചാള്‍സ് ശോഭരാജ്. സിനിമയിലൂടെയെങ്കിലും ചോരയുടെ മണം പരക്കുന്ന ആ പേര് കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. മരണഭീതി വിതച്ച കുപ്രസിദ്ധ അന്താരാഷ്ട്ര കൊലയാളി. ബിക്കിനി കില്ലര്‍ എന്നറിയപ്പെട്ട ശോഭരാജിന് വഞ്ചകന്‍, സാത്താന്‍ തുടങ്ങിയ അര്‍ഥം വരുന്ന ദി സെര്‍പന്റ് എന്ന പേരും ലോകം ചാര്‍ത്തി. ഏഷ്യയിലും യൂറോപ്പിലും ക്രൂരമായ അനേകം കൊലപാതകങ്ങള്‍. മോഷണവും കള്ളക്കടത്തും നിര്‍ബാധം. നിരവധി തവണ ജയിലഴികള്‍ ഭേദിച്ച് സമര്‍ഥമായി പുറത്തുചാടി. ചാള്‍സ് ശോഭരാജ് വീണ്ടും പുറത്തിറങ്ങുകയാണ്. ഇത്തവണ ജയില്‍ചാടിയല്ലെന്നു മാത്രം. 19 വര്‍ഷമായി നേപ്പാള്‍ ജയിലില്‍ കഴിയുന്ന ശോഭരാജിനെ രാജ്യം നാടുകടത്തുകയാണ്. ജയില്‍മോചിപ്പിച്ച് 15 ദിവസത്തിനകം നാടുകടത്താന്‍ നേപ്പാള്‍ സുപ്രിംകോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്.
ചാള്‍സ് ശോഭരാജ് എന്ന പേരില്‍ തന്നെ കൗതുകമുണ്ട്. ശോഭരാജ് എന്നത് ഇന്ത്യന്‍ പേരും ചാള്‍സ് എന്നത് യൂറോപ്യന്‍ നാമവുമാണ്. ഇന്ത്യാക്കാരനായ ശോഭരാജ് ഹൊചണ്ടിന്റേയും വിയറ്റ്‌നാമുകാരിയായ ട്രാന്‍ ലോംഗ് ഫുന്നിന്റെയും മകനാണ്. 12 പേരെ കൊന്ന കേസുകളില്‍ പ്രതിയാണെന്ന് വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇയാളുടെ ഇരകളുടെ എണ്ണം 30 വരെയാവാമെന്നാണ് അനൗദ്യോഗിക കണക്കുകള്‍. തായ്‌ലന്‍ഡ്, നേപ്പാള്‍, ഇന്ത്യ, മലേഷ്യ, ഫ്രാന്‍സ്, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി, ഗ്രീസ് രാജ്യങ്ങളിലെ പൗരന്‍മാരാണ് ചാള്‍സിന്റെ ഇരകളായത്.
1944ല്‍ വിയറ്റ്‌നാമിലെ സൈഗോണില്‍, ഇന്നത്തെ ഹോചിമിന്‍ സിറ്റിയിലാണ് ജനനം. സൈഗോണിലെ തെരുവുകളില്‍ ബാല്യകാലം ചെലവിട്ട ശോഭരാജ്, അമ്മ ഇന്ത്യക്കാരനായ ഭര്‍ത്താവിനെ ഒഴിവാക്കി ഒരു ഫ്രഞ്ച് ആര്‍മി ഓഫിസറെ വിവാഹം കഴിച്ചതോടെ പാരിസിലെത്തി. ഫ്രഞ്ച് ബോര്‍ഡിങ് സ്‌കൂളിലെ പഠനത്തിനു ശേഷം ശോഭരാജ് കുറ്റകൃത്യ ജീവിതത്തിനു തുടക്കമിട്ടു. 1960കളില്‍ മോഷണം, കള്ളക്കടത്ത് കേസുകളില്‍ പലവട്ടം അറസ്റ്റിലായി.
ചാന്റല്‍ കോംപാഗ്‌നോണ്‍ എന്ന ഫ്രഞ്ചുകാരിയെ വിവാഹം ചെയ്ത് ഒരു പുതിയ മനുഷ്യനാവാന്‍ ശ്രമിച്ചെങ്കിലും 'ബോണ്‍ ക്രിമിനല്‍' ശോഭരാജിന് കുറ്റകൃത്യങ്ങള്‍ ഉപേക്ഷിക്കാനായില്ല. ഈ വിവാഹബന്ധം അവസാനിപ്പിച്ചു. തുടര്‍ന്ന് മേരി ആന്‍ഡ്രീ ലെക്ലെര്‍ക്ക് എന്ന കനേഡിയന്‍ യുവതിയെ വിവാഹം കഴിച്ചു. ഫ്രാന്‍സില്‍ തുടക്കം കുറിച്ച കുറ്റകൃത്യങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചു. 1972നും 1976നും ഇടയില്‍ രണ്ടു ഡസന്‍ മനുഷ്യരെ കൊന്നുതള്ളി. 1976ല്‍ ആദ്യമായി കൊലപാതകക്കേസില്‍ അറസ്റ്റിലായെങ്കിലും ജയില്‍ചാടി.
അതിനുശേഷം പല രാജ്യങ്ങളില്‍ യാത്ര ചെയ്ത് പല ഭാഷകളിലും പ്രാവീണ്യം നേടി. തട്ടിപ്പുപരിപാടികള്‍ ദക്ഷിണേഷ്യയിലേക്കും വ്യാപിപ്പിച്ചു. ഇന്ത്യയില്‍ വച്ച് ഫ്രഞ്ചു ടൂറിസ്റ്റുകളുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതിനും ഇസ്രാഈലി ടൂറിസ്റ്റിനെ കൊന്നതിനും അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും 1986ല്‍ ഡല്‍ഹി തിഹാര്‍ ജയിലില്‍ നിന്നു തടവുചാടി. ഒരുമാസത്തിനു ശേഷം പിടിക്കപ്പെട്ടു. ജയില്‍ ചാടിയതിന്റെ ശിക്ഷകള്‍ കൂടി അനുഭവിച്ച ശേഷം 1997ല്‍ പുറത്തിറങ്ങുകയും പാരിസിലേക്ക് മടങ്ങുകയും ചെയ്തു. ഇവിടെ ആംഡംബര ജീവിതം നയിക്കവെ 2003ല്‍ നേപ്പാളില്‍ അറസ്റ്റിലായി. അമേരിക്കന്‍ പൗരന്‍ കോണി ജോ ബ്രോണ്‍സിച്ചിനെ കൊലപ്പെടുത്തിയ കേസിലായിരുന്നു അറസ്റ്റ്. 1975ലായിരുന്നു കൊലപാതകം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശോഭരാജ് 2004ല്‍ ജയില്‍ ചാടാന്‍ നടത്തിയ ശ്രമം വിഫലമായി. 2008ല്‍ നേപ്പാളിയായ നിഹിത ബിശ്വാസുമായി വിവാഹനിശ്ചയം പ്രഖ്യാപിച്ചു.
നേരത്തെ കൊലചെയ്യപ്പെട്ട അമേരിക്കന്‍ പൗരന്‍ ബ്രോണ്‍സിച്ചിന്റെ സുഹൃത്തായിരുന്ന ലോറന്റ് കാരിയര്‍ എന്ന കനേഡിയനെ കൊന്ന കേസിലും 2014ല്‍ ശോഭരാജ് പ്രതിയായി. ഇതിന്റെ വിചാരണ നടന്നുവരുന്നു. 2003 മുതല്‍ നേപ്പാള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല. 19 വര്‍ഷത്തെ കാരാഗ്രഹവാസത്തിനു ശേഷമാണ് വിട്ടയക്കുന്നത്. ഇപ്പോള്‍ 78 വയസാണ് പ്രായം. കേസുകള്‍ ബാക്കിയുണ്ടെങ്കിലും ജീവിത സായാഹ്നത്തില്‍ ചോരക്കളിയും കൊള്ളയും ഒഴിവാക്കാന്‍ ചാള്‍സ് ശോഭരാജിന് കഴിയുമോയെന്ന് കണ്ടറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."