സമുദായ സൗഹാര്‍ദത്തിനുള്ള ശ്രമം തുടരാന്‍ യു.ഡി.എഫ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നാര്‍കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സമുദായ സൗഹാര്‍ദം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരാന്‍ യു.ഡി.എഫ് സമ്പൂര്‍ണ നേതൃയോഗത്തില്‍ തീരുമാനം. വിവാദത്തില്‍ സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കണമെന്നത് യു.ഡി.എഫിന്റെ പൊതു ആവശ്യമായി ഉയര്‍ത്തിക്കൊണ്ടുവന്ന് ഈ ആവശ്യം നിരന്തരം ഉന്നയിച്ച് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനും യോഗത്തില്‍ ധാരണയായി.
വിഷയം കൂടുതല്‍ നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് യോഗം വിലയിരുത്തി. വ്യക്തമായ രീതിയില്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രി രണ്ടാഴ്ച സമയമെടുത്തു. സംഘ്പരിവാര്‍ ആഗ്രഹിച്ചതുപോലെ രണ്ടു സമുദായങ്ങള്‍ തമ്മിലെ സംഘര്‍ഷം നീണ്ടുപോകണമെന്ന് സര്‍ക്കാരും സി.പി.എമ്മും ആഗ്രഹിച്ചതിനാലാണ് മുഖ്യമന്ത്രി മറുപടി വൈകിച്ചത്. സര്‍വകക്ഷിയോഗം വിളിക്കില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നതിന്റെ കാരണമതാണ്. വിവാദവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളെയും മേശയ്ക്കു ചുറ്റും ഇരുത്തി ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സമാധാനം സ്ഥാപിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്ന നിലയിലാണ് ആവശ്യം ഉന്നയിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.
മന്ത്രി വാസവന്‍ പാലായില്‍ പോയി പറഞ്ഞതിനും സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ വാര്‍ത്താസമ്മേളനങ്ങളില്‍ പറഞ്ഞതിനും വിരുദ്ധമാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന. വിഷയത്തില്‍ അഭിപ്രായൈക്യം ഉണ്ടാക്കാന്‍ പോലും എല്‍.ഡി.എഫിനും സര്‍ക്കാരിനും സാധിച്ചിട്ടില്ലെന്നും യോഗം വിലയിരുത്തി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നടത്തുന്ന ശ്രമങ്ങള്‍ക്ക് യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഇരുവരുടെയും നേതൃത്വത്തില്‍ മത, സമുദായ നേതാക്കളുമായി അടുത്ത ദിവസങ്ങളിലും ചര്‍ച്ച തുടരും. ഇതിനു ശേഷം അന്തിമമായി തീരുമാനമെടുക്കും. സര്‍ക്കാരിനോട് യോഗം വിളിക്കാന്‍ ആവശ്യപ്പെടുന്നതോടൊപ്പം യു.ഡി.എഫിന്റെ നേതൃത്വത്തില്‍ എല്ലാ മതനേതാക്കളെയും വിളിച്ചുകൊണ്ട് സര്‍വകക്ഷിയോഗം ചേരുന്ന കാര്യം ആലോചിക്കാനും യോഗത്തില്‍ ധാരണയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."