തെരുവുനായ നിയന്ത്രണം: ജില്ലാതലങ്ങളില്‍ അടിയന്തര യോഗം വിളിക്കും
മലപ്പുറം: തെരുവുനായ്ക്കളുടെ നിയന്ത്രണത്തിനായി എല്ലാ ജില്ലകളിലും 31ന് മുന്‍പ് കലക്ടറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം വിളിക്കും. പഞ്ചായത്ത് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് യോഗം വിളിക്കുന്നത്. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ അധ്യക്ഷന്‍മാര്‍ എന്നിവരും മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫിസര്‍, വൈറ്ററിനറി ഡോക്ടര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
തെരുവുനായ്ക്കളെ പിടികൂടി കുത്തിവയ്ക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തുതലത്തില്‍ ഷെല്‍ട്ടറുകള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുകയും ചെയ്യുന്നതിനുള്ള തീരുമാനം ജില്ലാതല യോഗത്തിലുണ്ടാകും. വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ എല്ലാ ഗ്രാമപഞ്ചായത്തുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തി ചട്ടലംഘനം നടത്തുന്നവര്‍ക്കെതിരേ നിയമപരമായ ശിക്ഷാനടപടികള്‍ ഉറപ്പാക്കും. 2001ലെ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ചട്ടപ്രകാരം ഗ്രാമപഞ്ചായത്തുതല കമ്മിറ്റികള്‍ രൂപീകരിക്കാത്തവര്‍ 31ന് മുന്‍പായി രൂപീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെരുവുനായ്ക്കളുടെ ശല്യം ഇല്ലാതാക്കുന്നതിന് സഹായകമായ പദ്ധതികള്‍ ഗ്രാമപഞ്ചായത്തുകള്‍ തനത് ഫണ്ട് ഉപയോഗിച്ച് ആവിഷ്‌കരിക്കണം. എന്നാല്‍, ഈ ആവശ്യത്തിലേക്കായി പദ്ധതികള്‍ തയാറാക്കിയിട്ടില്ലാത്ത പഞ്ചായത്തുകള്‍ ഉടന്‍ തയാറാക്കി ജില്ലാ വികസന സമിതിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചുവെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.
പരിചയസമ്പന്നരായ പട്ടിപിടുത്തക്കാരെ ലഭ്യമാകാത്ത പഞ്ചായത്തുകളില്‍ അവരുടെ സേവനം ലഭ്യമാക്കാന്‍ ജില്ലാ മൃഗസംരക്ഷണ ഓഫിസറുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കണം. തെരുവിലോ കെട്ടിടത്തിന്റെ വരാന്തയിലോ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പഞ്ചായത്ത് ആക്ട് പ്രകാരം നിരോധിച്ചതാണ്. ഇത് ലംഘിക്കുന്നവര്‍ക്കെതിരേ നിയമപ്രകാരമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. നായശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ വന്ധ്യംകരിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കണം. മൃഗക്ഷേമ സംഘടനകള്‍ പഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്യാനാവശ്യമായ പരസ്യം നല്‍കണം. ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള പുരോഗതി എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് ഒരുമണിക്കുമുന്‍പായി റിപ്പോര്‍ട്ട് ചെയ്യേണ്ടതും അത് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ അംഗീകരിക്കേണ്ടതാണെന്നും നിര്‍ദേശത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."