HOME
DETAILS

ക്രിസ്മസ്: വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്ത

  
backup
December 24 2022 | 21:12 PM

%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b7%e0%b4%a4%e0%b5%8d

ഫാ. ജേക്കബ് ജി.
പാലയ്ക്കാപ്പിള്ളി


ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷത്തിലാണ്. എല്ലാവര്‍ക്കുമുള്ള സദ്‌വാര്‍ത്തയായാണ് ബൈബിള്‍ ക്രിസ്തുവിന്റെ ജനനത്തെ വിവരിക്കുന്നത്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ ഇങ്ങനെ വായിക്കാം. 'ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു' (ലൂക്കാ 2:1011).
പൂര്‍വപിതാവായ ജോസഫിനു ശേഷം ഈജിപ്തിന്റെ മണ്ണില്‍ സാമ്പത്തികസുസ്ഥിതി നേടി വളര്‍ന്നു വികസിച്ച ജനസമൂഹമായി ഇസ്‌റാഈല്‍ മാറി. അവർക്കുമേല്‍ അധീശത്വം സ്ഥാപിക്കാന്‍ ഈജിപ്തുകാരെ പ്രേരിപ്പിച്ചത് സാമ്പത്തികവും ജനസംഖ്യാ വളര്‍ച്ചയുമാണ്. അതവരില്‍ ഭയം ജനിപ്പിച്ചു. ഇസ്‌റാഈല്യരെ അടിമകളാക്കിയ ഈജിപ്തുകാര്‍, സ്വത്തും ജീവിതവും ജീവന്‍തന്നെയും പിടിച്ചെടുത്ത് അവരെ തീര്‍ത്തും നിരാലംബരാക്കി. എല്ലാം നഷ്ടപ്പെട്ട അവര്‍ അടിമത്തത്തില്‍നിന്ന് തങ്ങളെ മോചിപ്പിക്കാന്‍ ഒരു രക്ഷകന്‍ വരുമെന്ന് പ്രാര്‍ഥനയോടെ പ്രത്യാശിച്ചു. ആ പ്രത്യാശയ്ക്കും പ്രാര്‍ഥനയ്ക്കും ഫലമുണ്ടായി. അവരുടെ ഇടയില്‍നിന്ന് മോശ എന്ന വ്യക്തി വിമോചകനായി വന്നു. മോശ ഇസ്‌റാഈല്‍ ജനത്തിന് അവരുടെ അടിമത്തത്തില്‍ നിന്നുള്ള വിമോചകനും രക്ഷകനുമായി മാറി. ഇസ്‌റാഈലിന്റെ രക്ഷയുടെ ഈ ചരിത്രം അറിയാവുന്ന യഹൂദ ജനതയുടെ പ്രതിനിധികളായ ആട്ടിടയന്മാരോടാണ് നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ പിറന്നിരിക്കുന്നുവെന്ന വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്ത മാലാഖമാര്‍ അറിയിക്കുന്നത്.


യേശു നല്‍കുന്ന രക്ഷ കേവലം മാനുഷികാധികാരങ്ങളുടെ കീഴില്‍ നിന്നുള്ള മോചനമല്ല. മറിച്ച് സ്വാര്‍ഥമോഹത്താല്‍ പ്രലോഭകന്റെ കെണിയില്‍പ്പെട്ട് ദൈവിക ചൈതന്യം നഷ്ടപ്പെടുത്തി ദൈവസാന്നിധ്യത്തില്‍നിന്ന് നിഷ്‌കാസിതരായ മാനവരാശിയുടെ വീണ്ടെടുക്കലാണ്. ദൈവത്തിന്റെ അനന്തമായ കരുണയാല്‍ വീണ്ടെടുക്കപ്പെടുന്നതിനും പൈശാചികാധിപത്യത്തില്‍നിന്ന് വിമോചിപ്പിച്ച് നിത്യരക്ഷയിലേക്ക് ചേര്‍ത്തുനിര്‍ത്തപ്പെടുന്നതിനും വേണ്ടിയുള്ള ദൈവിക പദ്ധതിയുടെ ഭാഗമായാണ് ഈ വിശുദ്ധജന്മംം. ഇതാകട്ടെ ആദിമാതാപിതാക്കളായ ആദമിനും ഹവ്വായ്ക്കും നല്‍കിയ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണമാണ്. അതുകൊണ്ടു തന്നെയാണ് ഇതു വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്തയായി മാറുന്നതും.


യേശുക്രിസ്തുവിന്റെ ജനനം സന്തോഷം പകരുന്നതു മാത്രമല്ല, പ്രത്യാശയും സമാധാനവും പ്രദാനം ചെയ്യുന്നതുമാണ്. പ്രതീക്ഷിക്കാന്‍ എന്തെങ്കിലും ഉണ്ടാകുക എന്നത് ജീവിതത്തിന് അര്‍ഥം നല്‍കുന്ന കാര്യമാണ്. ഒരു പ്രതീക്ഷയുമില്ലാതെ വരുമ്പോഴാണ് മനുഷ്യര്‍ മരണത്തെ ആഗ്രഹിക്കുന്നത്. യേശു ലോകത്തിന്റെ പ്രതീക്ഷയാണ്. കിഴക്കുദേശത്തുനിന്ന് മൂന്നു ജ്ഞാനികള്‍ യേശുവിന്റെ ജനനത്തെക്കുറിച്ച് അന്തര്‍ജ്ഞാനത്താലുള്ള അറിവിന്റെ ബലത്തില്‍ യാത്ര തിരിക്കുന്നതും അവരെ അത്ഭുതപ്പെടുത്തി ഒരു വാല്‍നക്ഷത്രം അവരുടെ യാത്രയില്‍ വെളിച്ചമായി മുന്നേ ഗമിച്ചതും യേശുവിന്റെ ജനനം വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്തയായിരുന്നു എന്നതിന് കൂടുതല്‍ മിഴിവു നല്‍കുന്നു. ഹേറോദേശ് രാജാവിന്റെ കൊട്ടാരത്തില്‍ ഉണ്ടായിരുന്ന ജ്യോതിഷികളും അവരുടെ അറിവിന്റെയും അവര്‍ ഉപയോഗിച്ചിരുന്ന പ്രാമാണിക ഗ്രന്ഥങ്ങളുടെയും പിന്‍ബലത്തില്‍ കിഴക്കുനിന്ന് വന്ന ജ്ഞാനികള്‍ പറയുന്ന ശിശുവിന്റെ ജനനം സാക്ഷ്യപ്പെടുത്തുമ്പോള്‍ വലിയ ഒരു ദൈവികപദ്ധതി അവിടെ അനാവരണം ചെയ്യപ്പെടുകയാണ്.


ബൈബിള്‍ പരിചയപ്പെടുത്തുന്ന യേശുവിന്റെ പരസ്യജീവിതകാലം വായിച്ചെടുക്കുമ്പോള്‍ മാലാഖമാര്‍ പറഞ്ഞ സന്തോഷത്തിന്റെ സദ്‌വാര്‍ത്ത എത്രമാത്രം ശരിയായിരുന്നുവെന്നു കാണാന്‍ കഴിയും. യേശു എല്ലാ മനുഷ്യരെയും തന്നിലേക്ക് ആകര്‍ഷിക്കത്തക്കവിധം ലളിതമായ ജീവിതമായിരുന്നു നയിച്ചത്; സാധാരണക്കാരില്‍ സാധാരണക്കാരനായി. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായി യേശു അടുത്ത് ഇടപഴകി. എല്ലാവരെയും സ്‌നേഹിച്ചു, സഹായിച്ചു. സമൂഹത്തിലെ ഉന്നതശ്രേണിയില്‍ ജീവിച്ചിരുന്ന പുരോഹിതര്‍, ഗുരുക്കന്മാര്‍, ലേവ്യര്‍, സദുക്കായര്‍, പ്രഭുക്കന്മാര്‍, പണ്ഡിതര്‍ എന്നിങ്ങനെയുള്ളവരോട് കാണിച്ച മമതയും സ്‌നേഹവും അടുപ്പവും അതേ അളവില്‍തന്നെ ചുങ്കക്കാരോടും വേശ്യകളോടും കുഷ്ഠരോഗികളോടും ദരിദ്രരോടും ഭിക്ഷക്കാരോടും അദ്ദേഹം പ്രകടിപ്പിച്ചു. പാപികളുടെ കൂട്ടുകാരനെന്നും വേശ്യകളോടും ചുങ്കക്കാരോടും പക്ഷം ചേര്‍ന്നവനെന്നും ഉന്നതകുലജാതര്‍ അദ്ദേഹത്തെ അപഹസിച്ചു. യഹൂദരുടെ പണ്ഡിതന്മാരില്‍ ഒരാളായ നിക്കദേമൂസിനോടും ധനാഢ്യനായ ശിമയോനോടും കാണിച്ച താല്‍പര്യം സാധാരണക്കാരോടും പുലര്‍ത്തിയ യേശു, അവരെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷമായി പരിണമിക്കുകയായിരുന്നു.


ഒരു മരപ്പണിക്കാരന്റെ മകനായി വളര്‍ത്തപ്പെട്ട യേശു എല്ലാത്തരം തൊഴിലാളികളെയും ആകര്‍ഷിച്ചു. മീന്‍പിടിത്തക്കാരോടൊപ്പം അവരിലൊരുവനായി. ചുങ്കക്കാരനെയും വൈദ്യനെയും മാത്രമല്ല, സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ വ്യാപരിച്ച എല്ലാവരെയും ചേര്‍ത്തുപിടിച്ചുകൊണ്ട്, അങ്ങനെയുള്ളവരുടെ ആഘോഷങ്ങളിലും വേദനകളിലും ഒന്നുപോലെ ചേര്‍ന്നുനില്‍ക്കണമെന്ന ശൈലി പഠിപ്പിച്ചു.


നിയമാനുഷ്ഠാനത്തില്‍ ബദ്ധശ്രദ്ധരായിരുന്ന ആളുകളോട് നിയമം അനുഷ്ഠിക്കുമ്പോള്‍ കാര്‍ക്കശ്യം ഒഴിവാക്കി കാരുണ്യം അനുവര്‍ത്തിക്കണമെന്ന് പഠിപ്പിച്ചു. ബലിയര്‍പ്പിക്കുന്ന പുരോഹിതരോട് ബലിയുടെ അര്‍ഥം കരുണയാണെന്ന് ബോധ്യപ്പെടാന്‍ ആവശ്യപ്പെട്ടു. നിയമാനുഷ്ഠാനത്തിന്റെയും ബലിയര്‍പ്പണത്തിന്റെയും പേരില്‍ സാധാരണക്കാരെ ചൂഷണം ചെയ്യുന്നതിനെ യേശു ശക്തമായി എതിര്‍ത്തു. ചൂഷണം ചെയ്യപ്പെടുന്നവരും ശബ്ദമില്ലാതാക്കപ്പെടുന്നവരുമായ ആളുകള്‍ക്കുവേണ്ടി ഉച്ചത്തില്‍ ശബ്ദിക്കാന്‍ അദ്ദേഹം മുന്നോട്ടുവന്നു. സ്വസമുദായത്തില്‍ തന്നെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരവും അധികാരികളും ഉന്നത ശ്രേണിയിലുള്ളവരും സാധാരണക്കാരോട് കാണിക്കുന്ന അനീതിയും ചൂഷണങ്ങളും നിശബ്ദനായി കണ്ടുനില്‍ക്കാന്‍ യേശുവിനു കഴിഞ്ഞില്ല. അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക് അര്‍ഹിക്കുന്ന നീതിയും പരിഗണനയും ലഭിക്കുന്നതിനുവേണ്ടി നിലപാടെടുത്ത് അധികാര സ്ഥാനത്തിരിക്കുന്നവരോട് വാദിച്ചവനാണ് യേശു. അങ്ങനെ സാധാരണക്കാരായ യഹൂദര്‍ തങ്ങള്‍ പ്രതീക്ഷിച്ച വിമോചകനായി യേശുവിനെ കാണാന്‍ തുടങ്ങി. ജനങ്ങള്‍ അവന്റെ പിന്നാലെ കൂടുന്നതും അധികാരികളുടെ സ്വാര്‍ഥതയ്ക്കും ചൂഷണത്തിനുമെതിരേ സംസാരിച്ചു തുടങ്ങുന്നതും കണ്ടപ്പോള്‍ സമൂഹത്തിലെ ഉന്നതശ്രേണിയില്‍ ജീവിക്കുന്ന ആളുകള്‍ക്ക് അസ്വസ്ഥതയുണ്ടായി. അവര്‍ യേശുവിനെതിരേ തിരിയുകയും അദ്ദേഹത്തിനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.
പതിതരോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും പക്ഷം ചേര്‍ന്ന യേശുവിന്റെ നിലപാടുതന്നെയാണ് ക്രൈസ്തവസഭയും ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത്. മുഖ്യധാരയില്‍നിന്നു പുറംതള്ളപ്പെടുന്ന പാവപ്പെട്ടവരോടും മര്‍ദിതരോടും ചൂഷണം ചെയ്യപ്പെടുന്നവരോടും പക്ഷം ചേര്‍ന്ന്, അവരുടെ ഉന്നമനത്തിനും വളര്‍ച്ചയ്ക്കുംവേണ്ടി നിലപാടെടുക്കുകയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെയും ചേര്‍ത്തുനിര്‍ത്തുന്നതിന് ആവശ്യമായ പദ്ധതികളും സംവിധാനങ്ങളും ഒരുക്കി അവരും ഈ വലിയ സമൂഹത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തുന്നതിനാണ് സഭ പരിശ്രമിക്കുന്നത്. രാഷ്ട്രനിര്‍മാണത്തില്‍ പങ്കുചേര്‍ന്ന് പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നവിധം സ്ത്രീകളുടെയും കുട്ടികളുടെയും അനാഥരുടെയും വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കുംവേണ്ടി ശബ്ദിക്കുകയും ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യുന്നതുവഴി, അവര്‍ക്കും വലിയ സന്തോഷം നല്‍കുന്നു.


ലോകത്തെവിടെയായാലും അവിടെയുള്ള സന്തോഷമില്ലാത്തവര്‍ക്ക് സന്തോഷത്തിനും സ്വാതന്ത്ര്യമില്ലാത്തവര്‍ക്ക് സ്വാതന്ത്ര്യത്തിനും ചൂഷണം ചെയ്യപ്പെടുന്നവര്‍ക്ക് മോചനത്തിനുംവേണ്ടി നിലകൊള്ളുകവഴി യേശുവിന്റെ പ്രബോധനം തന്നെയാണ് സഭ പ്രാവര്‍ത്തികമാക്കുന്നത്. അങ്ങനെ ദൈവത്തിന് മഹത്വവും മനുഷ്യര്‍ക്ക് സമാധാനവും ഉറപ്പു നല്‍കുന്ന യേശുവിന് സഭ സാക്ഷ്യം നല്‍കുന്നു.
'അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം' എന്ന മാലാഖമാരുടെ കീര്‍ത്തനം അന്തരീക്ഷത്തില്‍ മുഴങ്ങിനില്‍ക്കുന്ന ഈ നാളില്‍ മനുഷ്യഹൃദയങ്ങളിലെല്ലാം നന്മകള്‍ നിറയട്ടെ എന്നാശംസിക്കുന്നു. ഹൃദയത്തില്‍ നന്മയും മനസില്‍ ശാന്തിയും ജീവിതത്തില്‍ സന്തോഷവും പ്രത്യാശയും പ്രദാനം ചെയ്യുന്ന പ്രസാദം എല്ലാവരിലും നിറയട്ടെ.

(കെ.സി.ബി.സി വക്താവാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായാടി മുതൽ നസ്രാണി വരെ; വർഗീയ  ചേരിതിരിവിന് വീണ്ടും വെള്ളാപ്പള്ളി

Kerala
  •  7 days ago
No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  7 days ago
No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  8 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  8 days ago
No Image

സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു

Kerala
  •  8 days ago
No Image

ഹോട്ടലിലോ പൊതു ഇടങ്ങളിലോ ബീഫ് പാടില്ല;  സമ്പൂര്‍ണ നിരോധനവുമായി അസം

National
  •  8 days ago
No Image

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്

National
  •  8 days ago
No Image

ഇറാന്‍ യുദ്ധവിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

International
  •  8 days ago
No Image

വഴികളുണ്ട് കുരുതിക്ക് തടയിടാൻ

Kerala
  •  8 days ago
No Image

സ്ത്രീകള്‍, ആറ് കുഞ്ഞുങ്ങള്‍...'സുരക്ഷാ മേഖല' യില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് 20 മനുഷ്യരെ 

International
  •  8 days ago