സൂക്ഷിക്കുക നിങ്ങള്‍ നിരീക്ഷണത്തിലാണ്
ഇരിട്ടി നഗരത്തിലും പരിസരങ്ങളിലുമായി സ്ഥാപിച്ചത് 12 ക്യാമറകള്‍
ഉദ്ഘാടനം അടുത്ത മാസം പത്തിനുള്ളില്‍
ഇരിട്ടി:സൂക്ഷിക്കുക ടൗണും പരിസരവും ഇനി നിരീക്ഷണ ക്യാമറ വലയത്തില്‍. അടുത്ത മാസം 10നകം ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ ഇന്നലെ ഇരിട്ടിയില്‍ സി.ഐയുടെയും ഇരിട്ടി മുനിസിപ്പല്‍ ചെയര്‍മാന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന സന്നദ്ധ സംഘടന പ്രതിനിധികളുടെയും വ്യാപാരി വ്യവസായി പ്രതിനിധികളുടെയും യോഗത്തില്‍ തീരുമാനമായി. ക്യാമറ സ്ഥാപിക്കാനാവശ്യമായ രണ്ടണ്ട് ലക്ഷത്തോളം മുടക്കുന്നത് ഇരിട്ടിയിലെ വ്യാപാരികളും സന്നദ്ധ സംഘടന പ്രവര്‍ത്തകരുമാണെന്ന് മുനിസിപ്പല്‍ ചെയര്മാന് പി.പി അശോകന് പറഞ്ഞു. പയഞ്ചേരി, ഇരിട്ടി പഴയസ്റ്റാന്റ്, പുതിയ സ്റ്റാന്റ് പാലത്തിന് സമീപം, നേരമ്പോക്ക് റോഡ്, ഇരിട്ടി ടൗണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 12 ക്യാമറകളാണ് സ്ഥാപിക്കുക. മുമ്പ് സ്ഥാപിച്ച ക്യാമറകള്‍ കൃത്യമായ രീതിയില്‍ സര്‍വീസ് നടത്താത്തതിനാല്‍ ക്യാമറ സ്ഥാപിച്ച് കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തന രഹിതമായിരുന്നു. ഇതേ തുടര്‍ന്ന് ഇതിന്റെ സാങ്കേതിക സഹായവും മറ്റ് സര്‍വീസുകളും നടത്താന്‍ പ്രാദേശിക ചാനലായ ഹൈവിഷനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. രാത്രി കാലങ്ങളിലും ചിത്രങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിവുള്ള ഹൈക്വാളിറ്റിയുള്ള ഡിജിറ്റല്‍ ക്യാമറകളാണ് സ്ഥാപിക്കുന്നത്. ഇതിന്റെ നിയന്ത്രണം മുഴുവന്‍ ഇരിട്ടി പൊലീസ് സ്റ്റേഷനില്‍ ആയതിനാല്‍ പവര്‍ കട്ട് സമയത്തും സ്റ്റേഷനിലെ ഇന്‍വര്‍ട്ടര്‍ ഉപയോഗിച്ച് ഇത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. നിരീക്ഷണ ക്യാമറ ഇരിട്ടിയില്‍ സ്ഥാപിക്കുന്നതോടെ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം, ട്രാഫിക് നിയമലംഘനം, മോഷണം, പിടിച്ചു പറി, അനധികൃത പാര്‍ക്കിങ്ങ് തുടങ്ങിവ നിയന്ത്രിക്കാന്‍ കഴിയുമെന്ന് സി.ഐ സജേഷ് വാഴാളത്തില്‍ പറഞ്ഞു. ആലോചന യോഗത്തില്‍ മുസ്തഫ ഹാജി, മോഹന്‍ രാജ്, വിജേഷ്, ഉന്മേഷ് പായം, അനൂപ് നാമത്ത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."