എം.എസ്.പിക്ക് ഒരു നൂറ്റാണ്ട്; അന്ന് അടിച്ചമര്‍ത്തല്‍, ഇന്ന് സ്‌നേഹ കരുതല്‍
മലപ്പുറം: മലബാറിന്റെ മണ്ണില്‍ മലബാര്‍ സ്‌പെഷല്‍ പൊലിസിന്റെ (എം.എസ്.പി)ബൂട്ട് പതിഞ്ഞിട്ട് ഒരു നൂറ്റാണ്ട്. മലബാര്‍ സ്വാതന്ത്ര്യസമര പോരാളികളുടെ വീര്യം കെടുത്താന്‍ ബ്രിട്ടീഷ് ഭരണ മേധാവി ക്യാപ്റ്റന്‍ ഹിച്ച്‌കോക്ക് രൂപീകരിച്ച എം.എസ്.പിയുടെ തേരോട്ടം തുടങ്ങിയത് 1921 സെപ്റ്റംബര്‍ 30 മുതലാണ്. ഒരു ജനതയുടെ സ്വാതന്ത്ര്യ അവകാശത്തെ അടിച്ചമര്‍ത്താന്‍ വേണ്ടി മാത്രം രൂപീകരിച്ച എം.എസ്.പി സേന ഇന്ന് സേവന പാതയിലൂടെ സ്‌നേഹകരുതലിനാണ് ബൂട്ട് കെട്ടുന്നത്.
മലബാര്‍ സമരം പിടിച്ചുനിര്‍ത്താന്‍ പൊലിസിനും പട്ടാളത്തിനും കഴിയാതെ വന്നതോടെയാണ് മലബാറുകാരെ തന്നെ ഉള്‍പ്പെടുത്തി ബ്രിട്ടീഷ് മേധാവി പ്രത്യേക പൊലിസ് വിഭാഗം രൂപീകരിച്ചത്. ഇതിനോട് യോജിച്ചുകൊണ്ട് ജില്ലാ മജിസ്‌ട്രേറ്റ് തോമസിന്റെ റിപ്പോര്‍ട്ടുകൂടി ഭരണകൂടം അംഗീകരിച്ചതോടെയാണ് മലബാര്‍ സ്‌പെഷല്‍ പൊലിസ് രൂപം കൊണ്ടത്.
സേനയുടെ പ്രവര്‍ത്തനവും പരിശീലനവും മലപ്പുറം കുന്നുമ്മല്‍ ആസ്ഥാനമാക്കിയായിരുന്നു. ഏഴ് കമ്പനികളായാണ് എം.എസ്.പി രൂപം കൊണ്ടത്.
കേരള സംസ്ഥാനം രൂപീകൃതമായതോടെ മദിരാശി സംസ്ഥാനത്തായിരുന്ന ആറ് കമ്പനികള്‍ തമിഴ്‌നാട് സ്‌പെഷല്‍ ഫോഴ്‌സായി. മലപ്പുറം ആസ്ഥാനമാക്കി എം.എസ്.പിയും നിലനിര്‍ത്തി. കേരള പൊലിസില്‍ ആദ്യമായി ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചത് എം.എസ്.പിയാണ്. നാട്ടിലെ സാധാരണക്കാരുടെ മക്കളുടെ വിദ്യാഭ്യസ കേന്ദ്രം കൂടിയാണ് എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
പ്രളയ കാലത്തും കൊവിഡ് സമയത്തുമുള്ള സഹായങ്ങളും മറ്റുമായാണ് എം.എസ്.പി മുന്നേറുന്നത്. സംസ്ഥാനത്തെ മികച്ച പൊലിസ് പരിശീലന കേന്ദ്രമാണ് ഇന്ന് എം.എസ്.പി.
കേരള ആംഡ് പൊലിസ് ബറ്റാലിയന്റെ ഭാഗമായി ലോ ആന്‍ഡ് ഓര്‍ഡര്‍, വി.ഐ.പി സെക്യൂരിറ്റി, ട്രാഫിക് മാനേജ്‌മെന്റ്, പൊലിസ് പരിശീലനം, കമാന്‍ഡോ ട്രെയിനിങ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് തുടങ്ങിയ സേവനങ്ങളാണ് എം.എസ്.പി നിര്‍വഹിക്കുന്നുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."