സര്‍ക്കാര്‍ പ്രഖ്യാപിച്ച തറവിലയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ തറവേല : സംഭരണം ഇടനിലക്കാരില്‍ നിന്ന് : കര്‍ഷകരും വിളകളും വേണ്ട
കോഴിക്കോട് : കര്‍ഷകരില്‍ നന്ന് പച്ചക്കറികള്‍ ന്യായവില നല്‍കി സംഭരിച്ച് ജനങ്ങള്‍ക്ക് കുറഞ്ഞ വിലക്ക് ലഭ്യമാക്കാനുള്ള ദൗത്യം നിര്‍വഹിക്കാതെ ഇടനിലക്കാരുമായി കൈകോര്‍ത്ത് സര്‍ക്കാര്‍ സ്ഥാപനമായ ഹോര്‍ട്ടികോര്‍പ്പ് . സര്‍ക്കാര്‍ നിശ്ചയിച്ച തറവിലയെ അടിസ്ഥാനമാക്കിയാണ് ഹോര്‍ട്ടികോര്‍പ്പ് കര്‍ഷകരില്‍ നിന്ന് പച്ചക്കറികള്‍ സംഭരിക്കേണ്ടത്. കര്‍ഷകര്‍ക്ക് ന്യായവില നല്‍കുകയും കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് പച്ചക്കറികള്‍ വില്‍ക്കുകയും വേണം. ഇത് മൂലമുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. വ്യവസ്ഥകള്‍ ഇങ്ങനെയായിരിക്കെയാണ് കര്‍ഷകരെ പരിഗണിക്കുക പോലും ചെയ്യാതെയുള്ള ഹോര്‍ട്ടികോര്‍പ്പിന്റെ ഒളിച്ചുകളി. രണ്ടു ദിവസം മുന്‍പ് മാഹാരാഷ്ട്രയില്‍ പ്രളയത്തിന്റെ പേരില്‍ സവാളക്ക് വില വന്‍തോതില്‍ വര്‍ധിപ്പിച്ചിരുന്നു. പൊതുവിപണിയില്‍ 30 രൂപയുണ്ടായിരുന്ന സവാളക്ക് ഹോട്ടികോര്‍പ്പ് 48 രൂപ 50 പൈസയാണ് ഈടാക്കിയത് വലിയ പരാതികള്‍ക്കിടയാക്കിയിരുന്നു.
കേരളത്തിലെ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്നതിന് പകരം തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും കര്‍ഷകരില്‍ നിന്ന് ഇടനിലക്കാര്‍ വാങ്ങുന്ന പച്ചക്കറികള്‍ കൂടിയ വില നല്‍കി വാങ്ങി അതിലും കൂടുതല്‍ വിലയ്ക്കാണ് ഹോര്‍ട്ടികോര്‍പ്പ ജനങ്ങള്‍ക്ക് വില്‍ക്കുന്നത്. സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് സംഭരിച്ചാലാകട്ടെ വില നല്‍കാന്‍ കാലതാമസവും വരുത്തുന്നു.കഴിഞ്ഞ ഓണത്തിന് പച്ചക്കറി നല്‍കിയ കര്‍ഷകരില്‍ 80 ശതമാനം പേര്‍ക്കും അവര്‍ക്ക് നല്‍കേണ്ട തുക ഇത് വരെയും നല്‍കിയിട്ടില്ല. ഹോര്‍ട്ടികോര്‍പ്പ് ഈടാക്കുന്ന അധികവിലയുടെ ഗുണഭോക്താക്കള്‍ ഇടനിലക്കാരാണ്.
ഇപ്പോള്‍ സംസ്ഥാനത്ത് ഏത്തവാഴയുടെ വിളവെടുപ്പ് കാലമാണ്. ഒരു കിലോ പച്ച ഏത്തയ്ക്കാ 24 രൂപയാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ വന്‍കിട വാഴത്തോട്ട ഉടമകളില്‍ നിന്നാണ് ഇടനിലക്കാര്‍ മുഖേന ഹോര്‍ട്ടികോര്‍പ്പ് ഏത്തയ്ക്കാ സംഭരിക്കുന്നത്. ഇത് മൂലം സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് കിട്ടേണ്ട ആനുകൂല്യവും പിന്തുണയും നിഷേധിക്കപ്പെടുന്നു.
സംസ്ഥാനത്തെ കര്‍ഷകരെ നോക്കുകുത്തികളാക്കി ഉദ്യോഗസ്ഥരും ഇടനിലക്കാരും നേട്ടമുണ്ടാകുന്നത് സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ ഉള്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് കര്‍ഷക കോണ്‍ഗ്രസ് നേതാവ് എബി ഐപ് കൃഷി മന്ത്രി പി . പ്രസാദിന് നിവേദനം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."