'ഇന്ത്യയില്‍ ഇപ്പോഴും കൊവിഡ് കാര്യമായുണ്ട്'
ഗ്രീന്‍ലിസ്റ്റില്‍ പെടുത്താത്തതിന്റെ കാരണം വ്യക്തമാക്കി ബ്രിട്ടീഷ് അംബാസഡര്‍
ലണ്ടന്‍: ഇപ്പോഴും കൊവിഡ് കാര്യമായിട്ടുണ്ട് എന്നതിനാലാണ് ഇന്ത്യയെ ഗ്രീന്‍ ലിസ്റ്റിലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ അലക്സ് എല്ലിസ്. ഇതാണ് പൂര്‍ണമായി വാക്സിനെടുത്താലും ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ക്ക് ബ്രിട്ടന് 10 ദിവസം ക്വാറന്റൈന് നിര്‍ബന്ധമാക്കാന്‍ കാരണമെന്നും ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച വാക്സിനല്ല പ്രശ്നമെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടനില്‍ ഉപയോഗിക്കുന്ന ഓക്സ്ഫഡ്-ആസ്ട്രസെനക വാക്സിന് തന്നെയാണ് ഇന്ത്യയിലും നല്‍കുന്നത്. എന്നാല്‍ കൊവിഷീല്‍ഡ് കുത്തിവച്ചവരെ വാക്സിനെടുത്തവരായി പരിഗണിക്കില്ലെന്ന ബ്രിട്ടിഷ് നിലപാട് വിവാദമായിരുന്നു.
നിങ്ങള്‍ ഗ്രീന്‍ ലിസ്റ്റിലുള്ള രാജ്യമാണോ എന്നതാണ് ചോദ്യം. 17 രാജ്യങ്ങളാണ് നിലവില്‍ ബ്രിട്ടന്റെ ഗ്രീന്‍ ലിസ്റ്റിലുള്ളത്. അവിടെ കൊവിഡ് വളരെ കുറഞ്ഞ നിലയിലാണ് എന്നതാണ് കാരണം. ഇന്ത്യയില്‍ ഇപ്പോഴും കൊവിഡ് സാരമായുള്ളതായി നമുക്കറിയാമെന്നും എല്ലിസ് വിശദമാക്കി.
ഇന്ത്യയുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് കൊവിഷീല്‍ഡിന് ബ്രിട്ടന് അംഗീകാരം നല്‍കിയെങ്കിലും ഇന്ത്യയെ ഗ്രീന്‍ലിസ്റ്റില്‍ പെടുത്തിയിട്ടില്ല. അതിനാല്‍ ബ്രിട്ടനിലേക്കു പോകുന്ന ഇന്ത്യക്കാര്‍ 10 ദിവസം ക്വാറന്റൈനില്‍ കഴിയണം. അതേസമയം ആസ്ട്രസെനെക വാക്സിന് കുത്തിവച്ച മറ്റു ചില രാജ്യങ്ങളില്‍ നിന്നുള്ളവരെ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."