'എക്കാലവും എന്നെ തടഞ്ഞുവെക്കാമെന്ന് കരുതണ്ട' കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് വീണ്ടും മമത
കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അടുത്തമാസം ആദ്യവാരം ഇറ്റലിയില്‍ നടക്കുന്ന ലോകസമാധാന സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചതിനെ തുടര്‍ന്നാണ് മമതയുടെ രൂക്ഷമായ പ്രതികരണം.
താന്‍ പോകുന്ന എത്രയിടത്ത് നിങ്ങള്‍ക്ക് എന്നെ തടയാനാകും- മമത കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. എല്ലാക്കാലവും തന്നെ തടയാനാവില്ലെന്നും മമത മുന്നറിയിപ്പ് നല്‍കി. സെപ്തംബര്‍ 30 ന് നടക്കുന്ന ഭാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ പ്രചാരണ പരിപാടിയിലായിരുന്നു അവരുടെ പ്രതികരണം.
അടുത്ത മാസം 6,7 തീയ്യതികളിലാണ് ഇറ്റലിയില്‍ ലോകസമാധാന സമ്മേളനം നടക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കന്‍ തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ച ഒരേയൊരു രാഷ്ട്രീയ നേതാവാണ് മമത. എന്നാല്‍ ഒരു മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയല്ലെന്ന പ്രതികരണമാണ് കേന്ദ്ര വിദേശ കാര്യമന്ത്രാലയം അറിയിച്ചത്.
നേരത്തെ ചൈന സന്ദര്‍ശിക്കുന്നതില്‍ നിന്നും കേന്ദ്രം മമത ബാനര്‍ജിയെ തടഞ്ഞിരുന്നു. സമ്മേളന വേദിയില്‍ പ്രഭാഷണം നടത്താനും അവര്‍ക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ സമാന സമ്മേളനങ്ങളില്‍ മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് പോകാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ടെന്നും പക്ഷേ തന്റെ കാര്യത്തില്‍ കേന്ദ്രത്തിനു പ്രത്യേക പരിഗണനയാണെന്നും മമത കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."