ബന്ധുനിയമനത്തില്‍ ജലീലിന് തിരിച്ചടി, ഹരജി പരിഗണിച്ചില്ല; ലോകായുക്ത കണ്ടെത്തല്‍ ശരിയെന്നും സുപ്രിം കോടതി
ന്യൂഡല്‍ഹി: ബന്ധുനിയമനത്തില്‍ മുന്‍മന്ത്രി കെ.ടി ജലീലിന് തിരിച്ചടി. സംസ്ഥാന ലോകായുക്ത ഉത്തരവും ഹൈക്കോടതി വിധിയും സ്റ്റേ ചെയ്യണമെന്ന ജലീലിന്റെ ആവശ്യം സുപ്രിം കോടതി തള്ളി.
ലോകായുക്ത വിധിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രിം കോടതി. ജലീലിന്റെ ഹരജി കോടതി പരിഗണിച്ചില്ല. ലോകായുക്ത കണ്ടെത്തല്‍ ശരിയെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു.
അപേക്ഷ സ്വീകരിക്കാതെയുള്ള ബന്ധു നിയമനമാണ് നടന്നിരിക്കുന്നത്. അപേക്ഷ ക്ഷണിക്കാതെയുള്ള ബന്ധു നിയമനം ഭരണഘടനാവിരുദ്ധമാണ്. സംസ്ഥാന ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ ഇടപെടാനാകില്ലെന്നും ഹരജി തള്ളുകയാണെന്നും നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
തള്ളുന്ന സാഹചര്യത്തില്‍ ഹരജി പിന്‍വലിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് മുമ്പാകെ ജലീലിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. തുടര്‍ന്ന് ഹരജി പിന്‍വലിക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കി.
സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്നും നിയമനത്തില്‍ സ്വജനപക്ഷപാതമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജലീല്‍ ഹരജി നല്‍കിയത്. ലോകായുക്ത നടപടിക്രമങ്ങള്‍ പാലിച്ചില്ല. പ്രാഥമിക അന്വേഷണം നടത്താതെയാണ് തനിക്കെതിരായ ലോകായുക്തയുടെ കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നതെന്നും ജലീല്‍ ഹരജിയില്‍ വാദിച്ചുരുന്നു.
ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചത് സ്വജനപക്ഷപാതമാണെന്ന് സംസ്ഥാന ലോകായുക്ത ഉത്തരവിട്ടിരുന്നു. ലോകായുക്ത കണ്ടെത്തല്‍ ഹൈകോടതി പിന്നീട് ശരിവെക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിസ്ഥാനം കെ.ടി. ജലീല്‍ രാജിവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."