സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് വേണ്ട
തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ തീരുമാനം. അപേക്ഷാ ഫോറങ്ങള്‍ ലളിതമാക്കാനും അവ ഒരു പേജില്‍ പരിമിതപ്പെടുത്താനും നിര്‍ദേശിക്കും. ബിസിനസ്, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷാഫീസ് തുടരും.
പൗരന്മാര്‍ക്ക് വിവിധ സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കും. അപേക്ഷകളില്‍ അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങളും സുഗമമാക്കും.
ഒരിക്കല്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ മറ്റു സര്‍ക്കാര്‍ ഓഫിസുകളിലെ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. ഒരു പ്രത്യേക ഉദ്ദേശ്യത്തിനു മാത്രമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് ഇനി മുതല്‍ രേഖപ്പെടുത്തുകയില്ല. ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തണം എന്ന രീതി ഒഴിവാക്കി സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും.
ഇ.ഡബ്ല്യൂ.എസ് സാക്ഷ്യപ്പെടുത്തല്‍ സര്‍ട്ടിഫിക്കറ്റ്, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് നിയമപ്രകാരം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ നിലവിലുള്ള രീതി തുടരും.
സേവനങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി നിയമങ്ങളിലോ ചട്ടങ്ങളിലോ ആവശ്യമെങ്കില്‍ ഭേദഗതി വരുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷകന്റെ വിദ്യാഭ്യാസ രേഖയില്‍ ജാതി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് ജാതി സര്‍ട്ടിഫിക്കറ്റിന് പകരം അടിസ്ഥാനരേഖയായി പരിഗണിക്കും.
കേരളത്തില്‍ ജനിച്ചവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റോ അഞ്ചു വര്‍ഷം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചതിന്റെ രേഖയോ സത്യപ്രസ്താവനയോ ഉണ്ടെങ്കില്‍ അവരെ നേറ്റീവായി പരിഗണിക്കും.
മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റിന് പകരം ഭാര്യയുടെയും ഭര്‍ത്താവിന്റെയും ജാതി കൃത്യമായി രേഖപ്പെടുത്തിയ വിദ്യാഭ്യാസ രേഖയും സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നല്‍കിയിട്ടുള്ള വിവാഹ സര്‍ട്ടിഫിക്കറ്റും മതിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."