ആര്‍ക്കുമറിയില്ല, ശൈഖ് ഫരീദ് എന്തിന് കൊല്ലപ്പെട്ടുവെന്ന്
കെ.എ സലിം
ദാരങ് ജില്ലയിലെ ധോല്‍പൂര്‍ മൂന്നിലെ സംഘര്‍ഷ ഭൂമിയിലെത്തണമെങ്കില്‍ തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്ന് മണിക്കൂറുകള്‍ യാത്ര ചെയ്യണം. കണ്ടാജാനില്‍ നിന്ന് മണ്‍വ ഗ്രാമത്തിലേക്ക് തിരിയുന്ന റോഡില്‍ അഞ്ചു കിലോമീറ്റര്‍ ദൂരം പിന്നിട്ടതോടെ റോഡില്ലാതായി. സമയം വൈകിട്ട് അഞ്ചുമണി ആയിരുന്നെങ്കിലും ഇരുട്ടായി. റോഡ് അവസാനിക്കുന്നിടത്തെ മണ്‍വിളക്ക് കത്തുന്നൊരു കടയുള്ളൊരിടത്ത് ഫസല്‍ ഹഖ് ബൈക്കുമായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. എങ്ങോട്ടാണിനി പോകുന്നതെന്ന് ചോദിക്കും മുമ്പ് ഫസല്‍ എന്നെയും കൊണ്ട് ബൈക്കുമായി വയലിലൂടെ പാഞ്ഞു. വയല്‍ക്കരയിലെ ഇടിഞ്ഞു പൊളിഞ്ഞ തിട്ടയാണ് റോഡ്. കുറേദൂരം ചെല്ലുമ്പോള്‍ അതും ഇല്ലാതായി വയലാകും. കൊയ്‌ത്തൊഴിഞ്ഞ വയലിന് നടുവിലൂടെയാകും പിന്നീടുള്ള യാത്ര. ചിലപ്പോഴത് കൈത്തോടിനരികിലെ ഇടിഞ്ഞു പൊളിഞ്ഞ കരയിലാകും.
വഴിയില്‍ ഒരാള്‍ക്ക് മാത്രം കടക്കാന്‍ വീതിയുള്ള മുളകൊണ്ടുള്ള ആടിയുലയുന്ന പാലം കടക്കണം. ഫസല്‍ എന്നെയിറക്കി പാലത്തിലൂടെ ബൈക്ക് അക്കരെ കടത്തും. കടുത്ത ഇരുളില്‍ വണ്ടിയുടെ മുന്നിലെ വെളിച്ചമല്ലാതെ മറ്റൊന്നും കാണാനില്ല. ഒരിടത്തോ മറ്റോ ഷീറ്റ് വിരിച്ചൊരു കട കണ്ടു. കുറേദൂരം ചെന്നപ്പോള്‍ ഫസല്‍ പറഞ്ഞു: ഇനിയിന്നങ്ങോട്ട് പോകാനാവില്ല. ഫസല്‍ ബൈക്ക് ബര്‍ബാരിയിലെ വെളിച്ചമില്ലാത്തൊരു ഗ്രാമത്തില്‍ കൊണ്ടുപോയി നിര്‍ത്തി. അവിടെയാണ് അവന്റെ വീട്. പുലര്‍ച്ചെ വീണ്ടും വയലിലൂടെയായി യാത്ര. ധോല്‍പൂരിലെത്തണമെങ്കില്‍ ബൈക്കുമായി രണ്ടു പുഴ കടക്കണം. മണ്‍തിട്ടയില്‍ കെട്ടിയുണ്ടാക്കിയ മുളകൊണ്ടുള്ള ഇളകുന്ന പ്ലാറ്റ്‌ഫോമില്‍ തോണിയടുപ്പിച്ച് ബൈക്ക് അതിലേക്ക് കയറ്റുകയാണ് ചെയ്യുക. മറുകരയിലെത്തിയാല്‍ ഒരു മണിക്കൂറോളം പിന്നെയും നീണ്ട യാത്ര ഒടുവില്‍ മുളങ്കൂട്ടങ്ങള്‍ നിറഞ്ഞ വഴിയിലേക്ക് പ്രവേശിച്ചു. വഴിയിലൊരിടത്ത് മുളങ്കൂട്ടത്തിനടിയില്‍ ഒരു വൃദ്ധന്‍ കുനിഞ്ഞിരിക്കുന്നു. അദ്ദേഹത്തോട് ചോദിച്ചു;'ഭായ് സാബ് എവിടെയാണ് പൊലിസ് വെടിവയ്പ്പില്‍ മരിച്ച 12കാരന്‍ ശൈഖ് ഫരീദിന്റെ വീട്'. അയാള്‍ തലയുയര്‍ത്തി ഞങ്ങളെ അല്‍പസമയം നോക്കി നിന്നു. എന്നിട്ടു പറഞ്ഞു: 'ശൈഖ് ഫരീദ് എന്റെ മകനാണ്. അവിടെയാണ് ഞങ്ങളുടെ വീട്'. അപ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
ശൈഖ് ഫരീദ് എന്തിന് കൊല്ലപ്പെട്ടുവെന്ന് ആര്‍ക്കുമറിയില്ല. ധോല്‍പൂര്‍ മൂന്നിലാണ് വീടെങ്കിലും എതെങ്കിലും സമരത്തിന്റെയോ പ്രതിഷേധത്തിന്റെയോ ഭാഗമായിരുന്നില്ല. അവന്റെ വീട് കുടിയൊഴിപ്പിക്കുന്ന വീടുകളുടെ കൂട്ടത്തില്‍ വരുന്നുമില്ല. അതുകൊണ്ട് വെടിവയ്പ്പ് നടക്കുമ്പോള്‍ പിതാവ് ഖാലിഖ് അലി വീടിനടുത്തുള്ള വയലിലുണ്ടായിരുന്നു. മാതാവ് ഗുലാബാനുവിനോട് പോസ്‌റ്റോഫിസില്‍പ്പോയി ആധാര്‍ വാങ്ങാനുണ്ടെന്ന് പറഞ്ഞാണ് ശൈഖ് ഫരീദ് പുറത്തിറങ്ങിയത്. അല്‍പം കഴിഞ്ഞപ്പോള്‍ ചോരയില്‍ കുതിര്‍ന്ന മൃതദേഹം നാട്ടുകാര്‍ വീട്ടിലെത്തിച്ചു. അവന്റെ ഇടതു നെഞ്ചിലായിരുന്നു വെടിയേറ്റിരുന്നത്. മൂക്കില്‍ക്കൂടി രക്തം ഒലിച്ചിറങ്ങിയിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ വയലില്‍ നില്‍ക്കുമ്പോള്‍ താന്‍ വെടിയൊച്ച കേട്ടിരുന്നുവെന്ന് ഖാലിഖ് അലി പറയുന്നു. അതിലൊന്ന് തന്റെ മകന്റെ ജീവനെടുത്തതറിഞ്ഞില്ല. ഫരീദിന് വെടിയേറ്റുവെന്ന് ആരോ വിളിച്ചു പറയുന്നത് പിന്നീട് കേട്ടിരുന്നെങ്കിലും വിശ്വസിച്ചിരുന്നില്ല. ആളുകള്‍ വീട്ടിലെത്തി പറയുമ്പോഴാണ് അറിയുന്നത് അവന്‍ മരിച്ചെന്ന്.
സംഘര്‍ഷം നടന്ന ധോല്‍പൂര്‍ മൂന്നിലൂടെയാണ് പോസ്‌റ്റോഫിസിലേക്ക് പോകേണ്ടത്. ആധാര്‍ വാങ്ങിയ ശേഷം തിരിച്ചുവരികയായിരുന്ന ശൈഖ് ഫരീദിനെ പൊലിസ് വെടിവച്ചു വീഴ്ത്തുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. ഏഴാംക്ലാസില്‍ പഠിച്ചിരുന്ന അവന്‍ മികച്ച വിദ്യാര്‍ഥിയായിരുന്നു. പഠനത്തില്‍ മിടുക്കന്‍. പഠിച്ച് ഡോക്ടറാകണമെന്നും എന്നിട്ട് പണമുണ്ടാക്കി ലോകം ചുറ്റണമെന്നുമായിരുന്നു അവന്റെ ആഗ്രഹമെന്ന് പിതാവ് പറയുന്നു. എന്റെ കുഞ്ഞിനെ വെടിവച്ചു കൊന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആരും തിരിഞ്ഞുനോക്കിയില്ലെന്നും പിതാവ് പറഞ്ഞു. വീടുകള്‍ മാത്രമല്ല, മൂന്ന് പള്ളികളും ഒരു മദ്‌റസയും പൊലിസ് തകര്‍ത്തതിലുണ്ട്. വെടിവയ്പ്പില്‍ ഗുരുതരമായി പരുക്കേറ്റ 12 പേര്‍ ആശുപത്രിയിലുണ്ട്. അതിലൊരാളുടെ മുഖത്തേറ്റ വെടിയുണ്ട കവിള്‍ തകര്‍ത്താണ് പാഞ്ഞുപോയത്. വെടിവയ്പ്പിലും പിന്നാലെ ലാത്തിച്ചാര്‍ജിലും കാലുകള്‍ തകര്‍ന്നവര്‍, തോളില്‍ വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റവര്‍ അങ്ങനെ നിരവധി പേരുണ്ട് പൊലിസ് ക്രൂരതയുടെ ഇരകളായിട്ട്.
ഈ കൊലകള്‍ ഹിമന്ദ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ആസൂത്രണം ചെയ്തതാണ്. ധോല്‍പൂരിലെ കൈയേറ്റം ഒഴിപ്പിക്കുമെന്ന് ബി.ജെ.പി തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനം ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും കൈയേറ്റക്കാരായിരുന്നു ശത്രു. കുടിയൊഴിപ്പിക്കല്‍ ഇനിയും തുടരുമെന്നും അവര്‍ കാമാഖ്യ ക്ഷേത്രം കൂടി കൈയേറിയാല്‍ താന്‍ എന്തു ചെയ്യുമെന്നും ഹിമന്ദ തുടരെ പ്രസംഗിച്ചു. മുഖ്യമന്ത്രിയായതിന് പിന്നാലെ ഗോല്‍പ്പാര എസ്.പിയായിരുന്ന സ്വന്തം സഹോദരന്‍ സുശാന്ത് ബിശ്വ ശര്‍മ്മയെ ദാരങ് എസ്.പിയായി ഹിമന്ദ നിയമിച്ചത് തന്നെ ധോല്‍പൂരിലെ ഒഴിപ്പിക്കല്‍ ലക്ഷ്യമിട്ടാണ്. തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചതിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി നേരിടേണ്ടി വന്നയാളാണ് സുശാന്ത്. ഈ സുശാന്തിന് തന്നെയായിരുന്നു വെടിവയ്പ്പിനെക്കുറിച്ച് അന്വേഷിക്കാനും ചുമതലയുണ്ടായിരുന്നത്.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."