മഹുവ സൂര്യശോഭയോടെതിരിച്ചുവരും
കെ.പി നൗഷാദ് അലി
പതിനേഴാം ലോക്സഭയുടെ കാലാവധി അവസാനിക്കാൻ ഏതാനും ആഴ്ചകൾ മാത്രമാണ് അവശേഷിക്കുന്നത്. എന്നാൽ പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിൽ നിന്നുള്ള മഹുവ മൊയ്‌ത്രയുടെ അംഗത്വത്തിനുമേൽ ചുവന്ന വട്ടം വരയ്ക്കാൻ അവസരമുണ്ടായതിനെ വലിയ നേട്ടമായാണ് ബി.ജെ.പി വിലയിരുത്തുന്നത്. തട്ടുപൊളിപ്പൻ ഭോജ്പുരി സിനിമകളെ വെല്ലുന്ന തിരക്കഥയാണ് ഇന്ന് അവസാനിച്ചത്.
വസ്ത്രാക്ഷേപത്തിനിരയായ തന്റെ മഹാഭാരത യുദ്ധം ഇനി തുടങ്ങാൻ പോകുന്നതേയുള്ളൂ എന്നാണ് മഹുവ വ്യക്തമാക്കിയത്.
ലോക്സഭയിലെത്തി ആഴ്ചകൾക്കുള്ളിൽതന്നെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റാൻ മഹുവയ്ക്ക് കഴിഞ്ഞു. മൂർച്ചയേറിയ വിമർശനവും തീ പടർത്തുന്ന വാക്കുകളുമായി പുതുമുഖത്തിന്റെ പരിമിതികളില്ലാതെ അവർ ട്രഷറി ബെഞ്ചുകളിൽ ഭയം കോരിയിട്ടു.
മോദിയും അമിത്ഷയുമടങ്ങുന്ന ഉന്നത നേതൃത്വത്തോടും അദാനി ഉൾപ്പെടെയുള്ള ബി.ജെ.പിയുടെ ബിസിനസ് സുഹൃത്തുക്കളോടും താൽപര്യങ്ങളോടുമായി മഹുവ ലോക്സഭയിൽ പോർമുഖം തുറന്നു. രാഹുൽഗാന്ധി കഴിഞ്ഞാൽ നിർഭയം നേരിട്ട് ഏറ്റുമുട്ടലിന്റെ പാത തുറന്ന രണ്ടാമത്തെ ഇന്ത്യൻ നേതാവായി മഹുവ മൊയ്ത്രയെ വിലയിരുത്താം. പക തീർക്കാൻ വല നെയ്യാനായി ബി.ജെ.പി കോപ്പു കൂട്ടിയത് വെറുതെയായിരുന്നില്ല.
പാർലമെന്റിൽ ചോദ്യങ്ങളുന്നയിക്കാൻ റിയൽ എസ്റ്റേറ്റ് രംഗത്തുള്ള ദർശൻ ഹീരാനന്ദാനിയിൽ മഹുവ സമ്മാനങ്ങൾ ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്തുവെന്നാണ് പരാതി. അഭിഭാഷകനായ ജയ് അനന്ദ് ദേഹാദ്റായിയാണ് പരാതിക്കാരൻ. പരാതിക്കാരനെ പ്രതിനിധീകരിച്ച് ബി.ജെ.പി അംഗം നിഷികാന്ത് ദുബെയാണ് സ്പീക്കർക്ക് പരാതി നൽകിയത്. വിനോദ് സോകർ അധ്യക്ഷനായ പാർലമെന്റ് എത്തിക്സ് കമ്മിറ്റി വിഷയം പരിശോധിച്ചതായി അറിയിക്കുകയും അംഗത്വത്തിൽനിന്ന് നീക്കം ചെയ്യാൻ തീരുമാനമെടുക്കുകയും ചെയ്തു.
പാർലമെൻ്റ് കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പ്രമേയം അവതരിപ്പിച്ചു. ശബ്ദവോട്ടിൽ വിജയം നേടിയതിനാൽ അംഗത്വം റദ്ദായതായി സ്പീക്കർ പ്രഖ്യാപിച്ചതോടെ നാടകത്തിന്റെ ആദ്യരംഗം സമാപിച്ചിരിക്കുകയാണ്.
പതിനാറാം ലോക്സഭവരെ അംഗങ്ങൾ ചോദ്യമുന്നയിച്ചിരുന്നത് പ്രത്യേക അപേക്ഷാ ഫോറത്തിൽ എഴുതി നൽകിയായിരുന്നു. എം.പിയുടെ ഒപ്പിന്റെ ആധികാരിക പരിശോധന പൂർത്തിയാക്കി ചോദ്യാവലിയിൽ രജിസ്റ്റർ ചെയ്യും. എം.പിമാരുടെ പി.എയാണ് ഈ ജോലികൾ നിർവഹിച്ചുപോരാറുള്ളത്. എന്നാൽ 2019 മുതൽ പാർലമെന്റ് ഡിജിറ്റൽ അക്കൗണ്ടിൽ നിന്ന് ചോദ്യങ്ങൾ ഓൺലൈനായി പോസ്റ്റ് ചെയ്യാനുള്ള സൗകര്യം ആരംഭിച്ചു. ഓരോ എം.പിക്കും സ്വന്തമായി പോർട്ടൽ ഐ.ഡിയുണ്ട്.
പാസ്‌വേഡ് ഉപയോഗിച്ച് പോർട്ടലിൽ കയറി ചോദ്യം അപ്‌ലോഡ് ചെയ്തതിനുശേഷം ഒ.ടി.പി നൽകുന്നതോടെ കാര്യങ്ങൾ പൂർത്തിയാവും.
മഹുവയ്ക്കെതിരേ ജയ് അനന്ദ് ദേഹാദ്റായി നൽകിയ പരാതി മഹുവയുടെ പോർട്ടൽ ഐ.ഡിയും പാസ്‌വേഡും ഹീരാനന്ദാനിയുടെ ഓഫിസ് ജീവനക്കാരന് കൈമാറിയെന്നും അതുവഴി അദ്ദേഹത്തിൻ്റെ താൽപര്യങ്ങൾ മുൻനിർത്തി അദാനിക്കും പ്രധാനമന്ത്രിക്കും എതിരായ ചോദ്യങ്ങൾ ചോദിച്ചു എന്നുമാണ്.
ചോദ്യങ്ങൾക്കുവേണ്ടി താൻ മഹുവയ്ക്ക് പണവും സമ്മാനങ്ങളും നൽകുകയും വിദേശയാത്രാ ചെലവുകൾ വഹിക്കുകയും ചെയ്തതായി ഹീരാനന്ദാനി സത്യവാങ്മൂലം നൽകുകയും ചെയ്തു. തന്റെ ഭർത്താവായ ലാൻഡ് മോർസണിൽ നിന്ന് പിരിഞ്ഞശേഷം മഹുവയുടെ ജീവിതപങ്കാളിയായിരുന്നു പരാതിക്കാരൻ ജയ് അനന്ദ് ദേഹാദ്രി. തെറ്റിപ്പിരിഞ്ഞ ശേഷമാണ് പരാതിയുമായി എത്തിയത്. മഹുവ എം.പിയാകുന്നതിനുമുമ്പുതന്നെ ഹീരാനന്ദാനിയുമായി പരിചയവും സൗഹൃദവുമുണ്ട്. നന്ദാനി ഒരു സുപ്രഭാതത്തിൽ മഹുവക്കെതിരേ സത്യവാങ്മൂലവുമായി രംഗപ്രവേശം ചെയ്തു.
മഹുവയുടെ വാദത്തിന് എത്തിക്സ് കമ്മിറ്റി ഒട്ടും ചെവികൊടുത്തില്ല. പാർലമെന്റിലെ ഭൂരിഭാഗം എം.പിമാരുടെ പോർട്ടലും ഐ.ഡിയും കൈകാര്യം ചെയ്യുന്നത് അവരുടെ സഹായികളും സുഹൃത്തുക്കളുമാണ്. പ്രായമുള്ള മിക്ക എം.പിമാരും കൃത്യമായി ഡിജിറ്റൽ സാക്ഷരതയുള്ളവരല്ല എന്നതാണ് ഇതിനു കാരണം. മാത്രമല്ല ഇവ എം.പിമാർ പുറത്താർക്കും കൈമാറരുതെന്ന് ചട്ടങ്ങളിൽ എവിടെയും നിർദേശങ്ങളില്ല. എന്നാൽ മഹുവയുടെ കാര്യത്തിൽ മാത്രം ഇത് കുറ്റമായി മാറി. ഹീരാനന്ദാനിയും അദാനിയും തമ്മിൽ എവിടെയും ബിസിനസ് മത്സരങ്ങളില്ലാത്തതിനാൽ അദാനിയെ തുറന്നുകാട്ടുന്നതിൽ ഹീരയ്ക്ക് എന്താണ് നേട്ടം എന്ന ചോദ്യത്തിനും ഉത്തരമില്ല.
ഹീരാനന്ദാനിക്കു വേണ്ടി ചോദിച്ച ചോദ്യങ്ങൾ ഏതാണെന്നും ആ സമയത്ത് താൻ കൈപ്പറ്റിയ സമ്മാനങ്ങളുടെ സ്ഥിതിവിവരങ്ങൾ എന്തൊക്കെയാണ് എന്നുമുള്ള മഹുവയുടെ ചോദ്യങ്ങളും എത്തിക്സ് കമ്മിറ്റിയിലെ ബി.ജെ.പി ഭൂരിപക്ഷത്തിന്റെ ബധിര കർണങ്ങളിലാണ് പതിച്ചത്.
ജീവിതപങ്കാളിയെയും വർഷങ്ങൾ പരിചയമുള്ള വ്യവസായിയെയും കരുവാക്കി രചിച്ച തിരക്കഥയിൽ തന്നെ കുരുക്കിയതാണെന്നും അതിനുവേണ്ടി ഉയർത്തിയ വാദങ്ങൾ ദുർബലമാണെന്നുമുള്ള മഹുവ മൊയ്ത്രയുടെ വാദങ്ങളിൽ കഴമ്പുണ്ടെന്ന് വിശ്വസിക്കുന്നവരാണ് അധികപക്ഷവും. എന്നാൽ ബി.ജെ.പിയുടെ മസിലിന് മുമ്പിൽ പലരും നിശബ്ദമാവുകയാണ്. ഇനിയാണ് യഥാർഥ പോരാട്ടമെന്ന മഹുവയുടെ നിലപാടിന് പിന്നിൽ ഇൻഡ്യാ സഖ്യം ഒറ്റക്കെട്ടായി നിൽക്കുന്നുണ്ട്.
യു.എസിലെ മസാച്ചുസെറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് ഇരട്ടബിരുദം നേടിയ മഹുവ ബംഗാളി ഹിന്ദു ബ്രഹ്മണ കുടുംബാംഗമാണ്. ന്യൂയോർക്കിലും ലണ്ടനിലുമായി ജെ.പി മോർഗൻ ഇൻവെസ്റ്റ്മെന്റ് കമ്പനിയിലുള്ള ബാങ്കർ ജോലി രാജിവച്ച് 2009ൽ രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം യൂത്ത് കോൺഗ്രസിൽ സജീവമായാണ് മഹുവ രാഷ്ട്രീയം തുടങ്ങിയത്.
വൈകാതെ തൃണമൂൽ കോൺഗ്രസിൽ ചേർന്ന് 2016ൽ കരിംനഗറിൽ നിന്നുള്ള എം.എൽ.എയായി. അതിനു ശേഷമാണ് നടപ്പു ലോക്സഭയിൽ എം.പിയായി എത്തുന്നത്. ബി.ജെ.പിയുടെ രാഷ്ട്രീയ ഉപജാപങ്ങളിൽ മുറിവേറ്റു മടങ്ങുന്ന മഹുവ വരുംനാളുകളിൽ സംഹാര ശക്തിയായി ഫീനിക്സ് പക്ഷിയെപ്പോലെ ഉയർന്നു പറക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."