ബുര്‍ജ് ഖലീഫയില്‍ ആഗോള ഗോള്‍ഡ് കണ്‍വെന്‍ഷന്‍
സുസ്ഥിര സ്വര്‍ണ, ബുള്ള്യന്‍ വിപണികളുടെ ആഗോള കേന്ദ്രമായി യുഎഇ മാറുന്നു -പി.കെ സജിത് കുമാര്‍.
ദുബൈ: യുഎഇ സുസ്ഥിര സ്വര്‍ണ, ബുള്ള്യന്‍ വിപണികളുടെ ആഗോള കേന്ദ്രമായി ഉയര്‍ന്നു വരുന്നുവെന്ന് ഐബിഎംസി ഇന്റര്‍നാഷണല്‍ ഗ്രൂപ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ പി.കെ സജിത് കുമാര്‍ പറഞ്ഞു. ബുര്‍ജ് ഖലീഫ അര്‍മാനി ഹോട്ടലില്‍ സംഘടിപ്പിച്ച അഞ്ചാമത് ഗ്‌ളോബല്‍ ഗോള്‍ഡ് കണ്‍വെന്‍ഷനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറിലധികം രാജ്യങ്ങള്‍ പങ്കെടുത്ത ലോകത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് ഗോള്‍ഡ് മീറ്റായിരുന്നു ഇത്. 'സുസ്ഥിര സ്വര്‍ണ-ബുള്ള്യന്‍ വിപണികള്‍ക്കായുള്ള ആഗോള കേന്ദ്രം' എന്ന പ്രമേയത്തിലായിരുന്നു സമ്മേളനം. മന്ത്രിമാര്‍, നയതന്ത്രജ്ഞര്‍, റഗുലേറ്റര്‍മാര്‍, വ്യവസായ പ്രമുഖര്‍, ഖനി പ്രതിനിധികള്‍, റിഫൈനറികള്‍, ജ്വല്ലറികള്‍, ഇറക്കുമതി-കയറ്റുമതി കമ്പനികള്‍, ബാങ്കിംഗ്- ഇന്‍ഷുറന്‍സ്-ലോജിസ്റ്റിക്‌സ് കമ്പനികള്‍ പങ്കെടുത്തു. ലോകത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് കോണ്‍ഫറന്‍സാണിത്. 200ലധികം വ്യാപാര പ്രതിനിധികള്‍ എത്തി. യുഎഇ ആസ്ഥാനമായ ഫിനാന്‍ഷ്യല്‍ സര്‍വീസ് കണ്‍സള്‍ട്ടന്‍സിയും ഇമാര്‍ക്കറ്റ് പ്‌ളേസ് ട്രേഡ് ഫ്‌ളോ സര്‍വീസ് ദാതാക്കളായ ഐബിഎംസി ഇന്റര്‍നാഷണലും ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി യുഎഇയും (ഐസിസിയുഎഇ) ഫെഡറേഷന്‍ ഓഫ് യുഎഇ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സും ചേര്‍ന്നാണ് ഗ്‌ളോബല്‍ ഗോള്‍ഡ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. കോപ് 28 ഉച്ചകോടിക്ക് യുഎഇ ആതിഥ്യം വഹിക്കുന്നതിനോടനുബന്ധിച്ചാണ് സുസ്ഥിരത എന്ന തീം തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഐസിസി യുഎഇ) ചെയര്‍മാനും യുഎഇ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (യുഎഇ ചേംബേഴ്‌സ്) സെക്രട്ടറി ജനറലുമായ ഹുമൈദ് ബിന്‍ സാലം ഉദ്ഘാടനം ചെയ്തു. ശൈഖ് മുഹമ്മദ് ബിന്‍ അഹ്മദ് ബിന്‍ ഹമദാന്‍ അല്‍ നഹ്‌യാന്റെ ഓഫീസിലെ സിഇഒയും ജനറല്‍ മാനേജരുമായ അഹ്മദ് അല്‍ മിത്‌വാ അലി മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."