35 സംസ്ഥാനങ്ങളെന്ന പരാമര്‍ശം: മനുഷ്യസഹജമായ പിഴവെന്ന് വി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ എണ്ണം പറഞ്ഞപ്പോഴുണ്ടായ അബദ്ധത്തില്‍ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ആര്‍ക്കും സംഭവിക്കാവുന്ന നാവ് പിഴവെന്നും ആക്ഷേപിക്കുന്നവര്‍ക്ക് ആശ്വാസം കിട്ടുമെങ്കില്‍ പരിഹാസം തുടരട്ടേയെന്നും അദേഹം പറഞ്ഞു.
നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ചതില്‍ വാശിയും വൈരാഗ്യവുമുള്ളവരാണ് പ്രചാരണത്തിന് പിന്നില്‍. ആക്ഷേപിക്കുന്നവര്‍ക്ക് സന്തോഷം കിട്ടുന്നെങ്കില്‍ സന്തോഷിക്കട്ടെ. ആക്ഷേപങ്ങള്‍ക്ക് മറുപടി പറഞ്ഞ് സമയം കളയുന്നില്ലെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതിന് വേണ്ടിയുള്ള പിന്തുണ ശക്തമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാര്‍ഗരേഖ വന്നതോടെ ആശങ്ക മാറി. കേരളമാണ് ഇത്രയധികം മുന്നൊരുക്കം നടത്തിയ സ്‌കൂള്‍ തുറക്കുന്ന ആദ്യത്തെ സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ സ്‌കൂള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ വിശദീകരിക്കന്നതിനിടെയാണ് വിദ്യാഭ്യാസമന്ത്രിക്ക് നാക്കുപിഴച്ചത്. സ്‌കൂള്‍ തുറന്ന സംസ്ഥാനങ്ങളുടെ എണ്ണം 35 എന്നാണ് ശിവന്‍കുട്ടി പറഞ്ഞത്. പിന്നീട് ഇത് ഉദ്യോഗസ്ഥരോട് ചോദിച്ച് മന്ത്രി തിരുത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ മന്ത്രിയുടെ വാക്കുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ട്രോള്‍ മഴയായി മാറി. മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളുടേയും പട്ടിക നല്‍കിക്കൊണ്ടാണ് ശിവന്‍കുട്ടിയെ പരിഹസിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."