പരാജയത്തിൽ നിന്ന്കോണ്‍ഗ്രസിന് പഠിക്കാനേറെ
മാസങ്ങള്‍ക്കപ്പുറം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിലയിരുത്തപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലിടത്തെ ഫലം പുറത്തുവന്നു. മൂന്നാം വട്ടം അധികാരത്തിലെത്താനുള്ള അടവുകള്‍ പയറ്റുന്ന മോദിക്കും കൂട്ടര്‍ക്കും വിശാല പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യാ മുന്നണിക്കും നിര്‍ണായകമായ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് മേല്‍ക്കൈ നേടിക്കൊടുക്കുന്നതും കോണ്‍ഗ്രസിന് തിരിച്ചടിയുമാണ്. അതേസമയം, കഠിനാദ്ധ്വാനം ചെയ്താല്‍ തിരിച്ചുവരാമെന്ന് പ്രതീക്ഷ നിലനിര്‍ത്തുന്ന വിജയമാണ് തെലങ്കാനയില്‍ കോണ്‍ഗ്രസിനുണ്ടായത്.
രാജ്യത്തെ ആറിലൊന്ന് ജനങ്ങളുടെ ഹിതപരിശോധന കൂടിയായിരുന്നു അഞ്ചിടത്തെ നിയമസഭാ തെരഞ്ഞെടുപ്പ്. ഏകദേശം 16.14 കോടി വോട്ടര്‍മാരാണ് ജനവിധി നിര്‍ണയിച്ചത്. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം അതേപോലെ ലോക്സഭയില്‍ നിലനിര്‍ത്താന്‍ പലപ്പോഴും ബി.ജെ.പിക്കോ കോണ്‍ഗ്രസിനോ സാധിച്ചിട്ടില്ല എന്നതാണ് ചരിത്രം. കടുത്ത ഭരണവിരുദ്ധ വികാരമുണ്ടായിട്ടും മധ്യപ്രദേശിലെ വിജയവും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കനത്ത മത്സരത്തിനൊടുവില്‍ നേട്ടം കൈവരിച്ചതും ബി.ജെ.പിക്ക് കരുത്ത് കൂട്ടുന്നതായി മാറി. ഛത്തീസ്ഗഡും രാജസ്ഥാനും നഷ്ടപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിന് ആശ്വാസിക്കാനുള്ള വിജയം തെലങ്കാനയില്‍ നിന്നാണ്.
ഛത്തീസ്ഗഡിലും രാജസ്ഥാനിലും ഭരണത്തുടര്‍ച്ച നേടുമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. ഇരു സംസ്ഥാനങ്ങളിലും നടപ്പിലാക്കിയ ക്ഷേമപദ്ധതികളും സാമൂഹ്യ സുരക്ഷാ ഇടപെടലുകളും ഭരണവിരുദ്ധ വികാരം മറികടക്കാനാകുമെന്നായിരുന്നു കോണ്‍ഗ്രസ് കരുതിയിരുന്നത്. എന്നാല്‍, രണ്ടു സംസ്ഥാനങ്ങളിലെയും വോട്ടര്‍മാര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന നേട്ടങ്ങളേക്കാള്‍ ചര്‍ച്ച ചെയ്തത് പാര്‍ട്ടിക്കുള്ളിലെ തമ്മിലടിയാണ്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കൃത്യമായ സംഘടനാ സംവിധാനം രാജസ്ഥാനില്‍ ഇല്ലാതെ പോയി.
കേന്ദ്രീകൃതമായ പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും മാത്രമാണ് പാര്‍ട്ടി എന്ന നിലയ്ക്കുള്ള കോണ്‍ഗ്രസിന്റെ സംഭാവന. മറിച്ച് ഗ്രാമങ്ങളിലൂടെയുള്ള പ്രവര്‍ത്തനമോ ജനങ്ങളുമായുള്ള സമ്പര്‍ക്കമോ കോണ്‍ഗ്രസില്‍ വളരെ ദുര്‍ലബമായി. മധ്യപ്രദേശിലും സംഘടനാ സംവിധാനത്തിന്റെ പോരായ്മയാണ് മികച്ച അവസരം പാഴായിപോകാനുള്ള കാരണം.
രാജ്യത്ത് ബി.ജെ.പിക്കെതിരേ വിശാല പ്രതിപക്ഷ സഖ്യം ഇന്‍ഡ്യാ മുന്നണി രൂപീകരിച്ച ശേഷമുള്ള ആദ്യ അഗ്നിപരീക്ഷ കൂടിയായിരുന്നു ഈ തെരഞ്ഞെടുപ്പ്. എന്നാല്‍, സഖ്യത്തിലെ ഘടകകക്ഷികള്‍ പലയിടത്തും പരസ്പരം മത്സരിച്ചു. മധ്യപ്രദേശിലും രാജസ്ഥാനിലും ഇന്‍ഡ്യാ മുന്നണി എന്ന നിലയ്ക്കുള്ള ഒരു നീക്കുപോക്കുമുണ്ടായില്ല. പേരിനെങ്കിലും തെലങ്കാനയിലാണ് ഇന്‍ഡ്യാ സഖ്യത്തിലെ കക്ഷികള്‍ ഒന്നിച്ചത്.
ഛത്തീസ്ഗഡിലും രാജസ്ഥാനിലും മധ്യപ്രദേശിലും തെലങ്കാനയിലും ബി.ജെ.പി എന്ന പാര്‍ട്ടിയായിരുന്നില്ല,
പകരം മോദിയാണ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ചത്. ഭരണവിരുദ്ധ വികാരമുള്ളതും പ്രാദേശിക തലങ്ങളില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ നേരിടുന്നവരുമായ നേതാക്കളില്‍ നിന്ന് അകലം പാലിച്ച മോദി ഹിന്ദി മേഖലയിലെല്ലാം 'മോദിയുടെ ഗ്യാരന്‍ഡി'യില്‍ വിശ്വസിക്കൂ എന്ന പ്രചാരണമാണ് നടത്തിയത്. വര്‍ഗീയതയും വ്യക്തി വിരോധവും പരിഹാസവും കളം നിറഞ്ഞ തെരഞ്ഞെടുപ്പില്‍ പക്ഷെ, കര്‍ഷകരുടെയോ ആദിവാസി-ദലിത്-പിന്നോക്ക ജനവിഭാഗങ്ങളുടെയോ സാമൂഹ്യ സാഹചര്യത്തെ കുറിച്ചോ സ്ത്രീകളും യുവാക്കളും നേരിടുന്ന തൊഴിലില്ലായ്മയെ കുറിച്ചോ ഗൗരവമായ ആവലാതികളോ ആലോചനകളോ ഉയര്‍ന്നു കേട്ടില്ല എന്നതാണ് വാസ്തവം.
ജാതി സെന്‍സസ് എന്ന മുദ്രാവാക്യം ഏറെ ചര്‍ച്ചയായ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. എന്നാല്‍, ഹിന്ദി ഭൂമിയില്‍ ആ മുദ്രാവാക്യത്തെ മറികടക്കാന്‍ മോദിയുടെ തന്ത്രപരമായ വികസന മുദ്രാവാക്യങ്ങളും കോണ്‍ഗ്രസിനെതിരായ അഴിമിതി ആരോപണങ്ങളും കൊണ്ട് ബി.ജെ.പിക്ക് കഴിഞ്ഞു എന്നുവേണം കരുതാൻ. രാജസ്ഥാനിലും ഛത്തീസ്ഗഡിലും സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് മോദി ഉന്നയിച്ചത്. തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരേ ഇ.ഡി ഉയര്‍ത്തിയ മഹാദേവ് ആപ്പ് കോഴ ആരോപണം സംസ്ഥാനത്ത് വലിയ ചര്‍ച്ചയാക്കി മാറ്റാനും അതില്‍ മതവിശ്വാസത്തിന്റെ നിറം ചേര്‍ക്കാനും മോദിക്ക് കഴിഞ്ഞു. ഇതിനെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ നീക്കങ്ങള്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായതുമില്ല.
രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ജാതി സമവാക്യങ്ങളല്ല, തീവ്രഹിന്ദുത്വ വികാരവും അത് ഏകോപിപ്പിക്കുന്ന മോദി എന്ന ഘടകവുമാണ് പ്രതിഫലിച്ചത്. ജനങ്ങളുടെ അടിസ്ഥാന വികസന പ്രശ്‌നങ്ങളോ ജീവിത പ്രാരാബ്ധങ്ങളോ അല്ല പ്രചാരണത്തില്‍ ബി.ജെ.പി അഭിസംബോധന ചെയ്തത്. പകരം സനാതന ധര്‍മത്തിനെതിരായ കടന്നാക്രമണത്തെ ചെറുക്കാനുള്ള അപേക്ഷയാണ് അവര്‍ ഭൂരിപക്ഷ സമുദായത്തിന് മുന്നില്‍ നല്‍കിയത്. വികസന നേട്ടങ്ങളോ വ്യക്തിഗത ആനുകൂല്യങ്ങളോ അല്ല അതിനും മുകളിലാണ് വര്‍ഗീയ ദ്രുവീകരണം എന്നത് ഹിന്ദിമേഖലയുടെ കാര്യത്തില്‍ വീണ്ടും തെളിയിക്കപ്പെട്ടതാണ് തെരഞ്ഞെടുപ്പ് ഫലം.
ജനങ്ങളില്‍ ഭൂരിഭാഗവും ബി.ജെ.പി സര്‍ക്കാരിനെ വെറുത്തുകഴിഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതോടെ ചിത്രം മാറാന്‍ തുടങ്ങി. സനാതന ധര്‍മം, ഏകസിവില്‍ കോഡ്, മുസ് ലിം വിരുദ്ധ പ്രസ്താവനകള്‍, മതപരിവര്‍ത്തനം, ഗോരക്ഷ തുടങ്ങിയ തുറുപ്പുചീട്ടുകള്‍ പതിവുപോലെ ബി.ജെ.പി പുറത്തെടുത്തു. ഇതിനെ പ്രതിരോധിക്കാനോ, മറികടന്ന് യാഥാര്‍ഥ പ്രശ്‌നങ്ങള്‍ സജീവമാക്കി നിലനിര്‍ത്താനോ കോണ്‍ഗ്രസിന് കഴിഞ്ഞതുമില്ല.
പരാജയത്തിനിടയിലും കോണ്‍ഗ്രസിന് തികഞ്ഞ പ്രതീക്ഷ പകരുന്ന വിജയമാണ് തെലങ്കാനയിലുണ്ടായത്. ഒമ്പത് വര്‍ഷമായി അധികാരത്തിലുള്ള ചന്ദ്രശേഖരറാവു സര്‍ക്കാരിനെതിരായ കടുത്ത ജനവികാരം അനുകൂലമാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. അതിന് അവരെ പ്രാപ്തരാക്കിയത് സംഘടനാ തലത്തില്‍ നടത്തിയ ഒരുക്കം തന്നെയായിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി തെലങ്കാനയിലെ കോണ്‍ഗ്രസ് സംഘടന ഏറ്റവും താഴെത്തലം മുതല്‍ പി.സി.സി വരെ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചിരുന്നു. സര്‍ക്കാരിനെതിരായ സമരമുന്നേറ്റങ്ങള്‍ കാണാത്ത ഒരു ഗ്രാമം പോലും തെലങ്കാനയില്ല. ഇത് സാധ്യമാക്കിയത് സംഘടനാ തലത്തിലെ മാറ്റം കൊണ്ടാണ്.
അടിസ്ഥാനപരമായ സംഘടനാ ക്രമീകരണങ്ങളും പ്രവര്‍ത്തനങ്ങളും ഉറപ്പാക്കി, രാജ്യത്തിന്റെ സങ്കീര്‍ണമായ സാഹചര്യത്തിന് അനുസരിച്ച നയവും നിലപാടും രൂപപ്പെടുത്താന്‍ ആശയപരമായി തയാറാവുകയും പ്രാവര്‍ത്തിക തലത്തില്‍ പ്രകടമാക്കുകയും ചെയ്താല്‍ കോണ്‍ഗ്രസിന് മുന്നില്‍ തെലങ്കാനകള്‍ ആവര്‍ത്തിക്കും. പക്ഷെ, അതിനുള്ള ആത്മപരിശോധന കോൺഗ്രസ് നടത്തണം. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് രാജ്യത്തിനു തന്നെ നിര്‍ണായകമാകയാല്‍ പരാജയത്തില്‍ നിന്ന് കൃതമായ പാഠമുള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാവുമെന്ന് പ്രതീക്ഷിക്കാം.
Content Highlights:Congress has a lot to learn from the failure
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."